ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ബാങ്കിടപാടുകളിലുള്ള പരാതികളിൽ ഒരു വലിയ ശതമാനം മിനിമം ബാലൻസ് ചാർജ് പിടിച്ചതുമായി ബന്ധപ്പെട്ടതാണ്. മിനിമം ബാലൻസ് വേണമെന്ന് അറിയില്ലായിരുവെന്നും മിനിമം ബാലൻസ് പിടിച്ചത് ശരിയല്ല എന്നും മിനിമം ബാലൻസ് പിടിച്ചത് കൂടിപ്പോയി എന്നും അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെന്ന കാര്യം ബാങ്ക് അറിയിച്ചില്ലായെന്നുമൊക്കെ ഇടപാടുകാർ പരാതിപ്പെടുന്നുണ്ട്. ചില പരാതികളിൽ പറയുന്നത് അക്കൗണ്ടിലെ തുക പൂജ്യം ആയാൽ പിന്നെ മിനിമം ബാലൻസ് പിടിക്കാൻ പാടില്ലായെന്ന് റിസർവ് ബാങ്ക് പറയുന്നുണ്ട് എന്നാണ്. 

എന്താണ് മിനിമം ബാലൻസ്?

ബാങ്കുകളിൽ സേവിങ്സ് ബാങ്ക്, കറന്റ് അക്കൗണ്ട് എന്നിവ തുടങ്ങുവാൻ കുറഞ്ഞത് എത്ര തുക അടയ്ക്കണം എന്ന് ഓരോ ബാങ്കിലും ഓരോ നയമാണ്.  ഇതിൽ ഓരോ തരം അക്കൗണ്ടിനും അടയ്ക്കേണ്ട കുറഞ്ഞ തുക വേറെ വേറെയാണ്.  ഓരോ തരം  അക്കൗണ്ടിനും ബാങ്കുകൾ ഇടപാടുകാർക്ക് നൽകുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും അനുസരിച്ച് ആണ് കുറഞ്ഞ തുക നിശ്ചയിച്ചയിക്കുക. 

bank-account

ബാങ്കിൽ പണം അടയ്ക്കുക, ആവശ്യമുള്ളപ്പോൾ ബാങ്കിൽ ചെന്നോ എ ടി എം വഴിയോ തിരിച്ചെടുക്കുക എന്നിങ്ങനെയുള്ള കുറഞ്ഞ സൗകര്യങ്ങൾ മാത്രം നൽകുന്ന അക്കൗണ്ട് ആണെങ്കിൽ കുറവ് മിനിമം ബാലൻസ് തുക മതിയാകും. എന്നാൽ വലിയ തുക എ ടി എം വഴി തിരിച്ചെടുക്കുക, വിമാനയാത്രയിൽ എയർ പോർട്ട് ലോഞ്ച് സൗകര്യം, വായ്പ എടുക്കുമ്പോൾ ചാർജുകളിലും മറ്റും ഇളവ് , സേഫ് ഡെപോസിറ്റ് ലോക്കർ ഫീസൊന്നും കൂടാതെയോ കുറഞ്ഞ ഫീസൊടുകൂടിയോ നൽകുക എന്നിങ്ങനെ അധിക സൗകര്യങ്ങളോടുകൂടിയ അക്കൗണ്ട് ആണെങ്കിൽ മിനിമം ബാലൻസ് തുക കൂടുതലായിരിക്കും. അക്കൗണ്ടിൽ തുകയൊന്നും അടക്കാതെ തന്നെ തുറക്കാവുന്ന അക്കൗണ്ടുകൾ (Zero Balance), സാലറി അക്കൗണ്ടുകൾ, കുട്ടികളുടെ പേരിലുള്ള അക്കൗണ്ടുകൾ എന്നിങ്ങനെയുള്ള അക്കൗണ്ടുകൾ ആണെങ്കിൽ മിനിമം ബാലൻസ് വയ്ക്കേണ്ട.

ഓരോ തരം അക്കൗണ്ടിനും മിനിമം ബാലൻസ് വെവ്വേറെ ആയതിനാൽ അക്കൗണ്ട് തുടങ്ങുന്ന സമയം കുറഞ്ഞ തുക വയ്ക്കണോ, എങ്കിൽ എത്ര വേണം എന്നതൊക്കെ ബാങ്കിൽ ചോദിച്ച് മനസ്സിലാക്കണം.  അക്കൗണ്ട് തുടങ്ങുമ്പോൾ ഈ തുക അടച്ചാൽ മാത്രം പോരാ.  അക്കൗണ്ടിൽ എല്ലായ്പ്പോഴും ഈ തുക നീക്കിയിരിപ്പ് ഉണ്ടായിരിക്കുകയും വേണം.  ചില തരം അക്കൗണ്ടുകളിൽ മാസംതോറും അല്ലെങ്കിൽ മൂന്നുമാസം കൂടുമ്പോൾ വേണ്ട ശരാശരി ബാലൻസ് (Average Monthly/Quarterly Balance  - AMB/AQB)  ആയിരിക്കും നിബന്ധന. 

എത്രയാണ് ചാർജ്?

മിനിമം ബാലൻസ് തുക അക്കൗണ്ടിൽ വച്ചില്ലെങ്കിൽ ഈടാക്കുന്ന ചാർജ് ഓരോ ബാങ്കിലും ഓരോ രീതിയിലാണ്.  ഇത്രയേ പിടിക്കാവൂ എന്ന് റിസർവ് ബാങ്ക് നിഷ്കർഷിച്ചിട്ടില്ല.  എന്നാൽ ഇത് ന്യായമായിരിക്കണം.  ഇക്കാര്യം റിസർവ് ബാങ്ക് വാർഷിക പരിശോധനയിൽ ഉറപ്പാക്കും.  ഒരു മാസം ഏതെങ്കിലും കുറച്ചു ദിവസങ്ങൾ മാത്രമേ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാതിരുന്നുള്ളുവെങ്കിൽ ആ ദിവസങ്ങൾക്ക്‌ മാത്രമേ (Proportionate) ചാർജ് എടുക്കുവാൻ പാടുള്ളൂ.  അല്ലാതെ, ഒരു ദിവസം മിനിമം ബാലൻസ് ഇല്ലാതിരുന്നു എന്ന കാരണത്താൽ ഒരു മാസത്തെ മുഴുവൻ ചാർജും ഈടാക്കരുത്. 

ചാർജ് അങ്ങനെയങ്ങ് എടുക്കാൻ പാടില്ല

അക്കൗണ്ടിൽ മിനിമം ബാലൻസ് വെച്ചില്ല എന്ന് കരുതി, അതുകൊണ്ട് മാത്രം ചാർജ് പിടിക്കുവാൻ പാടില്ല.  അതിന് ബാങ്കുകൾ പാലിക്കേണ്ട ചില നിബന്ധനകൾ ഉണ്ട്. 

·അക്കൗണ്ട് തുടങ്ങുന്ന സമയം അപേക്ഷ ഫോറത്തിൽ ഏതു തരം അക്കൗണ്ട് ആണെന്നും അക്കൗണ്ടിൽ വയ്ക്കേണ്ട കുറഞ്ഞ തുക എത്രയെന്നും കാണിച്ചിരിക്കണം.

· അക്കൗണ്ടിൽ വയ്ക്കേണ്ട കുറഞ്ഞ തുക എത്രയെന്നും അങ്ങനെ വച്ചല്ലെങ്കിൽ ഈടാക്കുന്ന ചാർജ് എത്രയെന്നും ഇടപാടുകാരെ പറഞ്ഞു മനസിലാക്കണം. 

· ഓൺലൈൻ വഴി തുടങ്ങുന്ന അക്കൗണ്ട് ആണെങ്കിൽ ഈ കാര്യങ്ങൾ വിശദമായി ഓൺലൈൻ ആപ്പിൽ അല്ലെങ്കിൽ ഓൺലൈൻ നിബന്ധനകളിൽ കാണിച്ചിരിക്കണം.

·അക്കൗണ്ട് തുടങ്ങിയതിന് ശേഷം ബാങ്കുകൾ ഇടപാടുകാരെ ഫോണിൽ വിളിച്ച് അക്കൗണ്ട് വിവരങ്ങൾ പറയുന്നുണ്ടെങ്കിൽ (Welcome call) മിനിമം ബാലൻസ് വിവരങ്ങൾ കൂടെ പറഞ്ഞ് മനസിലാക്കണം.

account

·ബാങ്ക് ശാഖയിലെ നോട്ടീസ് ബോർഡിൽ ചാർജ് സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കണം.

·ബാങ്കിന്റെ വെബ് സൈറ്റിൽ  മിനിമം ബാലൻസ് വച്ചില്ലെങ്കിൽ ഈടാക്കുന്ന ചാർജ് എത്രയെന്ന് കാണിക്കണം.

·ഏതെങ്കിലും ഒരു മാസം അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലായിരുന്നുവെങ്കിൽ എസ് എം എസ് വഴിയോ, ഇ മെയിൽ വഴിയോ, സാധാരണ കത്ത് വഴിയോ അക്കാര്യം ഇടപാടുകാരനെ അറിയിക്കണം.  എന്നിട്ടും മിനിമം ബാലൻസ് തുക അക്കൗണ്ടിൽ അടച്ചില്ലെങ്കിൽ മാത്രമേ അടുത്ത മാസം ചാർജ് എടുക്കുവാൻ പാടുള്ളൂ.  മിനിമം ബാലൻസ് എപ്പോഴെല്ലാം ഇത് പോലെ കുറയുന്നുവോ അപ്പോഴെല്ലാം ഇടപാടുകാരന് കത്ത് നൽകണം.

·മിനിമം ബാലൻസ് ചാർജ് പിടിക്കുമ്പോൾ അക്കാര്യം എസ് എം എസ് അലെർട് വഴിയോ ഇ മെയിൽ വഴിയോ ഇടപാടുകാരനെ അറിയിക്കണം.

·തുടർച്ചയായി അക്കൗണ്ടിൽ ഇടപാടുകൾ നടത്താതിരുന്നാൽ അക്കൗണ്ട് ഡോർമെൻറ് (Dormant) രീതിയിലേക്ക് മാറ്റിയിടും.  പിന്നെ ആ അക്കൗണ്ടിൽ ഇടപാടുകൾ നടത്തുവാൻ ബാങ്കിനെ സമീപിച്ച് KYC പുതുക്കുക മുതലായ കാര്യങ്ങൾ ചെയ്യണം.  ഇങ്ങനെ അക്കൗണ്ട് ഡോർമെൻറ് രീതിയിലേക്ക് മാറ്റിയിട്ടാൽ പിന്നെ മിനിമം ബാലൻസ് ചാർജ് ഈടാക്കുവാൻ പാടില്ല.

അക്കൗണ്ടിൽ ബാലൻസ് പൂജ്യം ആയാലോ?

ഇക്കാര്യത്തിൽ ഇടപാടുകാർ ചില സംശയങ്ങൾ പറയാറുണ്ട്.  റിസർവ് ബാങ്ക് നിർദ്ദേശപ്രകാരം, അക്കൗണ്ടിലെ തുക പൂജ്യം ആയാൽ പിന്നെ ചാർജുകൾ ബുക്കിൽ ചേർക്കാൻ പാടില്ല.  അങ്ങനെ ചേർത്താൽ അക്കൗണ്ടിലെ ബാലൻസ് മൈനസ് രീതിയിലേക്ക് താഴും.  ഇങ്ങനെ വന്നാൽ  ബാങ്കുകളുടെ അക്കൗണ്ടിങ് രീതിയിൽ പറഞ്ഞാൽ അക്കൗണ്ട് ഓവർഡ്രാഫ്ട് ആയി എന്ന് പറയും.  ഓവർഡ്രാഫ്ട് രീതിയിൽ അക്കൗണ്ടിലെ തുക 90 ദിവസ്സം കിടന്നാൽ അത് കിട്ടാക്കടം (Non Performing Asset) എന്ന നിലയിലേക്ക് മാറും. 

ഇങ്ങനെ മാറിയാൽ ഇടപാടുകാരുടെ സിബിൽ സ്കോറിനെയും മറ്റും ബാധിക്കും. ഈ സാഹചര്യം ഒഴിവാക്കുവാൻ വേണ്ടിയാണ് അക്കൗണ്ട് പൂജ്യം ബാലൻസിൽ എത്തിയാൽ പിന്നെ ചാർജുകൾ ഒന്നും തന്നെ ബുക്കിൽ ചേർക്കുവാൻ പാടില്ല എന്ന് നിർദ്ദേശിച്ചിട്ടുള്ളത്.  അതിനാൽ ബാങ്കുകൾ പൂജ്യം ബാലൻസിൽ എത്തിയ അക്കൗണ്ടുകളിൽ പിന്നീട് ചാർജുകൾ ചേർക്കില്ല.  അതിനർത്ഥം, ചാർജുകൾ ഒഴിവാക്കി എന്നല്ല. അക്കൗണ്ടിൽ എപ്പോഴാണോ തുക വരുന്നത് അപ്പോൾ അതുവരെയുള്ള ചാർജുകൾ അതിൽ നിന്ന് എടുക്കും. 

മിനിമം ബാലൻസ് വയ്ക്കേണ്ട അക്കൗണ്ട് ആണ് ഉള്ളതെങ്കിൽ, ഏതെങ്കിലും കാരണവശാൽ അക്കൗണ്ടിൽ കുറഞ്ഞ തുക വയ്ക്കുവാൻ കഴിയുന്നില്ലെങ്കിൽ, തുടർന്ന് അക്കൗണ്ട് ഉപയോഗിക്കുവാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ, ബാങ്കിൽ അപേക്ഷ നൽകി അക്കൗണ്ട് അവസാനിപ്പിക്കുന്നതാണ് നല്ലത്.  അല്ലെങ്കിൽ, മിനിമം ബാലൻസ് നിഷ്കർഷ ഇല്ലാത്ത അക്കൗണ്ടിലേക്ക് മാറുന്നതും നല്ലതാണ്. 

ലേഖകൻ ഫെഡറൽ ബാങ്കിലെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനുമാണ് kallarakkalbabu@gmail.com

English Summary:

Learn about RBI guidelines on minimum balance charges. Discover whether banks can charge when your account balance is zero and how to avoid these charges.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com