ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സിംഹാരൂഢയായ, സർവായുധപാണിയും സൂര്യകോടിസമപ്രഭയുമായ മഹാദുർഗ ഹിന്ദുവിശ്വാസമനുസരിച്ച് ശക്തിയുടെയും ശൗര്യത്തിന്റെയും പ്രതീകമാണ്; അതേസമയംതന്നെ കരുണാമയിയും സർവസിദ്ധിപ്രദായിനിയും. ദുഷ്ടനിഗ്രഹം നടത്തിയ ദേവിയെ ആരാധിക്കുന്ന ഉൽ‌സവമായാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നവരാത്രി ആഘോഷിക്കുന്നത്. ദക്ഷിണേന്ത്യയിൽ വിദ്യാരംഭത്തിനുള്ള ശുഭമുഹൂർത്തമായും ആയുധാപൂജാ വേളയായും നവരാത്രി കൊണ്ടാടുന്നു. ഒരു മതാനുഷ്ഠാനം എന്നതിനപ്പുറം സാംസ്കാരിക പ്രസക്തി കൂടിയുള്ള ആഘോഷമാണ് നവരാത്രി. സ്ത്രീത്വത്തിന്റെ പല ഭാവങ്ങളെ ദേവീസങ്കൽപത്തിൽ ആരാധിക്കുന്ന, അറിവിന്റെയും തൊഴിലിന്റെയും മഹത്വമോർപ്പിക്കുന്ന മഹോൽസവം.

ഐതിഹ്യം

മൂന്നു ലോകങ്ങളും കീഴടക്കിയ മഹിഷാസുരന്റെ പരാക്രമത്താൽ വലഞ്ഞ ദേവന്മാർ ത്രിമൂർത്തികളെ ശരണം പ്രാപിച്ചു. ദേവകൾക്കും പുരുഷന്മാർക്കും അവധ്യനെന്ന് ബ്രഹ്മാവിൽനിന്നു വരം വാങ്ങിയിരുന്ന മഹിഷനെ നിഗ്രഹിക്കാൻ ഒരു സ്ത്രീക്കു മാത്രമേ കഴിയൂ എന്ന് ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ അരുളപ്പാടുണ്ടായി. അതിനായി ത്രിമൂർത്തികളുടെയും മറ്റു ദേവന്മാരുടെയും ദിവ്യാംശങ്ങൾ ചേർന്നുരുവമെടുത്ത ശക്തിസ്വരൂപിണിയാണ് ദുർഗ. ജ്വലിക്കുന്ന തേജസ്സും പ്രപഞ്ചത്തിന്റെ സകല വീര്യവുമുള്ള, ആയിരം കൈകളിൽ ദിവ്യായുധങ്ങൾ ധരിച്ച, സിംഹാരൂഢയായ മഹാദേവി, ചെറുചെടികളെ കാട്ടുതീയെന്നപോലെ അസുരസൈന്യത്തെ നശിപ്പിച്ചു. പത്തുദിനം നീണ്ട ഉഗ്രയുദ്ധത്തിനൊടുവിൽ ചക്രായുധത്താൽ മഹിഷന്റെ ശിരച്ഛേദം ചെയ്തു. ആസുരതയെ നശിപ്പിച്ച് ദുർഗ വിജയം നേടിയത് ഒരു വിജയദശമി ദിനത്തിലായിരുന്നെന്നും അതിന്റെ ഓർമയിലാണ് വിജയദശമി ആഘോഷിക്കുന്നതെന്നും ഒരു ഐതിഹ്യമുണ്ട്. 

ഭാരതമെങ്ങും പല പേരുകളിൽ ആഘോഷിക്കുന്ന വിജയദശമിയുടെ ഉൽപത്തിയെപ്പറ്റി ഐതിഹ്യങ്ങൾ ഇനിയുമുണ്ടെങ്കിലും ആ ആഘോഷത്തിന്റെ സത്ത എല്ലായിടവും ഒന്നുതന്നെ– തിന്മയ്ക്കുമേൽ നന്മയുടെ വിജയം, ഇരുട്ടിനുമേൽ പ്രകാശമുദിച്ചതിന്റെ ആഘോഷം.

കന്നിമാസത്തിലെ വെളുത്ത പക്ഷത്തിന്റെ പ്രഥമ ദിനം മുതലുള്ള ഒൻപതു ദിവസമാണ് നവരാത്രി ആഘോഷിക്കുന്നത്. പത്താംദിനം വിജയദശമിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പല പേരുകളിലാണ് ഈ ആഘോഷം നടക്കുന്നത്. കേരളത്തിൽ വിദ്യാരംഭത്തിനുള്ള ശുഭമുഹൂർത്തമായും തമിഴ്നാട്ടിൽ ആയുധപൂജാവേളയായും നവരാത്രി കൊണ്ടാടുന്നു. തമിഴ് ബ്രാഹ്മണർക്കു വളരെ പ്രധാനപ്പെട്ട ആഘോഷമാണ് നവരാത്രിക്ക് ബൊമ്മക്കൊലു ഒരുക്കുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ബൊമ്മക്കൊലു ആഘോഷം. കേരളത്തിന്റെ ചില ഭാഗങ്ങളിലും ഇതുണ്ട്. ദേവീദേവന്മാരുടെയും പുരാണ കഥാപാത്രങ്ങളുടെയും മുതൽ ഇക്കാലത്തെ പ്രശസ്തരുടെ വരെ ചെറുപ്രതിമകൾ തട്ടുതട്ടായി നിരത്തിവച്ച് അലങ്കരിക്കുന്ന കൊലു നവരാത്രിക്കാലത്തെ അതിമനോഹരമായ കാഴ്ചയാണ്. 

കർണാടകയിൽ ദസറ എന്ന പേരിലാണ് നവരാത്രി ആഘോഷിക്കപ്പെടുന്നത്. ശ്രീരാമൻ രാവണനിഗ്രഹം നടത്തിയതിന്റെ ഓർമയാണ് ഇതെന്നാണ് ഐതിഹ്യം. ഉത്തരേന്ത്യയിലെ നവരാത്രി ആഘോഷമായ രാമലീലയും ശ്രീരാമവിജയത്തിന്റെ സ്മൃതിയുണർത്തുന്നു. ബംഗാളിന്റെ സാംസ്കാരിക ജീവിതത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ദുർഗപൂജ എന്നറിയപ്പെടുന്ന നവരാത്രി ആഘോഷം. മഹിഷാസുര വധമാണ് ദുർഗാപൂജയുടെ ഐതിഹ്യം.

∙ പ്രാർഥനയുടെ ഒൻപതു ദിനങ്ങൾ

മലയാളികൾക്കു വിദ്യാരംഭത്തിനുള്ള ശുഭവേളയാണ് വിജയദശമി. ഒൻപതു ദിവസം വ്രതാനുഷ്ഠാനങ്ങളോടെ ദേവിയെ ഭജിച്ച് പത്താംനാൾ വിദ്യാരംഭം കുറിക്കും. എന്തു കാര്യവും പുതുതായി പഠിച്ചു തുടങ്ങാനും പുതിയ സംരംഭങ്ങളാരംഭിക്കാനും വിജയദശമിദിനം ഉത്തമമെന്നാണു വിശ്വാസം. ഒൻപതു ദിനങ്ങളിൽ ആദ്യത്തെ മൂന്നു ദിവസം ദേവിയെ പാർവതീഭാവത്തിലും അടുത്ത മൂന്നു ദിവസം മഹാലക്ഷ്മിയായും അവസാന മൂന്നു ദിവസം സരസ്വതിയായും സങ്കൽപിച്ചാണ് ആരാധന. അവസാന മൂന്നു ദിനങ്ങളിലാണ് ആയുധപൂജയും പുസ്തകപൂജയും. തൊഴിലാളികൾ പണിയായുധങ്ങളും വിദ്യാർഥികൾ പുസ്തകങ്ങളും പൂജ വയ്ക്കും. വിജയദശമി നാളിലാണ് പൂജയെടുക്കുക. 

∙ സ്ത്രീ ശക്തിസ്വരൂപിണി

പ്രപഞ്ചസ്രഷ്ടാവായി ആദിപരാശക്തിയെ സ്മരിക്കുന്ന ഈ ആഘോഷവേളയുടെ മൂലസങ്കൽപം കരുത്തയും അധർ‌മത്തെ നശിപ്പിക്കുന്നവളും സകല ചരാചരങ്ങളെയും മാതൃഭാവത്തിൽ കാക്കുന്നവളുമായ സ്ത്രീയാണ്. കരുത്തിന്റെയും ശൗര്യത്തിന്റെയും പ്രതീകമായ സിംഹത്തിനു മേലിരിക്കുന്ന സർവായുധപാണിയായ ദുർഗ ശക്തിഭാവത്തിന്റെ മൂർത്തീരൂപമാണ്. മനുഷ്യനിലെ ദുർവാസനകളെയും ആസുരതയെയും നശിപ്പിച്ച്, ജ്ഞാനത്തിന്റെ പ്രകാശം പകരുന്ന മോക്ഷദായിനി എന്ന സങ്കൽപം, ഒരു മതബിംബം എന്നതിനപ്പുറം മനുഷ്യ കുലത്തിന് സ്ത്രീ എന്താണെന്നും എന്തായിരിക്കണമെന്നുമുള്ളതിന്റെ അടയാളം കൂടിയാകുന്നു. 

പുരുഷനും ഈശ്വരന്മാർക്കുതന്നെയും അവധ്യനായ ഒരു ദുഷ്ടനെ ഇല്ലാതാക്കുകയായിരുന്നു ദുർഗയുടെ അവതാര ലക്ഷ്യം എന്നു പറയുന്ന ഐതിഹ്യത്തിന്റെ സൂക്ഷ്മപാഠം ശ്രദ്ധിക്കുക: തങ്ങളെ നശിപ്പിക്കാനെത്തുന്ന ഘോരരാക്ഷസനിൽ‌നിന്നു രക്ഷ തേടുന്ന ദേവകൾ മഹാദേവിയെ ആരാധിച്ചു പ്രീതിപ്പെടുത്തിയാണ് രക്ഷകയാകാൻ അഭ്യർഥിക്കുന്നത്. സ്ത്രീയെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സമൂഹത്തിന് അഭിവൃദ്ധിയുണ്ടാകും. സ്ത്രീയെ ആദരിക്കണമെന്നു പഠിക്കുന്ന കുഞ്ഞുങ്ങൾ മറ്റു മനുഷ്യരെയും സഹജീവികളെയും പ്രകൃതിയെയും സ്നേഹിക്കുന്നവരും സംരക്ഷിക്കുന്നവരുമായി വളരും. 

നവരാത്രിയുടെ ഒൻപതു ദിനങ്ങളിൽ ദേവിയെ ഒൻപതു ഭാവത്തിലാണ് ആരാധിക്കുന്നത്. ശൈലപുത്രി (പാർവതി), ബ്രഹ്മചാരിണി (തപസ്വിനി), ചന്ദ്രഘണ്ഡ (പത്തു കൈകളിലും ആയുധങ്ങൾ ധരിച്ച് സിംഹാരൂഢയായ ഉഗ്രസ്വരൂപിണി), കൂശ്‍മാണ്ഡ (പ്രപഞ്ചസ്രഷ്ടാവായ ആദിപരാശക്തി), സ്‍കന്ദമാതാ (ബാലസുബ്രഹ്മണ്യനെ മടിയിൽവച്ചിരിക്കുന്ന മാതൃഭാവത്തിലുള്ള ദേവി), കാത്യായനി (കാത്യഋഷിയുടെ പുത്രിയായ പരാശക്തി), കാളരാത്രി (കറുത്തനിറമുള്ളവളും രൗദ്രരൂപിയും ഭയനാശകയുമായ ദേവി), മഹാഗൗരി (ദുഃഖനാശകയും അഭയവരദായിനിയുമായി കാളപ്പുറത്തിരിക്കുന്ന ദേവി), സിദ്ധിധാത്രി (സർവസിദ്ധിപ്രദായിനി) എന്നിവയാണ് ദേവിയുടെ ഒൻപതു ഭാവങ്ങൾ. 

∙ അന്നപൂർണയായ വിദ്യാലക്ഷ്മി

നവരാത്രിയുടെ അവസാന മൂന്നു ദിനങ്ങളിൽ വിദ്യാദേവതയായ സരസ്വതിയെയാണ് പൂജിക്കുന്നത്. അജ്ഞാനത്തിൽ ജീവിക്കുന്ന മനുഷ്യർ കൂരിരുട്ടിൽ കൊടുംകാട്ടിലകപ്പെട്ടവരെപ്പോലെയാണ്. മുന്നിലും പിന്നിലുമെന്താണെന്നറിയാത്ത, എങ്ങോട്ടു പോകണമെന്നു നിശ്ചയമില്ലാത്ത നില. ചെറിയ ഇലയനക്കങ്ങൾ പോലും അവരെ ഭയപ്പെടുത്തും. ഒപ്പമുള്ളതാരെന്നോ എന്തെന്നോ തിരിച്ചറിയാതെ വരും. അവിടേക്കു വെളിച്ചം വന്നാലോ, വഴി തെളിയും. ഭീതിയുടെ നിഴലുകൾ മായും. വിദ്യ നേടുകയെന്നത് പവിത്രമായ കർമമാണ്. വ്രതാനുഷ്ഠാനത്തോടെ, അനുയോജ്യനായ ഗുരുവിൽനിന്നു വേണം വിദ്യ സ്വീകരിക്കേണ്ടതെന്നും അതു പ്രാർഥന പോലെ വിശുദ്ധമായ പ്രവൃത്തിയാണെന്നും നവരാത്രി പഠിപ്പിക്കുന്നു. 

NAVARATRI1
Image Credit: Rangeecha/ Istock

അക്ഷരങ്ങളെയും അറിവിനെയും ഈശ്വരനായി കാണുന്ന ഒരു സംസ്കൃതിയുടെ അടയാളമാണ് നവരാത്രിക്കാലത്തെ പൂജവയ്പും വിദ്യാരംഭവും. മലയാളികൾ ജാതിമത ഭേദമില്ലാതെ, ഓരോരുത്തരുടെയും വിശ്വാസത്തിനനുസരിച്ച് വിദ്യാരംഭം കുറിക്കുന്നുണ്ട്. വിദ്യ ദൈവികമാണെന്ന കേരളത്തിന്റെ സാംസ്കാരിക മനസ്സാണ് അതിൽ പ്രതിഫലിക്കുന്നത്.

അരിയിലാണ് കുട്ടി ആദ്യമായി അക്ഷരമെഴുതുന്നത്. അന്നം ഈശ്വരന്റെ പ്രത്യക്ഷസാന്നിധ്യമാണ്. മനുഷ്യന്റെ ജീവനെ നിലനിർത്തുന്ന ഘടകം. അറിവ് അവന്റെ ചേതനയിൽ വെളിച്ചം നിറയ്ക്കുന്നു. അക്ഷരം അരിയിൽ എഴുതിത്തുടങ്ങുകയെന്ന ആചാരത്തിൽ പ്രകൃത്യാരാധനയുടെ പ്രകാശമുണ്ട്. അന്നത്തിന്റെ സമൃദ്ധിയാണ് ഐശ്വര്യം. ആർക്കും അന്നത്തിനു മുട്ടില്ലാത്ത അവസ്ഥ. അന്നം പോഷിപ്പിക്കുന്ന ശരീരത്തിലാണ് പ്രജ്ഞ ശരിയായി വർത്തിക്കുന്നത്. സ്ഥിതപ്രജ്ഞയിലാണ് വിദ്യയുറയ്ക്കുക. അങ്ങനെ അന്നവും അക്ഷരവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. അവിടെയാണ് അന്നപൂർണയെന്നും ഐശ്വര്യലക്ഷ്മിയെന്നും വിദ്യാദേവതയെന്നും വിളിക്കപ്പെടുന്ന ദേവിയുടെ ആരാധനാവേളയായ നവരാത്രി ഒരു മതാനുഷ്ഠാനത്തിനപ്പുറത്തേക്കു വളരുന്നത്. അപ്പോഴാണ് സകല ചരാചരങ്ങളുടെയും ചേതനയായി വർത്തിക്കുന്ന ദേവിക്ക് നമസ്കാരം എന്ന പ്രാർഥന സാർഥകമാകുന്നതും.

യാ ദേവീ സര്‍വ ഭൂതേഷു 

ചേതനേത്യഭിധീയതേ

നമസ്തസ്യൈ നമസ്തസ്യൈ

നമസ്തസ്യൈ നമോ നമഃ

English Summary:

Nine days, nine avatars of Goddess Durga: Significance behind each Navaratri

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com