സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വിളംബരമായി വനിതാ ദിനാഘോഷം
Mail This Article
കൊച്ചി∙ രാജ്യാന്തര വനിതാ ദിനത്തിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ്, തൃക്കാക്കര സബ്ഡിവിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിമന്‍സ് ഡേ ആഘോഷം സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വിളംബരമായി. രാത്രി നടത്തവും കലാ-കായിക പരിപാടികളും ഉള്‍പ്പെടുത്തി മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിപാടി മാര്‍ച്ച് 10നാണ് സമാപിച്ചത്.
വനിതാദിനമായ മാര്‍ച്ച് 8ന് ആരംഭിച്ച പരിപാടിയില്‍ വന്‍ വനിതാ പങ്കാളിത്തമാണ് ഉണ്ടായത്. ‘Gender Equality For Sustainable Tomorrow’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പരിപാടിയ്ക്ക് സ്ത്രീസുരക്ഷയുടെയും സ്വാതന്ത്ര്യത്തിന്റെയും സന്ദേശം പകര്‍ന്നുനല്‍കാനായി. ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് വേയില്‍ ഈസ്റ്റ് ഗേറ്റ് മുതല്‍ സൗത്ത് ഗേറ്റ് വരെയുള്ള റോഡിന്റെ ഇടതുഭാഗം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രം സഞ്ചരിക്കാനായി പരിമിതപ്പെടുത്തിയിരുന്നു. മാര്‍ച്ച് പത്തിന് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന് മുന്‍വശം നടന്ന സമാപന പരിപാടിയില്‍ സെൽഫ് ഡിഫെൻസ് ക്ലാസ്സും പാണ്ഡവാസ് മ്യൂസിക് ബാന്‍ഡിന്റെയും പോലീസ് ബാൻഡിന്റെയും ഗാനമേളയും കൊച്ചിന്‍ ബിസിനസ് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബും സ്ത്രീകളുടെ വടംവലി മത്സരവും പരിപാടിയുടെ ഭാഗമായി നടത്തി.വിവിധ മേഖലകളിലുള്ള വനിതകളെ ആദരിച്ചു.
സമാപന ദിവസം വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജ് ചക്കിലത്ത് ഐ.പി.എസ്, ഡെപ്യൂട്ടി കമ്മീഷണര്‍ കുര്യാക്കോസ് വി.യു, തൃക്കാക്കര അസ്സിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് ബേബി, ഇന്‍ഫോപാര്‍ക്ക് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മനു പി. മേനോന്‍, സിനിമ ആര്‍ട്ടിസ്റ്റുകളായ ഋതു മന്ത്ര, ധന്യ, ടി.സി.എസ് ട്രെയ്നിങ് എച്ച്.ഒ.ഡി റീജ ജോര്‍ജ്, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.