കരുത്തുറ്റ കാവൽ; സിഐഎസ്എഫിന് ഈ വർഷം 55 വയസ്

Mail This Article
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് എന്ന സിഐഎസ്എഫിന് ഈ വർഷം 55 വയസ്സു തികയും. 1969ലാണ് രാജ്യത്തിന്റെ അഭിമാനമായ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി 1968ലെ സിഐഎസ്എഫ് ആക്ടിന്റെ അടിസ്ഥാനത്തിൽ സേന രൂപീകൃതമാകുന്നത്. ആദ്യ കാലത്ത് ‘പാരാമിലിറ്ററി’ സേന എന്ന വിശേഷണമാണ് സിഐഎസ്എഫിനും ഉണ്ടായിരുന്നത് എങ്കിലും പിന്നീട് സമാന സ്വഭാവമുള്ള വിവിധ സേനകളെ ഒരുമിച്ചു ചേർത്ത് ‘സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ്’ (സിഎപിഎഫ്) എന്നു പേരുമാറ്റി.
ഇന്ത്യൻ മിലിറ്ററി (ഇന്ത്യൻ ആംഡ് ഫോഴ്സസ്) പ്രതിരോധ മന്ത്രാലയത്തിനു കീഴിലും സിഎപിഎഫ് സേനകൾ എല്ലാം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുമാണു പ്രവർത്തിക്കുന്നത്. സിഐഎസ്എഫ്, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), അസം റൈഫിൾസ് (എആർ), സിആർപിഎഫ് (സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്), ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), നാഷനൽ സെക്യൂരിറ്റി ഗാർഡ്സ് (എൻഎസ്ജി), സശസ്ത്ര സീമ ബെൽ (എസ്എസ്ബി) എന്നീ 7 സേനകൾ സിഎപിഎഫിനു കീഴിലാണെങ്കിലും അസം റൈഫിൾസിന്റെ ഭരണനിർവഹണം ഇന്ത്യൻ കരസേനയാണു നിർവഹിക്കുന്നത്.
. ഒന്നര ലക്ഷത്തിനു മേൽ അംഗങ്ങളുള്ള സേനാ വിഭാഗമായ സിഐഎസ്എഫിന്റെ ആസ്ഥാനം ഡൽഹി ആണ്. തുടങ്ങുമ്പോൾ അയ്യായിരത്തിൽ താഴെയായിരുന്നു അംഗസംഖ്യ. നോർത്തേൺ (ഡൽഹി), സതേൺ (ചെന്നൈ), വെസ്റ്റേൺ (മുംബൈ), ഈസ്റ്റേൺ (പട്ന), നോർത്ത് ഈസ്റ്റേൺ (കൊൽക്കത്ത), എയർപോർട്ട് (ഡൽഹി), പരിശീലനം, സൗത്ത് ഈസ്റ്റ്, സെൻട്രൽ എന്നീ വിഭാഗങ്ങളാണ് സേനയ്ക്കുള്ളത്.
. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രധാനപ്പെട്ട ഇതര സ്ഥാപനങ്ങളുടെയും സുരക്ഷയ്ക്കായി ആണ് സേന രൂപീകൃതമായത്. എങ്കിലും പാർലമെന്റ് ഹൗസുകൾ (പുതിയതും പഴയതും), പ്രധാനപ്പെട്ട മറ്റു സർക്കാർ കെട്ടിടങ്ങൾ, ഡൽഹി മെട്രോ, പൈതൃക സ്ഥലങ്ങൾ (താജ്മഹൽ പോലുള്ളവ), എയർപോർട്ടുകൾ, ആണവ നിലയങ്ങൾ, ബഹിരാകാശ കേന്ദ്രങ്ങൾ, തുറമുഖങ്ങൾ, ഇതര ഊർജ നിലയങ്ങൾ, കശ്മീരിലെ പ്രധാനപ്പെട്ട ജയിലുകൾ, പ്രധാനപ്പെട്ട സ്വകാര്യ സ്ഥാപനങ്ങൾ (അവരുടെ അഭ്യർഥനപ്രകാരം – ഫീസ് ഒടുക്കിക്കൊണ്ട്), പൊതുമേഖലാ സ്ഥാപനങ്ങൾ, ആയുധ നിർമാണ കേന്ദ്രങ്ങൾ എന്നിവയുടെ സുരക്ഷയും പൊതുവേയുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങളും ഇപ്പോൾ സിഐഎസ്എഫിന്റെ കർത്തവ്യങ്ങളിൽപ്പെടുന്നു.
. വിഐപി സുരക്ഷ, സുരക്ഷാ സംബന്ധമായ സ്വകാര്യ കൺസൽറ്റൻസി ജോലികൾ എന്നിവയും സേന കൈകാര്യം ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് – ആഭ്യന്തര സുരക്ഷ ജോലികളും നക്സൽ – വിഘടനവാദി വേട്ടയും സർക്കാർ ചുമതലപ്പെടുത്തിയാൽ സിഐഎസ്എഫ് ഏറ്റെടുത്തു ചെയ്യും. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സിഐഎസ്എഫിനു സ്വന്തമായി ഒരു അഗ്നിരക്ഷാ വിഭാഗവും ഉണ്ട്. ഇത്തരത്തിലൊരു പ്രത്യേക അഗ്നിരക്ഷാ വിഭാഗം ഉള്ള ഏക സിഎപിഎഫ് ആണ് സിഐഎസ്എഫ്. ഇവരുടെ ഫയർ ഫൈറ്റിങ് വിങ് ആദ്യമായി പ്രവർത്തനം തുടങ്ങിയത് കൊച്ചി ഫാക്ടിലാണ്.
. ഇന്ത്യൻ പൊലീസ് സർവീസിൽ (ഐപിഎസ്) നിന്നുള്ള ഉദ്യോഗസ്ഥരാണ് സേനയുടെ പ്രധാനപ്പെട്ട തസ്തികകളിലെല്ലാം ഉള്ളത്. സിഐഎസ്എഫ് മേധാവിയെ ഡയറക്ടർ ജനറൽ (ഡിജി) എന്നും ഉപമേധാവിയെ അഡീഷനൽ ഡയറക്ടർ ജനറൽ (എഡിജി) എന്നുമാണു വിളിക്കുക.
. ആർ.എസ്. ഭട്ടി ആണ് നിലവിൽ സിഐഎസ്എഫ് ഡിജി.
സമാധാന സേന
2009ൽ പാർലമെന്റ് വരുത്തിയ ഭേദഗതി പ്രകാരം സിഐഎസ്എഫിനു യുഎൻ സമാധാന സേനയുടെ ഭാഗവുമാകാം. ഇതനുസരിച്ച്, കരീബിയൻ രാജ്യമായ ഹെയ്തിയിലെ ആഭ്യന്തര കലഹം പരിഹരിക്കാനും മറ്റുമായി ഒരുമിച്ചു കൂട്ടിയ യുഎൻ സമാധാന സേനയിൽ സിഐഎസ്എഫ് അംഗങ്ങളും ഉണ്ടായിരുന്നു. 2018ൽ ഇതിൽ ഭൂരിഭാഗം പേരും ഇന്ത്യയിൽ തിരിച്ചെത്തി. പാരിസ് ഒളിംപിക്സ് നിയന്ത്രിക്കുന്നതിനു ഫ്രഞ്ച് പൊലീസിനെ സഹായിക്കാനായും സിഐഎസ്എഫ് സംഘം പോയിരുന്നു.