അന്റാർട്ടിക്കയിലെ ഏറ്റവും വലിയ കരജീവി! മൈനസ് 15 ഡിഗ്രി വരെ താപനിലയിൽ ജീവിക്കുന്ന അന്റാർട്ടിക് മിഡ്ജ്

Mail This Article
ഹിമം തണുത്തുറഞ്ഞ കരയാണു ഭൂമിയുടെ തെക്കേയറ്റത്തെ ഭൂഖണ്ഡമായ അന്റാർട്ടിക്ക. ഇവിടെ കാണപ്പെടുന്ന ഒരു കീടമുണ്ട് - ടൈനി അന്റാർട്ടിക് മിഡ്ജ്. ഒരു സെന്റിമീറ്ററോളം വളരുന്ന ഈ കീടത്തിന് മൈനസ് 15 ഡിഗ്രി വരെ താപനില അതിജീവിക്കാനുള്ള കഴിവുണ്ട്. ശരീരദ്രാവകങ്ങളുടെ 70% വരെ നഷ്ടപ്പെട്ടാലും അതിജീവിക്കാനും ഒരു മാസത്തോളം ഓക്സിജൻ ഇല്ലാതെ ജീവിക്കാനും ഇവയ്ക്കു ശേഷിയുണ്ട്.
ബെൽജിക്ക അന്റാർട്ടിക്ക എന്നു ശാസ്ത്രീയപേരുള്ള ഈ കീടത്തെ 19–ാം നൂറ്റാണ്ടിലാണു കണ്ടെത്തിയത്. പറക്കാൻ കഴിവില്ലാത്ത, ഒരു പയർമണിയുടെ വലുപ്പമുള്ള കീടമാണു മിഡ്ജ്. 2 വർഷത്തോളമെടുത്താണ് ഈ കീടം ജീവിതചക്രം പൂർത്തിയാക്കുന്നത്. ഈ കാലത്തു കൂടുതൽ സമയവും ലാർവ അവസ്ഥയിലായിരിക്കും.
അന്റാർട്ടിക്കയിൽ പെൻഗ്വിനുകളും സീലുകളുമൊക്കെയുണ്ടെങ്കിലും ഇവയെല്ലാം ഭക്ഷണത്തിനും ജീവിതത്തിനുമായി സമുദ്രത്തെയാണ് ആശ്രയിക്കുന്നത്. അന്റാർട്ടിക്കയിലെ ഏറ്റവും വലിയ കരജീവികൾ എന്ന് മിഡ്ജുകളെ വിളിക്കാം. സൂക്ഷ്മജീവികളെയും മറ്റുമാണ് ഇവ ഭക്ഷണമാക്കുന്നത്.
സമീപകാലത്തു കാലാവസ്ഥാവ്യതിയാനം കാരണം അന്റാർട്ടിക്കയിൽ ചൂടു കൂടുന്നതു മിഡ്ജിനു വലിയ പ്രതിസന്ധിയാണ്. നിലവിലെ സാഹചര്യത്തിൽനിന്ന് 2 ഡിഗ്രിയെങ്കിലും ചൂട് ഉയർന്നാൽപോലും മിഡ്ജിന്റെ അതിജീവനശേഷിയെ സാരമായി ബാധിക്കും. ഈ അവസ്ഥയിൽ ഭക്ഷണം അകത്താക്കാനോ അതു ദഹിപ്പിക്കാനോ കഴിയുന്നില്ല. ഇതു പ്രജനനത്തെ ബാധിക്കും. ഭാവിയിൽ താപനില വളരെ ഉയരുന്നത് ഇവയുടെ വംശനാശത്തിനുപോലും വഴിവച്ചേക്കാമെന്നും ആശങ്കയുണ്ട്.