ജിഎസ്ടി ക്യു ആൻഡ് എ: മദ്യത്തിനു ലൈസൻസ് അനുവദിക്കുന്നതിനുള്ള സേവനം ജിഎസ്ടിയുടെ പരിധിയിൽ വരില്ല

Mail This Article
(ജിഎസ്ടി ക്യൂ ആൻഡ് എയിൽ സ്റ്റാൻലി ജെയിംസ് നൽകിയ മറുപടി)
ഞങ്ങൾ പാലക്കാട്ട് ഒരു ഡിസ്റ്റിലറി കമ്പനി നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എക്സൈസ് ജീവനക്കാർക്ക് കൊടുക്കുന്ന ശമ്പളം സർക്കാർ ട്രഷറിയിലാണ് അടയ്ക്കുന്നത്. ഇപ്പോൾ ജിഎസ്ടി നിയമപ്രകാരം ഇതിന് റിവേഴ്‌സ് ചാർജ് (RCM) അടയ്ക്കണമെന്ന് പറഞ്ഞ് നോട്ടിസ് വന്നു. ഇത് ശരിയാണോ എന്ന് വിശദീകരിക്കാമോ?
അരുൺകുമാർ, പാലക്കാട്
∙ ജിഎസ്ടി നിയമത്തിനു പുറത്തുള്ള ഉൽപന്നമായിട്ടാണ് മദ്യവും അത് ഉൽപാദിപ്പിക്കുന്ന ഡിസ്റ്റിലറിയും കണക്കാക്കുന്നത്. എസ്റ്റാബ്ലിഷ്മെന്റ് ചെലവുകൾ എന്ന രൂപത്തിൽ താങ്കൾ സംസ്ഥാന എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സൂപ്പർവൈസറി ജോലിയുമായി ബന്ധപ്പെട്ട് ഡിസ്റ്റിലറിയിൽ നിന്നു കൊടുക്കുന്ന തുകയാണിതെന്ന് മനസ്സിലാക്കുന്നു. ഈ പ്രവൃത്തികളെല്ലാം കേരള അബ്കാരി ആക്ടിന്റെ കീഴിൽ വരുന്നതാണ്.
2019 സെപ്റ്റംബർ 30 ലെ നോട്ടിഫിക്കേഷൻ നം.. 25/2019 Central Tax (Rate) പ്രകാരം താഴെ പറയുന്ന കാര്യങ്ങൾ ചരക്കിന്റെയോ സേവനത്തിന്റെയോ സപ്ലൈ അല്ല എന്ന് വിശദീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം ലൈസൻസ് ഫീ, അപേക്ഷ ഫീ എന്നിങ്ങനെ മദ്യത്തിനു ലൈസൻസ് അനുവദിക്കുന്നതിനുള്ള സേവനം, ജിഎസ്ടിയുടെ പരിധിയിൽ വരുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business