ADVERTISEMENT

ഗുരുവായൂരപ്പൻ ആനകളുടെ കളിത്തോഴനെന്നാണ് ഭക്തജന വിശ്വാസം. ആനയില്ലാത്ത ഗുരുവായൂരിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. ക്ഷേത്രത്തിൽ കാലത്തും വൈകിട്ടും രാത്രിയും ശീവേലിയും വിളക്കെഴുന്നള്ളിപ്പും ആനപ്പുറത്താണ്. എന്നാൽ ഗുരുവായൂരിൽ പണ്ട് ആനയില്ലാത്തൊരു കാലമുണ്ടായിരുന്നത്രെ. അന്ന് ഗുരുവായൂർ, തൃക്കണാമതിലകം ക്ഷേത്രത്തിന്റെ കീഴേടമായിരുന്നു. ഉത്സവത്തിന് ആനകൾ എത്തിയിരുന്നത് അവിടെ നിന്നായിരുന്നു. ഒരു കൊല്ലം ആനകൾ എത്തിയില്ല. ഭരണാധികാരികൾ തമ്മിലുള്ള കുടിപ്പക തന്നെ കാരണം. ഉത്സവം കൊടിയേറ്റ ദിവസം രാവിലെ ആനയില്ലാതെ ശീവേലി നടത്തേണ്ടിവന്നു. 

 

ഉച്ചകഴിഞ്ഞതോടെ തൃക്കണാമതിലകത്തുനിന്ന് കുടമണികൾ കിലുക്കി ആനകൾ ക്ഷേത്രത്തിലേക്ക് ഓടിയെത്തി യെന്നാണ് ഐതിഹ്യം. ഉത്സവം കൊടിയേറ്റ ദിവസം രാവിലെ ആനയില്ലാശീവേലിയും ഉച്ചകഴിഞ്ഞ് ആനയോട്ടവും ഈ ഐതിഹ്യത്തെ ഓർമിപ്പിക്കുന്ന ചടങ്ങുകളാണ്. ദേവസ്വത്തിൽ ഇപ്പോൾ 41 ആനകളുണ്ട്. 35 കൊമ്പന്മാരും 5 പിടിയാനകളും ഒരു മോഴയും. 20 കൊല്ലം മുൻപ് 66 ആനകൾ ഉണ്ടായിരുന്നു. ഒന്നിനെപ്പോലും പണം കൊടുത്ത് വാങ്ങിയതല്ല. എല്ലാം ഭക്തർ നടയിരുത്തിയതാണ്. 

 

ആനകളെ കെട്ടിയിരുന്നത് സാമൂതിരി കോവിലകം പറമ്പിലാണ് – നിലവിൽ ശ്രീവത്സം ഗെസ്റ്റ് ഹൗസ് നിൽക്കുന്ന സ്ഥലത്ത്. ആനകളുടെ എണ്ണം 26 ആയപ്പോൾ പുതിയ ആനത്താവളം കണ്ടെത്താൻ ദേവസ്വം തീരുമാനിച്ചു. 3 കിലോമീറ്റർ അകലെ പുന്നത്തൂർ രാജസ്വരൂപത്തിന്റെ ആസ്ഥാനമായ കോവിലകവും 9.75 ഏക്കർ പറമ്പും 1.60 ലക്ഷം രൂപയ്ക്ക് വാങ്ങി. 1975 ജൂൺ 26ന് ഗജരാജൻ ഗുരുവായൂർ കേശവന്റെ നേതൃത്വത്തിൽ 21 ആനകളുടെ ഘോഷയാത്ര ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട് പുന്നത്തൂർ കോട്ടയിലെത്തി ‘ഗൃഹപ്രവേശം’ നടത്തി. 

 

നാട്ടാന പരിപാലന നിയമം വന്നതോടെ 15 വർഷമായി ആനയെ നടയിരുത്താൻ കഴിയുന്നില്ല. അതിനാൽ ആനകളുടെ എണ്ണം കുറഞ്ഞുവരികയാണ്.  ഇപ്പോൾ പ്രതീകാത്മക നടയിരുത്തലാണ് നടക്കുന്നത്. 10 ലക്ഷം രൂപ ദേവസ്വത്തിൽ അടച്ച് ദേവസ്വത്തിന്റെ തന്നെ ആനയെ ഭക്തർക്ക് നടയിരുത്താം. ക്ഷേത്രത്തിൽ രാവിലത്തെ ശീവേലി കഴിഞ്ഞാണ് ചടങ്ങ്. കുളിച്ച് കുറിയിട്ട് എത്തുന്ന ആനയെ കൊടിമരത്തിന് സമീപം വെള്ളയും കരിമ്പടവും വിരിച്ച് സ്വീകരിച്ചിരുത്തും. മേൽശാന്തി തീർഥം തളിച്ച് ആനയുടെ ചെവിയിൽ 3 വട്ടം പേര് വിളിക്കും. ആനകളുടെ ചരിത്രത്തിൽ പ്രശസ്തരായ 2 കൊമ്പന്മാരാണ് ഗജരാജൻ ഗുരുവായൂർ കേശവനും ഗജരത്നം പത്മനാഭനും. ഇരുവരുടെയും സ്മരണയ്ക്ക് പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. അനുസ്മരണച്ചടങ്ങുമുണ്ട്. ക്ഷേത്രം വാതിൽമാടത്തിന് മുന്നിലെ മുഖപ്പിൽ കേശവന്റെ കൊമ്പുകൾ ഭക്തർക്ക് കാണാവുന്നവിധം സൂക്ഷിച്ചിട്ടുണ്ട്.

 

Content Summary: Offering Elephant to the God, Nadayiruthal in Guruvayur Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com