കുജ വക്രം ; ഈ നാളുകാർ പ്രത്യേകം ശ്രദ്ധിക്കുക

Mail This Article
ഇപ്പോൾ വക്രഗതിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കുജൻ (ചൊവ്വ) ഒക്ടോബർ നാലാം തീയതി പകൽ 10.50 ന് മേടം രാശിയിൽ നിന്ന് മീനത്തിലേക്കു കടന്നിരിക്കുന്നു. ഈ വർഷം ഡിസംബർ 24 ന് പകൽ 10.30 ന് ചൊവ്വ തിരികെ മേടം രാശിയിൽ പ്രവേശിക്കും . ഈ വക്രഗതിക്കാലത്ത് ചൊവ്വ സഞ്ചരിക്കുന്നത് ബുധന്റെ നക്ഷത്രമായ രേവതിയിലാണ്. ഒക്ടോബർ 4 നും ഡിസംബർ 24 നും മധ്യേ ഗണ്ഡാന്ത സന്ധിയിലൂടെയാവും കുജന്റെ സഞ്ചാരം എന്നും പറയാം .നവംബർ 15നു നേർഗതിയിൽ വരുന്നതിനു മുമ്പുള്ള മൂന്നു ദിവസങ്ങൾ, അതായത് നവംബർ 12,13,14 തീയതികളിൽ കുജൻ മംഗളസ്തംഭനം എന്ന അവസ്ഥയിലായിരിക്കും. ഈ മൂന്നു ദിവസങ്ങളും ദോഷാധിക്യം ഉള്ള ദിനങ്ങളായിരിക്കും .
ഈ കാലത്തിനിടയിൽ ഒക്ടോബർ 20 മുതൽ നവംബർ 2 വരെയുള്ള ദിവസങ്ങളിൽ ബുധൻ വക്ര മൗഢ്യത്തിലുമായിരിക്കും.
ഒക്ടോബർ 20 മുതൽ നവംബർ 15 കാലയളവ് ഭാരതത്തിനും പ്രത്യേകിച്ച് കേരളത്തിനും അശുഭകരമായ ദിനങ്ങളായിരിക്കും നൽകുക.
പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ, കാലികമായ രാഷ്ട്രീയ പൊട്ടിത്തെറികൾ എന്നിവ ഈ കാലയളവിൽ സംഭവിക്കുന്നതിനു ഈ ഗ്രഹ സഞ്ചാരം ഇടവരുത്തും. ദേശീയശ്രദ്ധ ആകർഷിക്കുന്ന കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിൽ പ്രശസ്തരായവർക്ക് രോഗദുരിതം, ദേഹവിയോഗം എന്നിവ സംഭിക്കാവുന്ന കാലം കൂടിയാണ്. രാജ്യങ്ങൾ തമ്മിൽ യുദ്ധത്തിന്റെ വക്കോളം എത്തുന്നതോ പരസ്പരം ആക്രമിക്കുന്നതോ ആയ സ്ഥിതിയും ഉണ്ടാവാം .
മകയിരം, ചിത്തിര, അവിട്ടം, ആയില്യം, തൃക്കേട്ട, രേവതി, പൂയം, അശ്വതി, ഭരണി, മകം, പൂരം നാളുകാർ വളരെ കരുതലെടുക്കേണ്ട കാലമാണിത് .
കുജവക്രം മൂലം ഓരോ കൂറിലും ജനിച്ചവർക്ക് ഉണ്ടാകാനിടയുള്ള സാമാന്യ ഫലങ്ങൾ താഴെ ചേർക്കുന്നു:
വിദ്യാഭ്യാസം, ജോലി എന്നിവയെക്കുറിച്ചുള്ള സമ്പൂർണ ഫലപ്രവചനം
മേടക്കൂറ്: (അശ്വതി , ഭരണി, കാർത്തിക 1/4 )
രോഗദുരിതസാധ്യത, അമിതവ്യയം. മനഃസംഘർഷം വർധിക്കും.
ഇടവക്കൂറ് (കാർത്തിക 3/ 4, രോഹിണി, മകയിരം 1/ 2 ) :
മാനസിക സംഘർഷം വർധിക്കും. ജീവിതപങ്കാളിയുമായി അഭിപ്രായഭിന്നത ഉണ്ടാവാം. ധനപരമായ വൈഷമ്യം നേരിടാം .
മിഥുനക്കൂറ് ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ):
സ്വദേശം വിട്ടുനിൽക്കേണ്ടി വന്നേക്കാം. അനാവശ്യചിന്തകൾ വർധിക്കും. ജീവിതസുഖം വർധിക്കും. അവിചാരിത കാരണങ്ങളാൽ നിരാശ അധികമാകും.
കർക്കിടകക്കൂറ് (പുണർതം 1/ 4, പൂയം, ആയില്യം ) :
ഉദ്ദേശ്യകാര്യങ്ങൾ സാധിക്കാത്ത അവസ്ഥയുണ്ടാകും. ആരോഗ്യസ്ഥിതി മോശമായിരിക്കും. മൂത്രായശ രോഗങ്ങൾ പിടിപെടാം. സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി. പണമിടപാടുകളിൽ നഷ്ടം സംഭവിക്കാം. ബിസിനസ്സിൽ നേരിയ എതിർപ്പുകൾ. ദാമ്പത്യ കലഹം അവസാനിക്കും.
ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/ 4):
അധികയാത്രകൾ വേണ്ടിവരും, ആരോഗ്യപരമായി പൊതുവേ അനുകൂലമല്ല. സാമ്പത്തികമായ വിഷമതകൾ അലട്ടും . ഭാര്യാഭർതൃ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാവാം. ജീവിതപങ്കാളിയുമായി മാനസിക അകൽച്ച നേരിടാം .
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):
മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. അവിചാരിത പണച്ചെലവ്ഉണ്ടാകും. ഏറ്റെടുത്തപ്രവത്തനങ്ങളിൽ അവിചാരിത തടസ്സം നേരിടാം. തൊഴിലുടമകൾ, മേലധികാരികൾ എന്നിവരിൽ നിന്ന് പ്രതികൂല നടപടികൾ പ്രതീക്ഷിക്കാം.
തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/ 4)
സന്താനങ്ങൾക്കു രോഗാരിഷ്ടതകൾ ഉണ്ടാവാം. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടാവാം. ധനപരമായി പ്രതികൂല സ്ഥിതി. അലസത പിടികൂടും. ധനപരമായ ചെലവുകൾ വർധിക്കും.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട):
പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റിവയ്ക്കേണ്ടിവരും. വിവാഹ ആലോചനകളിൽ തടസ്സം നേരിടും. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടി വരാം. ബിസിനസിൽ ധനനഷ്ടം. ഭക്ഷണസുഖം കുറയും. ആരോഗ്യ പരമായ വിഷമതകൾ. വ്യവഹാരങ്ങളിൽ തിരിച്ചടികൾ പ്രതീക്ഷിക്കാം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4):
അടുത്ത ബന്ധുക്കൾക്കു രോഗദുരിത സാധ്യത. പണമിടപാടുകളിൽ നഷ്ടം സംഭവിക്കുവാൻ സാധ്യതയുള്ളതിനാൽ അധിക ശ്രദ്ധ പുലർത്തുക. വ്യവഹാരത്തിൽ തിരിച്ചടികൾ നേരിടാം. അനാവശ്യ യാത്രകൾ വേണ്ടിവരും. തൊഴിലിൽ പ്രതികൂല സ്ഥിതി ഉണ്ടാവാം.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): . മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ വിഷമം ഉണ്ടാക്കും. സഞ്ചാരക്ലേശം മൂലം ക്ഷീണം. കടബാധ്യത നേരിടും. കാലാവസ്ഥാജന്യ രോഗസാധ്യത. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):
ഭക്ഷണസുഖം ലഭിക്കും. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കുന്നതു മൂലം പ്രശ്നങ്ങളിൽ ചെന്നുചാടാം. സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല. അവർ മൂലം തൊഴിൽ രംഗത്തു പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യത. ദേഹസുഖം കുറഞ്ഞിരിക്കും.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി): ബന്ധുക്കൾ തമ്മിൽ ഭിന്നത ഉണ്ടാവാം. ദാമ്പത്യപരമമായ പ്രശ്നങ്ങൾ നേരിടാം . സാമ്പത്തികവിഷമതകൾ നേരിടും. പണം നൽകാനുള്ളവരിൽ നിന്ന് സമ്മർദം. സന്താനങ്ങൾക്ക് അരിഷ്ടത. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും
English Summary : Mars Transit Prediction 2020 by Sajeev Shastharam