യൂറോപ്പിൽ ഏറ്റവും ഉയരത്തിലുള്ള നഗരം: അടിപൊളി ശുദ്ധവായു ലഭിക്കുന്ന ദാവോസ്

Mail This Article
സ്വിറ്റ്സർലൻഡിലെ ആൽപ്സ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ് ദാവോസ്. 10832 മാത്രമാണ് ഇവിടത്തെ ജനസംഖ്യ. എന്നാൽ ലോകമെങ്ങും പ്രശസ്തമാണ് ദാവോസ്. കാരണമെന്തെന്നോ? ലോക സാമ്പത്തിക ഫോറം ഉച്ചകോടി ഇവിടെയാണു നടക്കുന്നത്. ഇത്തവണത്തെ ഉച്ചകോടി 20 മുതലാണ്. കനത്ത സുരക്ഷയാണു ദാവോസിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മേഖലയിലൂടെയുള്ള വ്യോമഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. വിവിധ സേനാവിഭാഗങ്ങളും അത്യാധുനിക ആയുധങ്ങളുമൊക്കെ എത്തിച്ചിട്ടുണ്ട്. ഇത്രയും വിഐപികൾ വരുന്നതല്ലേ.
ലാൻഡ്‌വാസർ എന്ന നദിക്കരയിലാണു ദാവോസ്. പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു ഹെൽത്ത് റിസോർട്ട് എന്ന പേരിലാണു ദാവോസ് പ്രശസ്തമായത്. ശുദ്ധമായ വായു ലഭിക്കുന്നയിടങ്ങളെയാണു ഹെൽത്ത് റിസോർട്ട് എന്ന ഗണത്തിൽപെടുത്തുന്നത്. ലോക സാമ്പത്തിക ഉച്ചകോടി നടക്കാൻ തുടങ്ങിയതോടെയാണു പട്ടണം ഇത്രയും പ്രശസ്തി നേടിയത്. യൂറോപ്പിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നഗരമെന്ന പെരുമ ദാവോസിനുണ്ട്. സമുദ്രനിരപ്പിൽനിന്ന് 1560 കിലോമീറ്റർ ഉയരത്തിലാണ് ഇതിന്റെ സ്ഥാനം.
രണ്ടാം ലോകയുദ്ധത്തിൽ സ്വിറ്റ്സർലൻഡ് ചേരികളിൽനിന്നൊഴിഞ്ഞെങ്കിലും ദാവോസിൽ നാസി സാന്നിധ്യം കൂടുതലായിരുന്നു. ആ നിലയ്ക്ക് അൽപം കുപ്രസിദ്ധി പട്ടണത്തിനു വന്നു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ഇത്തവണത്തെ ഫോറത്തിൽ യുദ്ധങ്ങൾ സാമ്പത്തികരംഗത്തിന് ഉയർത്തുന്ന ഭീഷണിയാണു പ്രധാനവിഷയം. രണ്ടാമതായി കാലാവസ്ഥാ പ്രശ്നങ്ങളും ചർച്ച ചെയ്യും.
ഫോറത്തിൽ ഡോണൾഡ് ട്രംപ് വെർച്വൽ രീതിയിൽ 23ന് പങ്കെടുക്കും. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലിൻസ്കി പ്രസംഗിക്കാനെത്തുന്നുണ്ട്. സിറിയ, ഗാസ എന്നിവിടങ്ങളിലെ സ്ഥിതിഗതികളും ഫോറം ചർച്ച ചെയ്യും. കടുത്ത കാലാവസ്ഥ, ജൈവനാശം, പ്രകൃതിവിഭവങ്ങളുടെ ദൗർലഭ്യം എന്നിവ യോഗം ചർച്ച ചെയ്യുന്ന പരിസ്ഥിതി വിഷയങ്ങളാണ്.കഴിഞ്ഞ വർഷം ശരാശരി ആഗോള താപനില അനുവദനീയമായതിൽ നിന്ന് 1.5 ഡിഗ്രി കൂടിയതും ചർച്ചയിൽ വിഷയമാകും.
ഇന്നു മുതൽ 19 വരെ നടക്കുന്ന സാമ്പത്തിക ഫോറത്തിൽ ഇന്ത്യയിൽനിന്നു നൂറിലേറെ വ്യവസായികളും പങ്കെടുക്കുമെന്നാണു വിവരം. ഇതുവരെ അയച്ചതിൽ ഏറ്റവും വലിയ പ്രതിനിധി സംഘമാണ് ഇത്തവണ ഇന്ത്യയിൽ നിന്ന്. 5 കേന്ദ്രമന്ത്രിമാരും 3 മുഖ്യമന്ത്രിമാരും മറ്റു സംസ്ഥാന മന്ത്രിമാരും രാജ്യത്തെ നൂറോളം സ്ഥാപനങ്ങളിലെ സിഇഒമാരും സംഘത്തിലുണ്ട്. 130 രാജ്യങ്ങളിൽ നിന്നായി 3000 അതിഥികളാണു പങ്കെടുക്കുന്നത്. ലോകത്തെ 900 സിഇഒമാർ പരിപാടിയിലുണ്ട്.