ADVERTISEMENT

അക്ഷരക്രമംകൊണ്ട് നാന്റസ് എന്നു വായിക്കാൻ തോന്നുന്ന പേരുള്ള ഫ്രഞ്ച് നഗരമാണ് നോന്റ്; പടിഞ്ഞാറൻ ഫ്രാൻസിൽ. അവിടെയൊരു സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങുന്നവർക്കു പണമടയ്ക്കാൻ ആറു കൗണ്ടറുകളാണുള്ളത്. സാധനങ്ങൾ തിരഞ്ഞെടുത്തു കഴിഞ്ഞാൽ കൗണ്ടറിൽ അവ നൽകുമ്പോൾ കൗണ്ടറിലിരിക്കുന്നയാൾ യന്ത്രത്തിൽ രേഖപ്പെടുത്തി പണം വാങ്ങുന്നു. ഈ കൗണ്ടറുകളിൽ ഇടപാടുകാരന് ബില്ലടിക്കുന്നയാളോടു സംസാരിക്കേണ്ടി വരുന്നില്ല; തിരിച്ചും അങ്ങനെതന്നെ. തികച്ചും യാന്ത്രികമായ മൗനവ്യാപാരം.

ഇതെന്തു കച്ചവടം, ഈ സ്ഥാപനം ഇങ്ങനെയായാൽ മതിയോ എന്നു സ്വയം ചോദിച്ചത് ആ സൂപ്പർ മാർക്കറ്റിലെ കമ്മ്യൂണിക്കേഷൻ വിഭാഗം തലവനാണ്; പേര് റെജിസ് ദഫൊണ്ടെയ്ൻ. മിണ്ടുന്നതിലാണ് മനുഷ്യത്വം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു; മൗനവ്യാപാരം മാത്രമല്ല ജീവിതമെന്നും. അങ്ങനെ, ആ സൂപ്പർ മാർക്കറ്റിൽ പുതിയൊരു കൗണ്ടർകൂടി തുറന്നു: ബ്ലാ ബ്ലാ കൗണ്ടർ. കൊച്ചുവർത്തമാനത്തിന്റെ കൗണ്ടർ എന്നു മലയാളത്തിലാക്കാം. ആ കൗണ്ടറിൽ ഇങ്ങനെയൊരു ബോർഡ് വായിക്കാം: ഇവിടെ ആർക്കും തിരക്കില്ല. സാധനങ്ങൾ തിരഞ്ഞെടുത്തുവരുന്നവരോട് കൗണ്ടറിലിരിക്കുന്നയാൾ കുശലം പറയുന്നു; സംസാരിക്കാൻ പ്രേരിപ്പിക്കുന്നു.

എന്തുണ്ട് വിശേഷം? സുഖമല്ലേ? എന്നിങ്ങനെ പ്രാരംഭ ചോദ്യങ്ങൾ. അപ്പോൾ ഇടപാടുകാരി / ഇടപാടുകാരൻ സംസാരിച്ചു തുടങ്ങുന്നു: കൊച്ചുമക്കൾ അവധിക്കു വരുന്നു എന്ന സന്തോഷ വാർത്ത. കാലാവസ്ഥ; അതു മൂലമുള്ള ചില്ലറ ആരോഗ്യപ്രശ്നങ്ങൾ. കാർ കൃത്യമായി പാർക്ക് ചെയ്തിട്ടും ഫൈൻ ഈടാക്കിയതിനെപ്പറ്റിയുള്ള പരാതി. ഇങ്ങനെയിങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങൾ. കൊച്ചു കൊച്ചു ദുഃഖങ്ങൾ‍. സംസാരം തുടങ്ങിവച്ചാൽ കഥകൾ പറഞ്ഞുതുടങ്ങുന്നവരാണ് മിക്കവരുമെന്ന് ബ്ലാ ബ്ലാ കൗണ്ടറിലെ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഈ കൗണ്ടറിൽ പതിവായി വരുന്നത് പ്രായമായവരാണ്; തനിച്ചു ജീവിക്കുന്നവർ. നിത്യജീവിതത്തിലെ വർത്തമാനങ്ങൾക്കു പഴുതടഞ്ഞവർ. വീട്ടിൽ മറ്റൊരു മനുഷ്യജീവിയുടെ മുഖം കാണാനില്ലാത്തവർ.

അവരിപ്പോൾ സൂപ്പർ മാർക്കറ്റിൽ വരുന്നത് ഒന്നു മിണ്ടാനാണ്; മിണ്ടിയും പറഞ്ഞും താൻ ജീവിക്കുന്നു എന്നു സ്വയം ബോധ്യപ്പെടാൻ. ഈ വലിയ ലോകത്തിന്റെ ചെറിയൊരു ഭാഗമാണെന്ന തോന്നലുണ്ടാകാൻ. മിണ്ടീം പറഞ്ഞുമിരിക്കാം എന്നൊരു ശൈലിയുണ്ടായിരുന്നു മുൻപ്, മലയാളിയുടെ ജീവിതത്തിലും. ജീവിതത്തിരക്കുകൾക്കിടയിൽ മിണ്ടീം പറഞ്ഞുമിരിക്കാൻ ഇപ്പോൾ ആർക്കും സമയമില്ലാതായി. ഓരോരുത്തരും ഏകാന്തതയുടെയും നിശ്ശബ്ദതയുടെയും തുരുത്തുകളിൽ ഒറ്റപ്പെട്ടുപോകുന്നു. ജീവിതത്തിനുമേൽ മൗനത്തിന്റെ എട്ടുകാലി വലകൾ. വാർധക്യത്തിൽ തനിച്ചായിപ്പോയവരാണ് ഈ അവസ്ഥയുടെ ഏറ്റവും വലിയ ഇരകൾ. മിണ്ടിയും പറഞ്ഞും അവരോടു ചേർന്നു നിൽക്കണമെന്നു തിരിച്ചറിഞ്ഞു തുടങ്ങുകയാണ് ലോകമിപ്പോൾ. അതുകൊണ്ടാണല്ലോ അവരുമായി ആശയവിനിമയം ഉറപ്പാക്കാൻ ഫ്രാൻസിലെ ഈ സൂപ്പർ മാർക്കറ്റിൽ ഒരുദ്യോഗസ്ഥൻ പോലുമുള്ളത്.

English Summary:

Conversation Is Essential for Humans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com