മലബാർ സിമന്റ്സിൽ വൈവിധ്യവൽക്കരണം; 25 സ്ഥലങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ
Mail This Article
പാലക്കാട് ∙ സിമന്റ് വിപണിയിലെ കടുത്ത മത്സരത്തിനിടെ പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സ് വരുമാനവർധന ലക്ഷ്യമിട്ടു വൈവിധ്യവൽക്കരണം നടപ്പാക്കുന്നു. സിമന്റ് വിപണി വിപുലമാക്കുന്നതിനൊപ്പം, വഴിയോര വിശ്രമ സേവന കേന്ദ്രങ്ങൾ (വേസൈഡ് അമിനിറ്റീസ് സെന്റർ) ആരംഭിക്കാൻ നടപടി തുടങ്ങി.
ഹൈവേകൾക്കും പ്രധാന പാതകൾക്കും സമീപം ആരംഭിക്കുന്ന അമിനിറ്റീസ് സെന്ററുകളിൽ വിശ്രമമുറികൾക്കും ശുചിമുറികൾക്കും പുറമേ റസ്റ്ററന്റ്, ഷോപ്പിങ്, കാർ വാഷ്, ചാർജിങ് സൗകര്യങ്ങളുണ്ടാകും. സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതിക്കായി ടെൻഡർ വഴി 4 പങ്കാളികളെ കണ്ടെത്തി. തുടക്കത്തിൽ കൊച്ചിയിൽ രണ്ടെണ്ണം ഉൾപ്പെടെ 4 സ്ഥലങ്ങളാണു പരിഗണിക്കുന്നത്. വിവിധ ജില്ലകളിൽ 25 പ്രധാന സ്ഥലങ്ങൾ താമസിയാതെ കണ്ടെത്തും.
സർക്കാരിന്റെ ഉടമസ്ഥതയിൽ, ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളും സ്വകാര്യസ്ഥലങ്ങളും പാട്ടത്തിനെടുക്കാനാണു തീരുമാനം.
പൊതുമേഖലാ സ്ഥാപനമായതിനാൽ സ്ഥലം കിട്ടാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നും നികുതി ഇളവു ലഭിക്കുമെന്നുമാണു പ്രതീക്ഷ.
ലാഭത്തിന്റെ നിശ്ചിത ശതമാനം മലബാർ സിമന്റ്സിനു ലഭിക്കുന്നതുൾപ്പെടെ വ്യവസ്ഥകളിൽ വൈകാതെ അന്തിമ തീരുമാനമുണ്ടാകും. മലബാർ സിമന്റ്സ് ബ്രാൻഡിലാകും കേന്ദ്രം പ്രവർത്തിക്കുക.
സിമന്റിന് മാത്രമായി 200 ചതുരശ്രയടി സ്ഥലത്തു വിപണന, പ്രോത്സാഹന പ്രദർശനത്തിനു സൗകര്യമുണ്ടാകും. വാടക ലഭിക്കുന്ന മറ്റു സംരംഭങ്ങളും പരിഗണിക്കുന്നുണ്ട്. ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ അന്തിമ ചർച്ചയ്ക്കു ശേഷം ധാരണാപത്രം ഒപ്പിടുമെന്ന് മലബാർ സിമന്റ്സ് എം.ഡി.ജെ.ചന്ദ്രബോസ് പറഞ്ഞു.