എന്താണു ഷഡ് ചക്രങ്ങൾ? ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ശാസ്താ ക്ഷേത്രങ്ങള്
Mail This Article
18 പടി കയറി പുണ്യദർശനത്തിന്റെ സുകൃതം നുകരാൻ വീണ്ടുമൊരു മണ്ഡലകാലമെത്തുന്നു. മാലയണിഞ്ഞ്, വ്രതശുദ്ധിയോടെ ഇനിയുള്ള നാളുകൾ ശബരീശസന്നിധിയിലേക്ക്. ശബരിമലയുൾപ്പെടെയുള്ള ശാസ്താ ക്ഷേത്രങ്ങളിലേക്കു ഭക്തർ ഒഴുകിയെത്തുന്ന കാലം. ഓരോ ക്ഷേത്രവും പകരുന്ന ഊർജം ‘ഷഡ് ചക്രങ്ങളിലൂടെ’ ഭക്തന്റെ ഉള്ളിലേക്കും ഒഴുകുന്നുണ്ടെന്നാണു വിശ്വാസം. എന്താണു ഷഡ് ചക്രങ്ങൾ? ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ശാസ്താ ക്ഷേത്രങ്ങളിലൂടെ ഒരു തീർഥയാത്ര...
ദേവമാശ്രയേ...
മനുഷ്യശരീരത്തിൽ കാണാൻ സാധിക്കുന്ന ഭാഗങ്ങളാണു സ്ഥൂലശരീരം. യോഗശാസ്ത്ര പ്രകാരം, അതിനുമപ്പുറം സൂക്ഷ്മശരീരവും കാരണശരീരവുമുണ്ട്. ഇവ കാണാൻ സാധിക്കില്ല. എല്ലാ സൂക്ഷ്മ ശരീരത്തിലും ഊർജസ്രോതസ്സുകളായ 7 ചക്രങ്ങളുണ്ട്. ഇവയിൽ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവയ്ക്കാണു പ്രാധാന്യം. ഇവയാണു ഷഡ്ചക്രങ്ങൾ. മനുഷ്യനിൽ മൂലാധാരമെന്നതു നട്ടെല്ലിനു താഴെ കുണ്ഡലിനീശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. താന്ത്രിക്, യോഗ പഠനങ്ങളിൽ വിദഗ്ദനും ഭാരതീയ തത്വചിന്തകളെ പിന്തുടർന്ന എഴുത്തുകാരനുമായിരുന്ന സർ ജോൺ ജോർജ് വുഡ്റഫിന്റെ (ആർതർ ആവലോൺ) ‘ദ് സർപ്പന്റ് പവർ’എന്ന പ്രശസ്തമായ പുസ്തകത്തിൽ ഷഡ്ചക്രങ്ങളെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്.
കുണ്ഡലിനിയെ ഉണർത്തി, ആ ഊർജം ഓരോ ആധാര ചക്രങ്ങളിലൂടെ കടന്നു തലയ്ക്കു മുകളിലുള്ള സഹസ്രാരം അഥവാ ബ്രഹ്മരന്ധ്രത്തിലെത്തും. ആ ഊർജത്തിന്റെ ധാരകൾ ഇഡ, പിംഗല, സുഷുമ്ന നാഡികളിലൂടെ ശരീരത്തിലേക്കു പ്രസരിക്കുന്നതോടെ പരമാന്ദത്തിലെത്തും. പൂർണ ജ്ഞാനത്തിലെത്തി, ദൈവീക തലത്തിലേക്ക് ഉയരുന്നതാണു സഹസ്രാരം. മനുഷ്യന്റെ ആന്തരിക പരിവർത്തനമാണത്. ചക്രങ്ങളെ ഊർജ സ്രോതസ്സുകളായാണു കണക്കാക്കുന്നത്. ഓരോ ചക്രം പിന്നിടുമ്പോഴും മനുഷ്യനിൽ പലഗുണങ്ങളും വന്നുചേരും. ധ്യാനം, യോഗ എന്നിവയിലൂടെയാണ് ഇവയെ ഉണർത്താനാകുന്നത്. എന്നാൽ, ചിട്ടയായ ക്ഷേത്രദർശനത്തിലൂടെയും ഇതു സാധ്യമാകുമെന്നും പറയപ്പെടുന്നു. താന്ത്രിക വിധിപ്രകാരമുള്ള ക്ഷേത്രങ്ങളുടെ പ്രതിഷ്ഠയും ഈ ചക്രങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രപഞ്ചപുരുഷന് രൂപം കൽപിക്കുമ്പോൾ ആ സ്വരൂപത്തിന്റെ 6 ചക്രങ്ങളെ 6 ക്ഷേത്രങ്ങളായാണു കണക്കാക്കുന്നത്. എല്ലാ ദേവതകൾക്കും ഇത്തരത്തിൽ ക്ഷേത്രങ്ങളുണ്ട്. ദേവപ്രതിഷ്ഠയിലും അത് ഉൾച്ചേർന്നിരിക്കുന്നു.
പ്രതിഷ്ഠയുടെ മുകൾ ഭാഗം മാത്രമാണു പുറത്തേക്കു കാണുന്നത്. ആധാര ശില, നിധികുംഭം, അഷ്ടദളപത്മം, കൂർമം, യോഗനാളം, നപുംസക ശില എന്നിവയ്ക്കു മുകളിലായിട്ടാണു പ്രതിഷ്ഠ. ഇവ ഓരോന്നും ഷഡാധാര ചക്രങ്ങളെ പ്രതിനിധാനം ചെയ്യുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള തന്ത്രപുസ്തകങ്ങളായ ശാസ്തൃകൽപമഞ്ജരിയിലും രേവന്തസംഹിതയിലും ശാസ്താ ക്ഷേത്രങ്ങളിലെ ചക്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ടെന്നു ഗവേഷകനും പ്രഭാഷകനും ശാസ്താവുമായി ബന്ധപ്പെട്ട ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവും ഉപാസകനുമായ ഡോ.അരവിന്ദ് സുബ്രഹ്മണ്യം പറയുന്നു. ചക്രങ്ങളുടെ ക്രമമനുസരിച്ചു ക്ഷേത്രദർശനം നടത്തണമെന്നാണു വിശ്വാസം. ഓരോ ചക്രങ്ങളുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിൽ ദർശനം നടത്തുമ്പോൾ മനുഷ്യന്റെ സൂക്ഷ്മ ശരീരത്തിലെ അതേ ചക്രങ്ങളിലും ഊർജം പ്രസരിക്കുമത്രെ. ആ ഊർജം മനുഷ്യന്റെയുള്ളിലെ നല്ല ചിന്തയും നല്ല ഭാവങ്ങളും സ്വയംബോധവും തിരിച്ചറിവുമാണ് എന്നതാണു യാഥാർഥ്യം. തത്വമസി! ഷഡ് ചക്രങ്ങളുടെ അടിസ്ഥാനത്തിൽ തീർഥാടകർ എത്തുന്ന പ്രധാന ശാസ്താ ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര...
ചക്രങ്ങളും ക്ഷേത്രങ്ങളും
(ഷഡ്ചക്രത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ ശാസ്താ ക്ഷേത്രം തമിഴ്നാട്ടിലാണ്. ബാക്കിയുള്ളവ കേരളത്തിലും)
ആജ്ഞ– ശബരിമല ധർമശാസ്താ ക്ഷേത്രം
വിശുദ്ധി– എരുമേലി ധർമശാസ്താ ക്ഷേത്രം,പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം
അനാഹതം– കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രം
മണിപൂരകം– ആര്യങ്കാവ് ശാസ്താ ക്ഷേത്രം
സ്വാധിഷ്ഠാനം– അച്ചൻകോവിൽ ധർമശാസ്താ ക്ഷേത്രം
മൂലാധാരം- സൊരി മുത്തു അയ്യനാർ കോവിൽ
സഹ്യപർവത നിരകളിൽ ശബരിമല ഉൾപ്പെടെ പരശുരാമൻ പ്രതിഷ്ഠ നടത്തിയ 5 ശാസ്‌താക്ഷേത്രങ്ങളാണുള്ളത്. നേർരേഖയിലാണ് ഈ ക്ഷേത്രങ്ങളുടെ സ്ഥാനമെന്നും വിശ്വസിക്കപ്പെടുന്നു. ഒരു ക്ഷേത്രത്തിൽനിന്നു മറ്റൊന്നിലേക്കുള്ള ആകാശദൂരം തുല്യമാണ്. കാടിനു നടുവിൽ ഏറെക്കുറെ നദികളാൽ ചുറ്റപ്പെട്ടാണ് ഈ ക്ഷേത്രങ്ങൾ കാണപ്പെടുന്നത്. ശാസ്‌താവിന്റെ 5 ദശാസന്ധികളാണ് 5 ക്ഷേത്രങ്ങളായി സ്‌ഥിതി ചെയ്യുന്നതെന്നും പറയുന്നു.
സൊരി മുത്തു അയ്യനാർ ക്ഷേത്രം കാരയാർ-മൂലാധാരം
∙ തമിഴ്നാട് തിരുനെൽവേലി ജില്ലയിൽ പാപനാശത്ത് കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ കാനനക്ഷേത്രം.
∙ താമ്രപർണി നദിയുടെ കരയിൽ പാറപ്പുറത്ത് അഗസ്ത്യൻ പ്രതിഷ്ഠ നടത്തിയെന്നു വിശ്വാസം. ആദിഭൂതനാഥ സ്വരൂപത്തിലാണു പ്രതിഷ്ഠ. ഭഗവാൻ ‘മുത്തയ്യ’ എന്ന പേരിൽ അറിയപ്പെടുന്നു.
∙ പൂർണ പുഷ്കല സമേതം ശാസ്താവ് കുടികൊള്ളുന്നു. ഒട്ടേറെ പരിവാര മൂർത്തികളുമുണ്ട്. ആടി അമാവാസിയിലാണ് ഉത്സവം. ശിങ്കംപട്ടി ജമീന്റെ കീഴിലാണു ക്ഷേത്രം. ശാസ്താ ക്ഷേത്രങ്ങളിലേക്കുള്ള ദർശനത്തിനായി ഇവിടയെത്തി മാലയണിയണമെന്നും വിശ്വാസമുണ്ട്.
∙ മണി വിഴുങ്ങുന്ന ഇലപൈ മരവും പട്ടവരായർ കോവിലിൽ ശരീരവേദന മാറാനായി ഭക്തർ ചെരുപ്പ് തൂക്കുന്നതും പ്രത്യേകതയാണ്.
∙ ഈ ക്ഷേത്രദർശനത്തിലൂടെ ഭക്തന്റെ മൂലാധാര ചക്രത്തിലെ താഴ്ന്ന തരം ചിന്തകൾ മാറുന്നു. കുണ്ഡലിനി ഉണർത്തപ്പെടുമ്പോൾ ആന്തരിക വിശുദ്ധിയും മനസ്സിനു മുകളിൽ നിയന്ത്രണവും കൈവരുന്നു. ഭക്തന്റെ എല്ലാ പ്രശ്നങ്ങളും ഭഗവാൻ കേൾക്കുന്നു എന്നു വിശ്വാസം. ഇവിടെനിന്ന് 77 km സഞ്ചരിച്ചാൽ അച്ചൻകോവിൽ
അച്ചൻകോവിൽ ധർമശാസ്താ ക്ഷേത്രം- സ്വാധിഷ്ഠാനം
∙ കൊല്ലം ജില്ലയിലെ അച്ചൻകോവിലിൽ പരശുരാമൻ പ്രതിഷ്ഠ നടത്തിയതായി വിശ്വാസമുള്ള ക്ഷേത്രം. മണികണ്ഠ മുത്തയ്യൻ എന്ന പേരിൽ രാജശാസ്താ സ്വരൂപത്തിലാണു പ്രതിഷ്ഠ. ഇച്ഛാശക്തിയും ക്രിയാശക്തിയുമായ പൂർണ, പുഷ്കല ഇരുഭാഗത്തും. അച്ചൻകോവിൽ അരശൻഎന്നും അറിയപ്പെടുന്നു. പരശുരാമൻ പ്രതിഷ്ഠിച്ച അതേ വിഗ്രഹമാണിതെന്നും കരുതുന്നു.
∙ പുനലൂരിൽനിന്നും ചെങ്കോട്ടയിൽനിന്നും ക്ഷേത്രത്തിലേക്ക് എത്താം. തൂവൽമലയിൽനിന്നു നേർത്ത അരുവിയായി രൂപപ്പെട്ട് അച്ചൻകോവിലാറ് ക്ഷേത്രത്തെ ചുറ്റി ഒഴുകുന്നു. ഈ ജലത്തിന് ഏറെ ഔഷധഗുണങ്ങളുണ്ടെന്നു കരുതുന്നു. ശബരിമലയിലേതുപോലെ 18 പടികളിലൂടെയാണു ശ്രീകോവിലിലേക്കു പ്രവേശനം. ധനു മാസത്തിലാണ് ഉത്സവം. ചപ്രം എഴുന്നള്ളത്തും രഥം എഴുന്നള്ളത്തും കറപ്പൻ തുള്ളലും പ്രത്യേകതയാണ്.
∙ തൃക്കൈ ചന്ദനവും വലംപിരി ശംഖിൽ തീർഥവും ഇവിടെ വിഷചികിത്സയ്ക്കായി ഉപയോഗിക്കുന്നു. കൈക്കുമ്പിൾ കോട്ടിയിരിക്കുന്ന ശാസ്‌താവിഗ്രഹത്തിൽ എപ്പോഴും ചന്ദനമുണ്ടാകും. ‘വൈദ്യശാസ്ത’ എന്നും പറയപ്പെടുന്നു. പാമ്പുകടി പോലുള്ള വിഷബാധയേറ്റു വരുന്നവർക്ക് ഏതു സമയത്തും ക്ഷേത്രനട തുറന്നു ചന്ദനവും തീർഥവും നൽകും. ഇതു കഴിച്ചു മൂന്നു ദിവസം ക്ഷേത്രത്തിൽ താമസിക്കണം.
∙ സ്വാധിഷ്ഠാനം എന്നതു സ്വയം തിരിച്ചറിവിന്റെ ഘട്ടം കൂടിയാണ്. ഒരാളുടെ ഉള്ളിലെ വിഷമയമായ ചിന്തകളെ പുറത്തേക്കു കളയാൻ ഇതു പ്രേരിപ്പിക്കുന്നു. ഉള്ളിലെ മോശമായ അവസ്ഥയാണു വിഷം എന്നതുകൊണ്ട് അർഥമാക്കുന്നത്.
ബ്രിട്ടിഷുകാരുടെ കാലത്ത് ആര്യങ്കാവിൽനിന്ന് അച്ചൻകോവിലിലേക്കും ശബരിമലയിലേക്കും കാനനപാതയുണ്ടായിരുന്നു. സ്വാതന്ത്യ്രസമരം ശക്‌തമായിരുന്ന കാലത്ത് ഈ പാതയിൽ ഒരു ബ്രിട്ടിഷുകാരൻ കൊല്ലപ്പെട്ടതോടെയാണു പാത അടഞ്ഞത്. ഇവിടെ നിന്ന് അച്ചൻകോവിലിലേക്ക് 39 കിലോമീറ്റർ ദൂരമുണ്ട്.
ആര്യങ്കാവ് ശാസ്താ ക്ഷേത്രം- മണിപൂരകം
∙ തമിഴ്നാട്–കേരള അതിർത്തിയിൽ കൊല്ലം ജില്ലയിലെ ക്ഷേത്രം. ആര്യൻ എന്ന പേരിൽ പ്രതിഷ്ഠ. മഹാശാസ്ത സ്വരൂപം. ആര്യങ്കാവിലെ ‘അതിർത്തി ശാസ്ത’ എന്ന കാവൽദൈവം.
∙ അഗ്നികേശവും കൈയിൽ പൂക്കളുമായി നിൽക്കുന്ന പഞ്ചലോഹ മൂർത്തി. അരികിൽ ഭഗവതി പ്രതിഷ്ഠ. അലങ്കാര വിഗ്രഹത്തിനു പിന്നിൽ രണ്ടു പഞ്ചലോഹ പേടകങ്ങളിൽ ഉടഞ്ഞുപോയ അഞ്‌ജനപാഷാണ(പ്രത്യേകതരം കല്ലുകൾ) വിഗ്രഹങ്ങളുടെ ഭാഗങ്ങളും സൂക്ഷിച്ചിട്ടുണ്ട്. സൂര്യ ചന്ദ്ര രശ്മി പതിക്കാതെ, അമാവാസി നാളുകളിൽ പുലർച്ചെ വിഗ്രഹങ്ങൾ പുറത്തെടുത്തു നല്ലെണ്ണ പുരട്ടി നിർമാല്യ ശോചന ചടങ്ങ് നടത്തുന്നു. എല്ലാ വിഗ്രഹങ്ങളിലും പൂജയുണ്ട്.
∙ വിഗ്രഹം നടയ്‌ക്കുനേരെയല്ല, വലതു മൂലയിൽ. മേടം പത്താമുദയ ദിവസം മാത്രം പ്രതിഷ്‌ഠയ്‌ക്കു നേരെ സൂര്യരശ്‌മികൾ പതിയുന്നു. ക്ഷേത്രത്തെ ചുറ്റി കല്ലടയാറിന്റെ കൈവഴി ‘തീർഥക്കരയാറ് ’ ഒഴുകുന്നു. 18 പടികൾ ഇറങ്ങിച്ചെന്നാൽ ക്ഷേത്രം.
∙ ഡിസംബർ 25 നു നടത്തുന്ന ‘തൃക്കല്യാണം’ ചടങ്ങ് പ്രത്യേകത. തമിഴ്‌നാട്ടുകാർ വധുവിന്റെയും കേരളീയർ വരന്റെയും ആൾക്കാരായി നടത്തുന്ന ചടങ്ങ്. സൗരാഷ്ട്രക്കാരെ ആക്രമിക്കാൻ വന്ന ആനയെ വിരട്ടിയോടിച്ച കാട്ടാളനു പട്ടുവസ്ത്രം സമ്മാനമായി നൽകിയതിന്റെയും ശാസ്താവിനു സമീപം വിലയം പ്രാപിച്ച പെൺകുട്ടിയുടെയും ഓർമപുതുക്കലാണു തൃക്കല്യാണം.
∙ ക്ഷേത്രത്തിൽനിന്ന് 21 കിലോമീറ്റർ അകലെ കഴുത്തുരുട്ടിയിൽ മാമ്പഴത്തറ ഭഗവതി ക്ഷേത്രവുമുണ്ട്.
∙ മണിപൂരകത്തിലൂടെ ചിന്തകൾ മാനുഷിക തലത്തിൽനിന്നു ദൈവീക തലത്തിലേക്ക് ഉയരുന്നു. നാം സ്വയം പൂജിതരാകുന്നു. സ്വയം മാറ്റം തിരിച്ചറിയാനാകുന്നു. പ്രപഞ്ച ശക്തിയും മനുഷ്യതലവും പ്രാണശക്തിയായി പരിണമിക്കുന്നു.
ഇവിടെ നിന്ന് 25 കിലോമീറ്റർ അകലെയാണ് കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രം
കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രം- അനാഹതം
∙ തിരുവനന്തപുരം ചെങ്കോട്ട റോഡിൽ കൊല്ലം ജില്ലയിൽ കല്ലടയാറിന്റെ തീരത്തുള്ള ക്ഷേത്രം. ബാലരൂപിയായാണു പ്രതിഷ്ഠ. പരശുരാമൻ പ്രതിഷ്ഠ നടത്തിയ അമ്പലം വെള്ളപ്പൊക്കത്തിൽ നശിച്ചുപോയത്രെ. മൂലപ്രതിഷ്‌ഠകളിൽ ഒരു ശില കല്ലടയാറിൽ ഉപേക്ഷിക്കപ്പെട്ടിരുന്നു. കൊട്ടാരക്കരയിലെ നാട്ടുപ്രമാണിമാരായ കുറുപ്പന്മാർ ഈ ശില അടുപ്പുണ്ടാക്കാനായി പൊട്ടിച്ചപ്പോൾ എട്ടായി മുറിഞ്ഞു ചോരയൊഴുകി. ദേവചൈതന്യം മനസ്സിലാക്കി ഒരു ക്ഷേത്രമുണ്ടാക്കി ആ ശിലകൾ പ്രതിഷ്‌ഠിച്ചെന്നാണ് ഐതിഹ്യം. എട്ടായി നുറുങ്ങിയ ശിലയാണ് ഇപ്പോഴും പ്രധാന പ്രതിഷ്‌ഠ.
∙ ബാലഭാവത്തിലായതിനാൽ വൈകുന്നേരങ്ങളിലും പള്ളിയുണർത്താറുണ്ട്. തന്നെ വശീകരിക്കാൻ ശ്രമിച്ച യുവതിയെ ബാലശാസ്താവ് മത്സ്യരൂപത്തിൽ സമീപത്തെ പുഴയിൽ ജീവിക്കാൻ അനുവദിച്ചെന്നാണ് ഐതിഹ്യം. ഇവിടെ മീനൂട്ട് പ്രാധാന്യമുള്ളതാണ്. ത്വക് രോഗങ്ങൾ ശമിക്കുമെന്നാണു വിശ്വാസം. തിരുമക്കൾ എന്നാണു മത്സ്യങ്ങളെ വിളിക്കുന്നത്. മേട വിഷുവാണു പ്രധാനം.
∙ സർവസൃഷ്ടിയുടെയും നിലനിൽപ്പും ലക്ഷ്യവും എന്തെന്ന ബോധോദയം അനാഹതത്തിലൂടെ കൈവരുന്നു. അമാനുഷികമായ അനുഭവങ്ങൾക്കും അദ്ഭുതങ്ങൾക്കും സാധിക്കുന്നു.
എരുമേലി ധർമശാസ്താ ക്ഷേത്രം- വിശുദ്ധി
∙ മഹിഷീനിഗ്രഹത്തിന്റെ സ്മരണ നിലനിൽക്കുന്ന സ്ഥലമാണ് കോട്ടയം ജില്ലയിലെ എരുമേലി. മഹിഷി മാരികാ വനം എന്നാണു പഴയ പേര്. എരുമകൊല്ലി പിന്നെ എരുമേലിയായി. മഹിഷി മർദക ഭാവത്തിൽ ഭഗവാൻ വില്ലും അമ്പും വച്ചു വീരശാസ്താ സ്വരൂപമാണ്. ക്ഷേത്രദർശനം പോലെ പരമ പവിത്രമാണ് എരുമേലിയിലെ വാവരു പള്ളി ദർശനവും.
∙ കന്നി അയ്യപ്പന്മാരും ഇവിടെ പേട്ടതുള്ളി വേണം ശബരിമല ദർശനത്തിനു പോകാൻ. കൊച്ചമ്പലത്തിൽനിന്നു തുടങ്ങുന്ന പേട്ട തുള്ളൽ വാവരുപള്ളിയിൽ വലംവച്ചു പ്രാർഥിച്ചു കാണിക്കയും സമർപ്പിച്ചാണു വലിയമ്പലത്തിലേക്കു നീങ്ങുന്നത്. ഉത്സവം കുംഭ മാസത്തിൽ.
∙ ഓരോരുത്തരുടെയും ഉള്ളിലെ മൃഗീയ വാസനകളെ നിഗ്രഹിക്കുന്നതാണു വിശുദ്ധി. സമ്പൂർണതയോട് അടുക്കുമ്പോൾ അഹങ്കാരം കൈവരാം. അഹങ്കാരത്തെ നശിപ്പിച്ചു സ്വയംബോധത്തെ ഉണർത്തുകയാണിവിടെ.
പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രം
∙ ശബരിമലയുടെ മൂലസ്ഥാനമെന്നു പറയാവുന്ന ക്ഷേത്രം പത്തനംതിട്ട ജില്ലയിൽ പന്തളത്താണ്. മണികണ്ഠനു നിത്യവും ധ്യാനത്തിൽ കഴിയാൻ ശബരിമലയിൽ പന്തളം രാജാവാണ് ക്ഷേത്രം നിർമിച്ചത്. ശബരിമലയിൽ നിത്യപൂജയ്ക്ക് അവസരം ഇല്ലാത്തതിനു പരിഹാരമായാണു കൊട്ടാരത്തിൽ തന്നെ വലിയകോയിക്കൽ ക്ഷേത്രം നിർമിച്ചത്.
∙ ധർമശാസ്താവിന്റെ സങ്കൽപ്പമാണെങ്കിലും ഇവിടെ പ്രതിഷ്ഠയില്ല. സാളഗ്രാമമാണുള്ളത്. മകരവിളക്കിന് അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണം ഇവിടെയാണു സൂക്ഷിക്കുന്നത്. ഹരിഹര പുത്രൻ വളർന്നതു പന്തളം രാജാവിന്റെ പുത്രനായിട്ടാണ്. പന്തളം ക്ഷേത്രവും ‘വിശുദ്ധി’യുമായി ബന്ധപ്പെട്ടു കിടക്കുന്നെന്നും വിശ്വാസമുണ്ട്.
ശബരിമല ധർമശാസ്താ ക്ഷേത്രം- ആജ്ഞ
∙ പതിനെട്ടുപടിയുള്ള തത്വസോപാനത്തോടു കൂടി പന്തളം രാജാവ് നിർമിച്ച ക്ഷേത്രം. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 480 മീറ്റർ(1,574 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായി ക്ഷേത്രം. 18 പടികൾ അയ്യപ്പന്റെ പൂങ്കാവനത്തിനു ചുറ്റുമുള്ള 18 മലകളെ പ്രതിനിധാനം ചെയ്യുന്നു. യോഗനിഷ്ഠയിലിരിക്കുന്ന ധർമശാസ്താവിന്റെ പ്രതിഷ്ഠ.
∙ ശബരിമല പ്രതിഷ്ഠ പരശുരാമനും ആദ്യപൂജ അഗസ്ത്യനും നിർവഹിച്ചെന്നു ഭൂതനാഥ വ്യാഖ്യാനത്തിൽ പ്രതിപാദിക്കുന്നു.
∙ പതിനെട്ടാംപടി പഞ്ചേന്ദ്രിയങ്ങളെയും അഷ്ടരാഗങ്ങളെയും ത്രിഗുണങ്ങളെയും ജ്ഞാനത്തെയുമെല്ലാം സൂചിപ്പിക്കുന്നു. മനസ്സിന്റെ ഈ അവസ്ഥകളെല്ലാം കീഴടക്കിയെത്തുമ്പോൾ ഈശ്വരസാന്നിധ്യമായി.
∙ ഉപദേവന്മാരായി കന്നിമൂല ഗണപതിയും നാഗാരാജാവും തിരുമുറ്റത്ത്. മാളികപ്പുറത്തെ പ്രധാന പ്രതിഷ്ഠ മാളികപ്പുറത്തമ്മയാണ്. കൊച്ചുകടുത്ത സ്വാമി, നാഗരാജാവ്, നവഗ്രഹങ്ങൾ, മലദൈവങ്ങൾ എന്നിവയും ഇവിടെ ഉപദേവ പ്രതിഷ്ഠ.
∙ അയ്യപ്പന്റെ സന്തത സഹചാരി വാവരുടെ സ്ഥാനം താഴെ തിരുമുറ്റത്ത് കിഴക്കു വടക്കുഭാഗത്ത്. വൃശ്ചികം ഒന്നു മുതൽ ധനു 11 വരെ മണ്ഡലകാലം. തങ്ക അങ്കി ചാർത്തിയാണു മണ്ഡലം നടക്കുക.
∙ കവടിയാർ കൊട്ടാരത്തിൽനിന്നു കൊണ്ടുവരുന്ന അയ്യപ്പ മുദ്രയിലെ നെയ്യ് മകരസംക്രമ വേളയിൽ അയ്യപ്പന് അഭിഷേകം ചെയ്യും. പന്തളത്തു നിന്നുള്ള തിരുവാഭരണം ചാർത്തി വൈകിട്ട് ദീപാരാധന. അതിനുശേഷം മകരജ്യോതി ദർശനം.
∙ മീനമാസത്തിലെ പൈങ്കുനി ഉത്രത്തിന് ആറാട്ട് വരുന്ന വിധത്തിൽ 10 ദിവസത്തെ ഉത്സവം.
∙ പൈങ്കുനി ഉത്രം ദിവസം ഉച്ചയോടെ പമ്പയിൽ ആറാട്ട്. ഇതിനായി ഘോഷയാത്രയായി അയ്യപ്പനെ പമ്പയിലേക്ക് എഴുന്നള്ളിക്കും.
∙ തത്വമസി എന്നതാണ് ആഞ്ജാചക്രം. ശരീരഭാവം വിട്ടുനീങ്ങി ഭഗവാനും താനും ഒന്നെന്ന അവസ്ഥ. സർവവും തന്റെ സ്വരൂപം തന്നെയാണെന്ന സർവാത്മഭാവം. ദേശവും കാലവും വിട്ടു ദൈവികതയിലേക്കു ചേരുന്ന ഇടം. അഹങ്കാരം, മായ, കർമം എന്നിവ ഒഴിഞ്ഞാൽ ജീവാത്മാവും പരമാത്മാവും ഒന്നാണെന്നും ചിന്മുദ്ര സൂചിപ്പിക്കുന്നുണ്ട്. ഇരുളിൽനിന്നു വെളിച്ചത്തിലേക്കുള്ള പ്രയാണം. എല്ലാ ചക്രങ്ങളിലൂടെയും കടന്നുപോയി വീണ്ടും സാധാരണ ജീവിതത്തിലേക്കുള്ള ഭക്തരുടെ മടക്കയാത്ര.
കാന്തമല സഹസ്രാരം
ധർമശാസ്‌താവിന്റെ വാനപ്രസ്‌ഥവുമായി ബന്ധപ്പെട്ട ക്ഷേത്രമാണു കാന്തമല. ഇതു കാട്ടിൽ എവിടെയോ ഉപേക്ഷിക്കപ്പെട്ടെന്നും ക്ഷേത്രം അന്തർധാനം ചെയ്‌തെന്നും വ്യത്യസ്ത വിശ്വാസങ്ങളുണ്ട്. അവസാന ലക്ഷ്യമായ മോക്ഷപ്രാപ്തി ആർജിക്കുകയാണിവിടെ. പൊന്നമ്പലമേട്ടിലെ ജ്യോതിയാണു സഹസ്രാരത്തിലൂടെ കൈവരുന്നത്. രൂപമുണ്ടെങ്കിലും രൂപമില്ലാതെ, തന്റെ അരികിലേക്കെത്തുന്നതിനെ ലയപ്പെടുത്തി തന്റെ സ്വരൂപമാക്കുന്ന അഗ്നി. മനുഷ്യന്റെ അവബോധത്തിന്റെ അവസാനപടിയാണു സഹസ്രാര പത്മത്തിൽ സംഭവിക്കുന്നത്. കുണ്ഡലിനി അവസാനം എത്തുന്നതും ഇവിടെയാണ്. അതോടെ അയാൾ പൂർണതയിലേക്കു ലയിക്കുന്നു.
ഇൻപുട്സ്: ശരത് വംശ, നിഖിൽ രാജ്, ടി. കെ രാജപ്പൻ
ചിത്രീകരണം: അഭിഷേക് കുമാർ