മറ്റുള്ളവരുടെ പോക്കറ്റിലെ കാശെടുത്ത് യു പി ഐയിലൂടെ ചെലവാക്കാം! എങ്ങനെയെന്നോ?

Mail This Article
സാങ്കേതിക വിദ്യ മാറുമ്പോൾ ഏറ്റവും ബുദ്ധിമുട്ടിലാകുന്നത് വയോധികരാണ്. അതുപോലെ മാതാപിതാക്കൾക്ക് കുട്ടികൾ എത്ര തുക എങ്ങനെ എവിടെ ചെലവാക്കുന്നുണ്ട് എന്ന് മനസിലാക്കാൻ കഴിഞ്ഞാൽ അത് വലിയൊരു ആശ്വാസമായിരിക്കും. മാതാപിതാക്കളുടെ പണത്തിന്റെ ആവശ്യവും കുട്ടികളുടെ പണം ചെലവാക്കൽ നിയന്ത്രണവും ഒരുമിച്ച് കൈകാര്യം ചെയ്യാനായാലോ ? അതിനുള്ള സൗകര്യമാണ് യു പി ഐ ആപ്പായ ഭീം ഒരുക്കിയിരിക്കുന്നത്.
യു പി ഐ സർക്കിൾ
നിങ്ങളുടെ യുപിഐ അക്കൗണ്ടിൽ നിന്ന് ആവശ്യാനുസരണം ഒരു പരിധി നിശ്ചയിച്ച് ഇടപാട് നടത്താൻ മറ്റാരെയെങ്കിലും അനുവദിക്കുന്ന സവിശേഷതയാണ് യുപിഐ സർക്കിൾ. ഒരു പ്രാഥമിക ഉപയോക്താവിന് (ചെലവുകളുടെ നിയന്ത്രണം നിലനിർത്തിക്കൊണ്ട്) അഞ്ച് പേർക്ക് വരെ ഇടപാടിന് അംഗീകാരം നൽകാന്‍ കഴിയും. പണം കൊടുക്കുന്ന ആളുടെ ബാങ്ക് അക്കൗണ്ട് മാത്രം യു പി ഐ യിൽ ലിങ്ക് ചെയ്‌താൽ മതി എന്ന സൗകര്യം ഇതിനുണ്ട്. മാതാപിതാക്കൾ, പങ്കാളി, ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുട്ടികൾ എന്നിവർക്കെല്ലാം നമ്മുടെ യു പി ഐ ഉപയോഗിച്ച് തന്നെ പണമിടപാടുകൾ നടത്താം എന്നർത്ഥം. സുഹൃത്തുക്കളെയും ഈ രീതിയിൽ ഉൾപ്പെടുത്താം.

എങ്ങനെ ചെയ്യാം?
∙BHIM-UPI എടുത്ത് 'UPI സർക്കിൾ' ക്ലിക്ക് ചെയ്യുക. 'കുടുംബത്തെയോ സുഹൃത്തുക്കളെയോ ചേർക്കുക' ക്ലിക് ചെയ്യുക
∙ യുപിഐ സർക്കിളിൽ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ചേർക്കാൻ രണ്ട് വഴികളുണ്ട്-ക്യുആർ കോഡ് സ്കാൻ ചെയ്യുക, അല്ലെങ്കിൽ അവരുടെ യുപിഐ ഐഡി നൽകുക.
∙സുഹൃത്തിന്റെയോ കുടുംബത്തിന്റെയോ യുപിഐ ഐഡി ചേർക്കുമ്പോൾ 'എന്റെ യുപിഐ സർക്കിളിലേക്ക് ചേർക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
∙യുപിഐ സർക്കിളിൽ ചേർക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഫോൺ നമ്പർ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും. ഈ വ്യക്തി നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഉണ്ടായിരിക്കണമെന്നത് ശ്രദ്ധിക്കുക, അല്ലെങ്കിൽ ചേർക്കാൻ കഴിയില്ല.
∙'പരിധികളോടെ ചെലവഴിക്കുക' അല്ലെങ്കിൽ 'എല്ലാ പേയ്‌മെന്റുകളും അംഗീകരിക്കുക' എന്ന ഓപ്ഷനുകളിൽ ഏതെങ്കിലും തെരഞ്ഞെടുക്കണം
എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ എന്നിവയുൾപ്പെടെ നിരവധി ബാങ്കുകൾ ഈ ഫീച്ചറിനെ പിന്തുണയ്ക്കുന്നു.
സാമ്പത്തിക അച്ചടക്കവും
എല്ലാ ഇടപാടുകൾക്കും എസ്എംഎസ് അലേർട്ടുകൾ അയച്ച് ഉപയോക്താക്കളെ അറിയിച്ചുകൊണ്ട് ഇത് സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നു. തട്ടിപ്പുകൾ കൂടുന്ന ഈ സമയത്ത് കുടുംബത്തിലെ ഒരു അംഗത്തിന്റെ ബാങ്ക് അക്കൗണ്ട് മാത്രം യു പി ഐയുമായി ബന്ധിപ്പിച്ചാലും മറ്റുള്ള കുടുംബാംഗങ്ങൾക്കും സാമ്പത്തിക ഇടപാടുകൾ നടത്താം എന്നുള്ള കാര്യം വലിയൊരു ആശ്വാസമാണ് സാധാരണക്കാരന് നൽകുന്നത്. കുടുംബത്തിന്റെ ചെലവ് മുഴുവൻ ഒരു അക്കൗണ്ടിലൂടെ നിയന്ത്രിക്കാനാകുന്നത് സാമ്പത്തിക അച്ചടക്കം ഉണ്ടാകാനും ഉപകരിക്കും