ADVERTISEMENT

ഹൈന്ദവ വിവാഹങ്ങൾക്ക് വിവാഹമുഹൂർത്തം ഒരു പ്രധാന ഘടകമാണ്. പ്രധാന മുഹൂർത്ത നിയമങ്ങൾ ഏതൊക്കെ എന്ന് നോക്കാം. വരൻ, വധു എന്നിവർ ജനിച്ച നക്ഷത്രത്തിന്റെ 3.5.7 നക്ഷത്രങ്ങളിൽ വിവാഹം പാടില്ല. അവരുടെ വേധനക്ഷത്രം വരുന്ന ദിവസവും വിവാഹം പാടില്ല. (അനുജന്മനക്ഷത്രങ്ങളിലും പാടില്ല.) ഓരോ നക്ഷത്രത്തിന്റേയും വേധ നക്ഷത്രങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.

അശ്വതി x തൃക്കേട്ട, ഭരണി x അനിഴം, കാർത്തിക x അവിട്ടം, തിരുവാതിര x തിരുവോണം, പുണർതം x ഉത്രാടം, പൂയം x പൂരാടം, ആയില്യം x മൂലം, മകം x രേവതി, പൂരം x ഉത്തൃട്ടാതി, ഉത്രം x പൂരുരുട്ടാതി, അത്തം x ചതയം.

 

വരന്റെ ജന്മനാൾ വരുന്ന ദിവസം വിവാഹമുഹൂർത്തം എടുക്കരുത്. വധൂവരന്മാർ ജനിച്ച മലയാള മാസത്തിൽ വിവാഹം പാടില്ല. എന്നാൽ വധുവിന്റെ ജന്മനക്ഷത്രം വരുന്ന ദിവസം വിവാഹത്തിന് ഉത്തമം. വിവാഹത്തിന് വധുവരന്മാരുടെ ജന്മരാശിയുടെ 8–ൽ ചന്ദ്രൻ, അതായത് അഷ്ടമരാശികൾ ശുഭകരമല്ല. ഉദാഹരണം: ഉത്തൃട്ടാതി നക്ഷത്രജാതന്റെ (മീനക്കൂർ) വിവാഹത്തിന് (ചിത്തിര പകുതി, ചോതി, വിശാഖം മുക്കാൽ) വരുന്ന തുലാക്കൂറ് അനുകൂലമല്ല.

 

വിവാഹം നടത്താൻ അനുയോജ്യമായ ഉത്തമ നക്ഷത്രങ്ങൾ

രോഹിണി, മകയിരം, മകം, ഉത്രം, അത്തം, ചോതി, അനിഴം, മൂലം, ഉത്തൃട്ടാതി, രേവതി എന്നീ നാളുകൾ വരുന്ന ദിവസം ഉത്തമമാണ്. മദ്ധ്യമമായി പുണർതം, പൂയം, തിരുവോണം എടുക്കാം എന്ന് പറയുന്ന ജ്യോതിഷന്മാരും ഉണ്ട്. മറ്റ് ചിലർ ചിത്തിരയും അവിട്ടവും കൂടി എടുക്കാം എന്ന് പറയുന്നു. എന്തായാലും അശ്വതി, ഭരണി, കാർത്തിക, തിരുവാതിര, ആയില്യം, പൂരം, വിശാഖം, തൃക്കേട്ട, പൂരാടം, ചതയം, പൂരുരുട്ടാതി എന്നീ നാളുകൾ പാടില്ല എന്ന് പൊതുവായി സമ്മതിക്കുന്നു.

 

തിഥികൾ പ്രതികൂലമായവ: എല്ലാ മലയാള മാസത്തിലേയും രണ്ട് നവമികൾ, രണ്ട് ചതുർഥി, അമാവാസി, വെളുത്തപക്ഷ അഷ്ടമി, കറുത്തവാവ് കഴിഞ്ഞ് വരുന്ന പ്രഥമ (വെളുത്തപക്ഷ പ്രഥമ), വെളുത്തപക്ഷ ഏകാദശിയുടെ അവസാനഭാഗം, കറുത്തപക്ഷ സപ്തമിയുടെ ആരംഭം, കൃഷ്ണപക്ഷ ത്രിഥീയയുടെ അവസാനം എന്നിവയും വിവാഹമുഹൂർത്തത്തിന് അനുയോജ്യമല്ല എന്നാണ് പ്രമാണം.

 

മുഹൂർത്തരാശിയുടെ (മുഹൂർത്ത ലഗ്നം) 8–ൽ ചൊവ്വ, രാഹു (ശനി) എന്നീ ഗ്രഹങ്ങൾ പാടില്ല. മുഹൂർത്ത രാശിയുടെ 7–ാം രാശിയിൽ ശുഭനോ പാപനോ ആയ ഒരു ഗ്രഹവും വരാന്‍ പാടില്ല. ഈ പ്രമാണം കൃത്യമായി പാലിക്കേണ്ടതാണ്. മംഗല്യരാശിയുടെ 7ലും 8ലും വരുന്ന പാപ–ശുഭ ഗ്രഹയോഗങ്ങൾ വിവാഹജീവിതത്തിന്റെ ഭാവി സുഗമമാക്കുന്നതിൽ തടസ്സം സൃഷ്ടിക്കും. മുഹൂർത്ത രാശിയുടെ 6–8–12 ൽ വ്യാഴവും ശുക്രനും വരുന്നത് ദോഷമാണ് എന്ന് ചിന്തിക്കുന്ന ജ്യോതിഷന്മാരും ഉണ്ട്. എന്തായാലും മുഹൂർത്ത രാശിയുടെ 6–8–12 ൽ വ്യാഴം വരുന്നത് നന്നല്ല. ദൈവാധീനം ഇല്ല എന്ന് പറയുന്നു.

 

വിവാഹ രാശിയായി (മുഹൂർത്ത ലഗ്നരാശി) ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, ധനു, കുംഭം എന്നീ രാശികൾ വന്നാൽ ശുഭകരമാണ്. അതിൽ ഇടവം, ചിങ്ങം, കുംഭം അത്യുത്തമം (സ്ഥിരരാശിയിൽ നടത്തുന്ന കർമ്മങ്ങൾക്ക് സ്ഥിരത ലഭിക്കും എന്ന് വിശ്വാസം). മേടം, വൃശ്ചികം എന്നീ ചൊവ്വയുടെ രാശികൾ ഒരു കാരണവശാലും മുഹൂർത്തം ആയി നിശ്ചയിക്കാതിരിക്കുന്നതാണ് നല്ലത്.

 

മലയാള മാസങ്ങൾ ആയ കർക്കടകം, കന്നി, ധനു, കുംഭം എന്നീ മാസങ്ങൾ വിവാഹത്തിന് ശുഭകരമല്ല. മീനമാസം 15 മുതൽ 31 വരെയും വിവാഹത്തിന് അനുകൂലമല്ല. വിവാഹ മുഹൂർത്ത രാശിയിൽ സൂര്യൻ, ചന്ദ്രൻ എന്നീ ഗ്രഹങ്ങൾ വരുന്നതും നല്ലതല്ല, വിശേഷിച്ച് ചന്ദ്രൻ. മുഹൂർത്ത നിയമ പ്രകാരം ആഴ്ചകൾ പരിഗണിക്കേണ്ടതില്ല എന്നാണ് പൊതു അഭിപ്രായം. എന്നാൽ ചൊവ്വ, ശനി, ഞായർ എന്നീ ആഴ്ചകൾ ഒഴിവാക്കാൻ നിർദേശിക്കുന്ന ജ്യോത്സ്യന്മാർ ഉണ്ട്.

 

ഇതിൽ ഞായറാഴ്ച പൊതുവിൽ സ്വീകരിച്ചുവരുന്നു. വിവാഹം സ്ത്രീ പ്രധാന കർമ്മമായതിനാൽ സ്ത്രീയുടെ (വധു) നക്ഷത്രപ്രകാരമാണ് മുഹൂർത്ത നിർണ്ണയം നടത്തേണ്ടത്.

 

വിവാഹം വേഗത്തിൽ നടത്തേണ്ടത് അനിവാര്യമായി വരുന്ന അവസരത്തിൽ മുഹൂർത്ത നിയമപ്രകാരം മുഹൂർത്തം ലഭ്യമല്ലാതെ വന്നാൽ പൊതുവിൽ സ്വീകരിക്കുന്ന മുഹൂർത്തമാണ് അഭിജിത്ത് മുഹൂർത്തം. ദിനമദ്ധ്യത്തിലെ രണ്ട് നാഴികയാണ് അഭിജിത്ത് മുഹൂർത്തം. ഏകദേശം 48 മിനിറ്റ് സമയം. ഈ 48 മിനിറ്റിനെ രണ്ടാക്കി ഭാഗിച്ച് നടുഭാഗത്തെ 4 മിനിറ്റ് ഒഴിവാക്കി കിട്ടുന്ന ആദ്യ 22 മിനിറ്റോ രണ്ടാമത്തെ 22 മിനിറ്റോ എടുക്കാം. ശരാശരി രാവിലെ 11.30 നും ഉച്ചയ്ക്ക് 12.45 നും ഇടയ്ക്ക് അതാത്  ദിവസത്തെ സൂര്യോദയപ്രകാരം ആകും ഈ മുഹൂർത്തം നിശ്ചയിക്കുന്നത്.

 

ഇതുകൂടാതെ വ്യാഴം, ശുക്രൻ, ബുധൻ, ചന്ദ്രൻ എന്നീ ഗ്രഹങ്ങളുടെ കാലഹോര സമയവും വിവാഹമുഹൂർത്തത്തിന് ഉത്തമമാണ്.

 

വിവാഹ ചടങ്ങുകൾ വധുവിന്റെ ഗൃഹത്തിലോ, ക്ഷേത്ര സന്നിധിയിലോ നടത്തുന്നത് ഉത്തമം. എന്നാൽ കാലഗതിയുടെ മാറ്റത്താൽ ഇപ്പോൾ ആധുനിക വിവാഹമണ്ഡപങ്ങളിൽ ആണ് വിവാഹം നടത്തുന്നത്. വരന് സ്വീകരണം, വധുവിന്റെ വിവാഹമണ്ഡപത്തിലേയ്ക്ക് ഉള്ള പുറപ്പെടൽ, വിവാഹം കഴിഞ്ഞ് മണ്ഡപത്തിൽ നിന്ന് വരന്റെ ഗൃഹത്തിലേക്ക് ഉള്ള പുറപ്പെടൽ, വരന്റെ ഗൃഹത്തിലെ ദമ്പതികളുടെ ഗൃഹപ്രവേശം എന്നിവ അനുബന്ധ മുഹൂർത്തമായി നിശ്ചയിക്കാറുണ്ട്. ഗൃഹപ്രവേശന സമയത്ത് മുഹൂർത്ത രാശിയുടെ 4–ൽ (ഗുളികൻ, ശനി, രാഹു, ചൊവ്വ) എന്നീ പാപഗ്രഹങ്ങൾ വരുന്നത് നല്ലതല്ല. മനുഷ്യരാശിയുടെ നിലനിൽപുമായി ബന്ധപ്പെട്ടതും, പൗരസ്ത്യരാജ്യങ്ങളിലെ കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തെ ഊട്ടി ഉറപ്പിക്കുന്ന ഒരു ചടങ്ങ് എന്ന രീതിയിൽ വിവാഹകർമ്മം ആദരവോടെയും ശാന്തമായിട്ടും, ആഘോഷമായിട്ടും നടത്തുക. നല്ല മുഹൂർത്തത്തിൽ വിവാഹം നടത്തിയാൽ ദീർഘദാമ്പത്യസൗഖ്യം ഉണ്ടാകും എന്ന് വിശ്വസിച്ച് പോരുന്നു.

 

ലേഖകൻ

ആർ. സഞ്ജീവ്കുമാർ പി.ജി.എ.

ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ

ലുലു അപ്പാർട്മെന്റ്, തൈക്കാട് പി.ഒ.

തിരുവനന്തപുരം 695014

ഫോൺ: 8078908087, 9526480571

E-mail: jyothisgems@gmail.com

Content Summary : Significance of Marriage Muhurtham

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com