തേച്ചുകുളി ഈ ദിവസങ്ങളിൽ പാടില്ല , കാരണം

Mail This Article
ദിവസവും കുളിക്കണം എന്നു മലയാളികളോട് ആരും പറയേണ്ട കാര്യമില്ല. ദിവസവും രണ്ടു നേരം കുളിക്കണം എന്നതു പണ്ട് ആചാരം തന്നെയായിരുന്നു. രാവിലെയും വൈകുന്നേരവും കുളിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു. ശരീരശുചിത്വത്തിന്റെ കാര്യത്തിൽ അത്രയേറെ നിഷ്ഠയുള്ളവരായിരുന്നു പഴമക്കാർ. കുളിക്കുന്നതിലൂടെ ശരീരശുചിത്വം മാത്രമല്ല മനസ്സിന്റെ ശുചിത്വവും ലഭിക്കുന്നു എന്നു പഴമക്കാർ നമ്മെ ഓർമിപ്പിക്കുന്നു.
‘ദിനേന സ്നാനമാചരേത്...’ (ദിവസവും കുളിക്കണം) എന്ന് ആഹ്വാനം ചെയ്യുന്ന നമ്മുടെ പുരാണങ്ങളിൽ സ്നാനവിധികൾ വിശദമായിത്തന്നെ പറയുന്നുണ്ട്. എങ്ങനെ കുളിക്കണം എന്നു പോലും പുരാണങ്ങളിൽ പറയുന്നു. ദേവീഭാഗവതത്തിലും ശൗചവിധിവർണനം എന്ന പേരിൽ ഒരു അധ്യായം തന്നെയുണ്ട്. ദിവസവും കുളിക്കുന്നതു രോഗങ്ങൾ വരുന്നതു തടയാൻ സഹായകമാണെന്ന് ആയുർവേദവും പറയുന്നു.
എണ്ണ തേച്ചു കുളി പകൽ മാത്രം
ദിവസവും രണ്ടു തവണ കുളിക്കണം എന്നു പറയുമെങ്കിലും ദിവസവും എണ്ണ തേച്ചു കുളിക്കണം എന്നു പഴമക്കാർ പറയുന്നില്ല. മാത്രമല്ല, പകൽ മാത്രമേ എണ്ണ തേച്ചു കുളിക്കാവൂ എന്നു നിർബന്ധവുമുണ്ട്. പുരുഷന്മാർക്കു തിങ്കൾ, ബുധൻ, ശനി ദിവസങ്ങളും സ്ത്രീകൾക്കു ചൊവ്വ, വെള്ളി ദിവസങ്ങളുമാണ് അഭ്യംഗസ്നാനത്തിന് അഥവാ എണ്ണതേച്ചുകുളിക്കു നല്ലത് എന്നു ജ്യോതിഷഗ്രന്ഥങ്ങളിൽ പറയുന്നു. പിറന്നാൾ ദിവസങ്ങളിൽ എണ്ണ തേച്ചു കുളിക്കരുത് എന്നാണ് ആചാരം. ഓരോ മാസത്തെയും ജന്മനക്ഷത്രദിവസവും അനുജന്മനക്ഷത്രം (ജന്മനക്ഷത്രത്തിന്റെ പത്താമത്തെയും പത്തൊൻപതാമത്തെയും നക്ഷത്രം) വരുന്ന ദിവസങ്ങളിലും എണ്ണതേച്ചു കുളി പാടില്ല എന്നും ആചാരമുണ്ട്.
English Summary : Days to Avoid Oil Bath