സമ്പൂർണ വിഷുഫലം 2019, തിരുവോണം നക്ഷത്രം : കാണിപ്പയ്യൂർ

Mail This Article
സുരക്ഷിതമായ മാർഗ്ഗങ്ങൾ പലതും കണ്ടെത്തുമെങ്കിലും പ്രാവർത്തികമാക്കുവാൻ സാധിക്കുകയില്ല. സമത്വഭാവന സർവാദരങ്ങൾക്കും വഴിയൊരുക്കും. സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുന്നതും അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നതും ഒഴിവാക്കണം. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായിവരും. അർദ്ധമനസ്സോടുകൂടി ഏറ്റെടുത്ത തൊഴിൽ മേഖലകൾ പൂർണതയിലെത്തിക്കുവാനും സാമ്പത്തിക പുരോഗതിയ്ക്കും യോഗമുണ്ട്. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായിവരും.
വാഹനം മാറ്റിവാങ്ങുവാനിടവരും. ഉയരങ്ങൾ പിടിച്ചടക്കാനുള്ള ത്വരയിൽ ഉപകാരം ചെയ്തവരെ മറക്കരുത്. സഹായസ്ഥാനത്തുള്ളവരുടെ വൈമുഖ്യമനോഭാവം സ്വയംപര്യാപ്തതയ്ക്കു വഴിയൊരുക്കും. മാതാവിന് അസുഖം വർധിക്കുന്നതിനാൽ പലപ്പോഴും ജന്മനാട്ടിലേക്ക് യാത്ര വേണ്ടിവരും. വിദേശത്ത് സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിക്കും. സ്വാതന്ത്ര്യം പരിധിയ്ക്കപ്പുറമാവാതിരിക്കാൻ സുഹൃത്തിന് നിയന്ത്രണം ഏർപ്പെടുത്തും.
വർഷങ്ങൾക്കുശേഷമുള്ള ബന്ധുസമാഗമം പൂർവ്വകാലസ്മരണകൾക്കു വഴിയൊരുക്കും. പ്രതിഭാസംഗമത്തിൽ പങ്കെടുക്കുവാനും ഉന്നതരെ പരിചയപ്പെടുവാനും യോഗമുണ്ട്. ആത്മാർഥ സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അബദ്ധങ്ങൾ അതിജീവിക്കും. പട്ടണവികസനം ഉണ്ടാകുമെന്നു അറിവു ലഭിച്ചതിനാൽ ഭൂമിവിൽപന തൽക്കാലം ഉപേക്ഷിക്കും. ആശ്ചര്യവും പ്രകടിപ്പിക്കുന്നതിന് ആദരങ്ങൾ വന്നുചേരും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. ക്ഷമാശീലത്തോടു കൂടിയ പ്രതികരണം പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും.