സേഫല്ല ബാങ്കുനിക്ഷേപവും

Mail This Article
‘എന്നാലും ഒരു കറിക്കത്തികാട്ടി ബാങ്കീന്ന് എത്ര അനായാസമാണ് പുള്ളി 15 ലക്ഷം രൂപ എടുത്തോണ്ടുപോയത്!’ ട്രയിനിൽ എതിര്‍സീറ്റിലിരുന്ന മധ്യവയസ്‌കന്‍ ഉച്ചത്തില്‍ പറഞ്ഞു. ഞാന്‍ ഫോണില്‍നിന്നു തലയുയര്‍ത്തി പുള്ളിയെ നോക്കി ചിരിച്ചു. ഈയിടെ നടന്ന ബാങ്കുമോഷണവാര്‍ത്ത ഫോണില്‍ വായിച്ചശേഷമുള്ള പ്രതികരണമാണ്.
‘അതേയതേ, നമ്മളൊക്കെ കുറച്ചു പൈസ പിന്‍വലിക്കാന്‍ചെന്നാല്‍ എന്തെല്ലാം നൂലാമാലകളാണ്. സ്ലിപ്പ് പൂരിപ്പിക്കണം, ക്യൂനില്‍ക്കണം. ടോക്കണെടുക്കണം. ശ്ശോ, കത്തിയുമായി വന്നാല്‍ എന്നാ എളുപ്പമാ.’ തൊട്ടടുത്തിരുന്ന ആളും കൂടെക്കൂടിയതോടെ ചര്‍ച്ച കൊഴുത്തു.

‘അല്ലേലും നമ്മളൊക്കെ എന്നാ വിശ്വസിച്ചാ ബാങ്കിലോക്കെ പൈസ കൊണ്ടുപോയി ഇടുന്നത്. പോയാല്‍ പോയി. കിട്ടിയാല്‍ കിട്ടി,’ മറ്റൊരു യാത്രക്കാരനും പങ്കുചേര്‍ന്നു.‘അതൊന്നും ഓര്‍ത്തു പേടിക്കേണ്ട. ബാങ്കു ഡിപ്പോസിറ്റിനെല്ലാം ഇന്‍ഷുറന്‍സുണ്ട്. ആരെടുത്തുകൊണ്ടുപോയാലും നമുക്കു നമ്മുടെ പൈസ കിട്ടും, അല്ലേ സാറേ,’ ആദ്യത്തെ ആള്‍ എന്നെ നോക്കി ചോദിച്ചു. ഞാന്‍ മറുപടി പറയാന്‍ തുടങ്ങുംമുൻപേ രണ്ടാമത്തെയാള്‍ പറഞ്ഞു: ‘അങ്ങനെ പോയാല്‍ അതിനു മുഴുവന്‍ തുകയൊന്നും കിട്ടില്ല. ആകെ അഞ്ചു ലക്ഷം രൂപവരെയേ കിട്ടൂ.’അത്രയുമായപ്പോൾ ഞാനിടപെട്ടു: ‘ബാങ്കില്‍നിന്നു പണം മോഷണംപോയാല്‍ അതൊന്നും നിക്ഷേപകരെ ബാധിക്കില്ല. ബാങ്ക് അതെല്ലാം കൃത്യമായി തിരികെത്തരും. അതേക്കുറിച്ച് ആശങ്ക വേണ്ട. ബാങ്ക് തകര്‍ന്ന്അടച്ചുപൂട്ടിയാൽ ആണ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഭാഗമായി അഞ്ചു ലക്ഷം രൂപവരെയുള്ള നിക്ഷേപം തിരികെക്കിട്ടുക,’ ഞാൻ പറഞ്ഞു.‘അതെന്നാ സാറേ, മനസ്സിലായില്ല. ഒന്നുകൂടി വ്യക്തമാക്കാമോ?’
‘സംഗതി സിംപിളാണ്. ഒരു ബാങ്കില്‍ നമുക്കു 10 ലക്ഷം രൂപ നിക്ഷേപമുണ്ടെന്നു കരുതുക. ആ ബാങ്ക് പൂട്ടിപ്പോയാൽ നമുക്കു 10 ലക്ഷം രൂപയും തിരികെക്കിട്ടുമെന്ന് ഉറപ്പില്ല. പക്ഷേ, ആ 10 ലക്ഷത്തിന്റെ നിക്ഷേപത്തില്‍ അഞ്ചു ലക്ഷം രൂപ തിരികെക്കിട്ടുമെന്ന് ഉറപ്പാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളും അവരുടെ നിക്ഷേപങ്ങള്‍ ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷനിൽ ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്. ഈ സ്ഥാപനമാണ് നമുക്ക് അഞ്ചു ലക്ഷം രൂപവരെയുള്ള നിക്ഷേപത്തുക തിരികെത്തരുന്നത്.’‘അപ്പോള്‍ ബാക്കി തുക തിരികെക്കിട്ടില്ല എന്നാണോ?’
ഒരേ സ്വരത്തില്‍ പലരുടേയും ചോദ്യം ഉയർന്നു.
‘ബാക്കി തുകയുടെ കാര്യത്തില്‍ ഉറപ്പില്ല. തകര്‍ന്ന ബാങ്ക് മറ്റൊരു ബാങ്കില്‍ ലയിക്കുകയോ ബാധ്യത ഏറ്റെടുക്കുകയോ ചെയ്താല്‍ ആനുപാതികമായി ബാക്കി തുക തിരികെ കിട്ടാം. പക്ഷേ ഉറപ്പൊന്നുമില്ല. ഇന്ത്യയില്‍ ബാങ്കുകള്‍ തകരാറുണ്ടെങ്കിലും അത്തരം ബാങ്കുകളെല്ലാം ഏറ്റെടുക്കപ്പെടാറുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ഏറ്റെടുക്കലുകള്‍ക്കും സാധ്യത കുറവാണ്.’
‘അപ്പോള്‍ ബാങ്കിലിടുന്നതും സേഫല്ല എന്നു ചുരുക്കം,’ ആദ്യത്തെയാള്‍ പറഞ്ഞു.‘ഈ അഞ്ചുലക്ഷം രൂപയുടെ പരിധി 15 ലക്ഷമായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതുകൊണ്ട് അത്ര നിരാശ വേണ്ട.’‘അപ്പോ പിന്നെ ഈ പണമൊക്കെ എവിടെക്കൊണ്ടുപോയി സുരക്ഷിതമായിവയ്ക്കും.’ രണ്ടാമത്തെയാള്‍ നെടുവീര്‍പ്പിട്ടു. ‘പണം സൂക്ഷിച്ചുവയ്ക്കാനുള്ളതല്ല, ചെലവഴിക്കാനുള്ളതാണെന്നാണല്ലോ,’ ആദ്യത്തെയാള്‍ തന്റെ അമര്‍ഷം പ്രകടിപ്പിച്ചു.
പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും ഇൻഫർമേഷൻ–പബ്ലിക് റിലേഷൻസ് വകുപ്പിൽ ഉദ്യോഗസ്ഥനുമാണ് ലേഖകൻ jayakumarkk@gmail.com
മാർച്ച് ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്