കിടപ്പുമുറി ഒരുക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Mail This Article
ഒരു ദിവസം ആരംഭിക്കുന്നത് ഉറക്കത്തിൽ നിന്നാണ് എന്ന് പറയുന്നതാവും ശരി . ഉണർന്നെണീക്കുമ്പോൾ ആ ദിവസത്തേക്കുള്ള ഊർജവും ഉന്മേഷവും ലഭിക്കണമെങ്കിൽ നമ്മൾ കിടന്ന് ഉറങ്ങുന്ന മുറിയിൽ ആവശ്യത്തിന് പ്രാണവായു ഉണ്ടാവണം. അതിൽ തന്നെ വീട്ടിലെ പ്രധാന കിടപ്പുമുറിയുടെ കാര്യത്തിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം.
പ്രധാന കിടപ്പുമുറി അല്ലങ്കിൽ മാസ്റ്റർ ബെഡ്റൂമിന്റെ സ്ഥാനം വീടിന്റെ തെക്ക് പടിഞ്ഞാറേ മൂലയിൽ ആയിരിക്കണം . തെക്ക് നിന്നോ അല്ലങ്കിൽ പടിഞ്ഞാറ് നിന്നോ എത്തുന്ന കാറ്റ് മുറിക്കുള്ളിൽ കൂടി കിഴക്കോട്ടോ വടക്കോട്ടോ പോകുന്ന രീതിയിൽ ആവണം ജനാലകളുടെയും വാതിലിന്റെയും സ്ഥാനം നിശ്ചയിക്കുവാൻ. പ്രധാന കിടപ്പുമുറി ഗൃഹനാഥൻ അല്ലങ്കിൽ കുടുംബത്തിലെ മൂത്ത പുത്രൻ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
പണം, ആഭരങ്ങൾ, വിലപിടിപ്പുള്ള രേഖകൾ ഒക്കെ സൂക്ഷിക്കേണ്ട സ്ഥാനം പ്രധാന മുറിയുടെ തെക്കു പടിഞ്ഞാറേ കോണിൽ ആവണം . അതിനാൽ അലമാര മുറിയുടെ തെക്ക് പടിഞ്ഞാറേ കോണിൽ വടക്കോട്ടു തുറക്കുന്ന രീതിയിൽ സ്ഥാപിക്കണം.
കിടക്കുമ്പോൾ കിഴക്കോട്ടോ തെക്കോട്ടോ തല വെച്ച് ഉറങ്ങുന്നതാണ് നല്ലത് . ഉണർന്നു കഴിഞ്ഞു വലത്തോട്ട് തിരിഞ്ഞു സൂര്യന് അഭിമുഖമായി വരുവാനാണ് ഈ ദിക്കുകളിലേക്ക് തലവെച്ചു ഉറങ്ങണം എന്ന് പറയുന്നത്.
മുറിക്കുള്ളിൽ കണ്ണാടി തെക്കോട്ടോ പടിഞ്ഞാറോട്ടോ അഭിമുഖമായി വയ്ക്കരുത് കൂടാതെ കട്ടിലിന്റെ പ്രതിബിംബം കണ്ണാടിയിലോ ടി വി സ്‌ക്രീനിലോ വരാത്ത രീതിയിൽ ക്രമീകരിക്കണം.
English Summary : Bedroom Arrangement as per Vasthu