മണിക്കൂറിൽ 100 കിലോമീറ്റർ വരെ! എങ്ങനെയാണ് ചീറ്റകൾ ഇത്ര വലിയ ഓട്ടക്കാരായത്?

Mail This Article
ലോകത്തിലെ സവിശേഷ മൃഗങ്ങളിലൊന്നാണ് ചീറ്റകൾ. ലോകത്തിലെ ജീവികളിൽ ഏറ്റവും വേഗത്തിൽ ഓടാനുള്ള കഴിവാണ് ചീറ്റകളെ അദ്വിതീയരാക്കുന്നത്. മണിക്കൂറിൽ 80 മുതൽ 100 വരെ കിലോമീറ്റർ വേഗത്തിൽ ഓടാനുള്ള കഴിവ് ഇവയ്ക്കുണ്ട്. മനുഷ്യരുടെ സാധാരണ വേഗം മണിക്കൂറിൽ 13 കിലോമീറ്റർ എന്നതാണ്. ഏറ്റവുമുയർന്ന വേഗം മനുഷ്യർ കൈവരിച്ചിട്ടുള്ളത് മണിക്കൂറിൽ 43.99 എന്ന വേഗവും (ഉസൈൻ ബോൾട്ട്).വേഗത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണു ചീറ്റകളുടെ ശരീരം. സിംഹം, കടുവ പോലുള്ള മറ്റ് വലിയ മാർജാരജീവികളെ അപേക്ഷിച്ച് ചീറ്റകൾക്ക് മെലിഞ്ഞ ശരീരവും നീളമുള്ള കാലുകളുമാണുള്ളത്.
ഇതിനാൽ തന്നെ ഇവയ്ക്കു ഓടുമ്പോൾ വായുവിൽ നിന്നും മറ്റും നേരിടുന്ന പ്രതിരോധം കുറവാണ്. ഇവയുടെ അസ്ഥികൾക്കും താരതമ്യേന ഭാരം കുറവാണ്. ശക്തമായ പിൻകാലുകൾ ഉയർന്ന വേഗത്തിൽ കുതിക്കാനുള്ള വേഗം ഇവയ്ക്കു നൽകുന്നു. വളരെ സവിശേഷമായ പേശീഘടനയും മറ്റും ഇവയ്ക്കു വലിയ വേഗത്തിൽ കുതിക്കാനുള്ള ശേഷി പകരുന്നതാണ്. കാലുകളിലെ ചില കലകൾ ഷോക് അബ്സോർബർ പോലെ പ്രവർത്തിക്കുന്നവയുമാണ്. ചീറ്റയെ ഭൂമിയിലെ ഏറ്റവും വലിയ വേഗക്കാരനാക്കി മാറ്റിയത് ഈ സവിശേഷതകളെല്ലാമാണ്.
സിംഹം, കടുവ, ജാഗ്വർ പുലി, ലെപ്പേർഡ് പുലി തുടങ്ങിയ ജീവിലോകത്തെ വീരശൂരപരാക്രമികൾ അടങ്ങിയ മാർജാര കുടുംബത്തിൽപെട്ടതാണു ചീറ്റകൾ. പുലികളെ അനുസ്മരിപ്പിക്കുന്ന ആകാരവും ഇവയ്ക്കുണ്ട്. എന്നാൽ കുടുംബത്തിന്റേയും രൂപത്തിന്റേയും ഗാംഭീര്യമൊന്നും ചീറ്റകളുടെ ശബ്ദത്തിനില്ല. പക്ഷികളെപ്പോലെ ചിർപ് ശബ്ദമാണ് ഇവയുടെ കരച്ചിൽ. യൂട്യൂബിലോ മറ്റോ ചീറ്റകളുടെ കരച്ചിലിനായി ഒന്നു തിരഞ്ഞുനോക്കൂ, പക്ഷികളാണ് കരയുന്നതെന്ന് നമുക്ക് തോന്നിപ്പോകും.
ചീറ്റകൾ സാധാരണ ഈ ശബ്ദമാണ് പുറപ്പെടുവിക്കാറുള്ളതെങ്കിലും മറ്റ് പലതരം ശബ്ദങ്ങളും ഇവയുടെ കണ്ഠനാളികളിൽ നിന്നു വരാറുണ്ട്. സീൽക്കാരങ്ങളും ചെറിയ കുരപോലുള്ള ശബ്ദങ്ങളുമൊക്കെ ഇക്കൂട്ടത്തിൽപെടും. എന്നാൽ ഇവയൊന്നും സിംഹങ്ങളുടെയോ പുലികളുടെയോ കടുവകളുടേയോ ഗർജനവുമായി താരതമ്യപ്പെടുത്താനാവില്ല. ചീറ്റകൾക്ക് ഗർജനത്തിനുള്ള കഴിവില്ല.
ചീറ്റകൾ പൊതുവെ നാണംകുണുങ്ങികളായ മൃഗങ്ങളാണ്. സിംഹം പോലുള്ള ശക്തരായ മൃഗങ്ങളുമായി സംഘർഷം ഉടലെടുക്കുന്ന പക്ഷം ഇവ പൊരുതാനല്ല, മറിച്ച് ഓടിരക്ഷപ്പെടാനാണു ശ്രമിക്കുക. മനുഷ്യരെ ആക്രമിക്കാനും ചീറ്റയ്ക്ക് വലിയ താൽപര്യമില്ല. വനങ്ങളിലും മറ്റും ചീറ്റകൾ മനുഷ്യരെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവങ്ങളും കുറവാണ്.
സിംഹങ്ങളുടെയും കടുവകളുടെയും തറവാടായ ഇന്ത്യയിലും കുറച്ചുകാലം മുൻപ് ചീറ്റകളെത്തിയിരുന്നു. ആഫ്രിക്കയിലെ ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളിൽ നിന്നാണ് ഇവയെത്തിയത്. ലോകത്തുള്ള മൊത്തം ചീറ്റകളിൽ പകുതിയും ദക്ഷിണാഫ്രിക്കയിലും നമീബിയയിലും ബോട്സ്വാനയിലുമാണ് താമസിക്കുന്നത്.മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലാണ് ഇന്ത്യയിലെത്തിയ ചീറ്റകൾ വസിക്കുന്നത്. മുൻപ് ഇന്ത്യയിൽ ചീറ്റകളുണ്ടായിരുന്നു. 1952ൽ ഇവയ്ക്കു വംശനാശം സംഭവിച്ചു..