അമ്മയ്ക്കായി കേക്ക് ഒരുക്കി കാത്തിരുന്ന് പത്മയും കമലയും; വിഡിയോ പങ്കുവച്ച് അശ്വതി ശ്രീകാന്ത്
Mail This Article
മാതൃദിനത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറയെ അമ്മയ്ക്കുള്ള ആശംസകളായിരുന്നു. എന്നാൽ ഏറെ രസകരമായ ഒരു മാതൃദിനാഘോഷത്തിന്റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ഇളയ മകൾ കമല തന്നെയാണ് വിഡിയോയിലെ താരം. അമ്മയ്ക്ക് ആശംസകളും കേക്കുമായി പത്മയും ഒപ്പമുണ്ട്. ക്യൂട്ട് എന്ന വിശേഷണത്തോടെയാണ് വിഡിയോ ഭൂരിപക്ഷം പേരും സ്വീകരിച്ചിരിക്കുന്നത്.
കേക്ക് ഒരുക്കിവെച്ചാണ് മക്കൾ ഇരുbരും അമ്മയെ കാത്തിരിക്കുന്നത്. എന്തിനാണ് ഈ കേക്ക് എന്ന അമ്മയുടെ ചോദ്യത്തിന് ''നമ്മുക്ക് മുറിച്ചെണ്ടേ?'' എന്നാണ് കമലയുടെ മറുപടി. അമ്മയ്ക്ക് ആശംസകൾ പറയാൻ ചേച്ചി പത്മ ഓർമിപ്പിക്കുമ്പോൾ വാക്കുകൾ സ്ഫുടമല്ലെങ്കിലും ഹാപ്പി മദേർസ് ഡേ എന്ന് ഒരു വിധത്തിൽ പറഞ്ഞൊപ്പിക്കുന്നുണ്ട് കമല. കൊഞ്ചിയുള്ള ആ ആശംസകൾ ഒരിക്കൽ കൂടി കേൾക്കാൻ ആരും കൊതിച്ചു പോകും. അശ്വതിയും ചോദിക്കുന്നുണ്ട് എന്ത് ഡേ ആണെന്ന്. ഒരിക്കൽ കൂടി ഹാപ്പി മദേഴ്‌സ് ഡേ പറയുന്നുണ്ട് കുഞ്ഞുകമല. മുഖത്തും കൈകളിലും മുഴുവൻ കേക്കിൽ മുങ്ങിയിരിക്കുന്ന കമലയുടെ ചിത്രത്തോടെയാണ് അശ്വതി പങ്കുവെച്ച വിഡിയോ അവസാനിക്കുന്നത്.
മാതൃദിനം ആഘോഷിക്കാൻ പദ്ധതി തയാറാക്കിയതും നടപ്പിലാക്കിയതും പത്മ ആണെന്നു വിഡിയോയ്ക്കു ഒപ്പമുള്ള കുറിപ്പിൽ അശ്വതി പറയുന്നുണ്ട്. താരങ്ങളും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് കമലയുടെ സംസാരവും ആശംസയും വളരെ ക്യൂട്ട് ആയിട്ടുണ്ടെന്ന അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേർ ഹൃദയത്തിന്റെ ഇമോജിയും വിഡിയോയ്ക്ക് താഴെ കമെന്റ് ആയി കുറിച്ചിട്ടുണ്ട്.