തട്ടിപ്പ്: ഒന്നര വർഷത്തിൽ ‘സഞ്ചാർ സാഥി’ പോർട്ടൽ വഴി റദ്ദാക്കിയത് 2.75 കോടി സിം കാർഡുകൾ

Mail This Article
ന്യൂഡൽഹി∙ ഏകദേശം ഒന്നര വർഷത്തിനിടയിൽ തട്ടിപ്പ് അടക്കമുള്ള കാരണങ്ങളുടെ പേരിൽ കേന്ദ്ര ടെലികോം വകുപ്പ് റദ്ദാക്കിയത് 2.75 കോടി മൊബൈൽ കണക‍്ഷനുകൾ. ഓൺലൈൻ തട്ടിപ്പ് കോളുകൾ ജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന ‘സഞ്ചാർ സാഥി’ പോർട്ടൽ വഴിയാണ് നടപടികൾ ഏകോപിപ്പിച്ചത്. സഞ്ചാർ സാഥി പോർട്ടൽ തുടങ്ങിയ ആദ്യ വർഷം മാത്രം 1.58 കോടി സിം കാർഡുകളാണ് റദ്ദാക്കിയത്.
വ്യാജ രേഖ നൽകിയെടുത്ത സിം കാർഡുകൾ, സൈബർ തട്ടിപ്പിൽ ഉൾപ്പെട്ട കണക‍്ഷനുകൾ അടക്കം ഇതിൽ ഉൾപ്പെടും. സൈബർ തട്ടിപ്പുകളിൽ ഉൾപ്പെട്ട 3.13 ലക്ഷം മൊബൈൽ ഫോണുകളും ഒന്നര വർഷത്തിനിടെ രാജ്യമാകെ ബ്ലോക്ക് ചെയ്തു. കേന്ദ്രത്തിന്റെ എഐ അധിഷ്ഠിത വ്യാജ സിം കാർഡ് വേട്ട ('അസ്ത്ര്'–ASTR) വഴിയും കണക‍്ഷനുകൾ റദ്ദാക്കുന്നുണ്ട്. സിം എടുക്കാനായി ഉപയോക്താക്കൾ നൽകുന്ന ചിത്രങ്ങൾ മുഴുവനായി പരിശോധിക്കും.

ഈ ചിത്രങ്ങളിൽ സാമ്യമുള്ളവ ലിസ്റ്റ് ചെയ്യും. കെവൈസി രേഖകളും പേരും ഒത്തുനോക്കി വ്യത്യാസങ്ങൾ കണ്ടെത്തും. സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ഇവ റദ്ദാക്കും. 71,000 സിം ഡീലർമാരെ കേന്ദ്രം ഇതുവരെ കരിമ്പട്ടികയിൽപ്പെടുത്തി. നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്ത 25 ലക്ഷം ഹാൻഡ്സെറ്റുകളാണ് ടെലികോം വകുപ്പ് ബ്ലോക്ക് ചെയ്തത്. വിവരങ്ങൾക്ക്: sancharsaathi.gov.in
ബ്രോഡ്ബാൻഡ് മിഷൻ 2.0
2030ൽ 2.7 ലക്ഷം ഗ്രാമങ്ങളിലേക്ക് ഒപ്റ്റിക്കൽ ഫൈബർ കണക്ടിവിറ്റി വഴി ഇന്റർനെറ്റ് ഉറപ്പാക്കാനായി നാഷനൽ ബ്രോഡ്ബാൻഡ് മിഷന്റെ രണ്ടാം പതിപ്പ് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്ഘാടനം ചെയ്തു. നിലവിൽ 50,000 ഗ്രാമങ്ങളിലാണ് ഈ പദ്ധതിയെത്തിയിരിക്കുന്നത്. ബ്രോഡ്ബാൻഡ് വേഗം നിലവിൽ സെക്കൻഡിൽ 63.55 എംബിയെങ്കിൽ 2030ൽ ഇത് 100 എംബിയാക്കും.