ഭൂമിയിൽ പ്രത്യക്ഷപ്പെട്ട ആദ്യ കര! ജാർഖണ്ഡിലെ സിംഹങ്ങളുടെ ഭൂമി

Mail This Article
ഛോട്ടാനാഗ്പുർ പീഠഭൂമിയുടെ ഭാഗമായുള്ള ജില്ലയായിരുന്നു സിംഘ്ഭൂം. ബ്രിട്ടിഷ് ഭരണകാലത്ത് ജാർഖണ്ഡിൽ സ്ഥിതി ചെയ്തിരുന്ന ഈ ജില്ല ഇന്ന് കിഴക്കൻ സിംഘ്ഭൂം, പടിഞ്ഞാറൻ സിംഘ്ഭൂം എന്നിങ്ങനെ രണ്ടു ജില്ലകളാണ്. സിംഹങ്ങൾ വിഹരിക്കുന്നയിടമെന്നാണ് ഈ പേരിന്റെ അർഥം. ഇന്ത്യയിലെ ചെമ്പ് ഖനനത്തിന്റെയും ഉത്പാദനത്തിന്റെയും നല്ലൊരു പങ്കും നടക്കുന്നത് ഈ മേഖലയിലാണ്.
എന്നാൽ സിംഘ്ഭൂമിന് വളരെ പ്രത്യേകതയുള്ള ഒരു സവിശേഷതയുണ്ട്. ഇതിനു മാത്രം അവകാശപ്പെട്ട പ്രത്യേകത. ജലം നിറഞ്ഞുകിടന്ന ഭൂമിയിൽ ആദ്യമുയർന്ന കരഭാഗം ഇതായിരുന്നത്രേ. കരകൾ സമുദ്രത്തിൽ നിന്നുയർന്നത് 320 കോടി വർഷം മുൻപാണെന്ന് ഇന്ത്യ, ഓസ്ട്രേലിയ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷക സംഘം ഇടയ്ക്കു കണ്ടെത്തിയിരുന്നു
സിംഘ്ഭൂമിൽ ആദിമ ചുണ്ണാമ്പുകല്ലുകൾ ശാസ്ത്രജ്ഞർ പരിശോധിച്ചു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചുണ്ണാമ്പുകല്ലുകളാണ് ഇവയെന്നു ഭൗമശാസ്ത്രജ്ഞർ അംഗീകരിക്കുന്നുണ്ടെങ്കിലും ഇവയുടെ പ്രായം കണക്കാക്കിയിരുന്നില്ല. നദികളൊഴുകിയ അടയാളങ്ങൾ, സമതലങ്ങൾ, ബീച്ചുകൾ തുടങ്ങിയവയും ഇവിടെ നിലനിന്നതായി ഇവർ കണ്ടെത്തിയിട്ടുണ്ട്. ചുണ്ണാമ്പുകല്ലുകളിലെ യുറേനിയം, ലെഡ് എന്നീ മൂലകങ്ങളുടെ സാന്നിധ്യം വിലയിരുത്തി, എത്രകാലം മുൻപാണ് ഇവ രൂപപ്പെട്ടതെന്ന് അന്ന് ഗവേഷകർ കണ്ടെത്തി. അങ്ങനെയാണ് ഇവയ്ക്ക് 320 കോടി വർഷം പ്രായമുണ്ടെന്നു കണ്ടെത്തിയത്. ആദിമ കാലത്ത് ഭൂമി മുഴുവൻ വെള്ളം നിറഞ്ഞു കിടന്ന സമയത്ത് ഉയർന്ന് ആദ്യ കര!
കോടിക്കണക്കിനു വർഷങ്ങൾ കടന്നുപോകവെ സിംഘ്ഭൂം മേഖലയുടെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കൂടി. ഇത്തരത്തിൽ ഉയർന്നു വന്ന ആദ്യ കരകൾ സ്യാനോബാക്ടീരിയ എന്ന സൂക്ഷ്മകോശ ജീവികൾക്കു വീടൊരുക്കി. ഇവയാണ് ഭൂമിയിൽ ഓക്സിജൻ നിർമാണത്തിനു വഴിവച്ചത്. പ്രിയദർശിനി ചൗധരി എന്ന ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലായിരുന്നു അന്നു ഗവേഷണം നടന്നത്.