ADVERTISEMENT

ലിയനാഡോ ഡാവിഞ്ചി...ചിത്രകലയിലും ശിൽപകലയിലും എൻജിനീയറിങ്ങിലും ശാസ്ത്രത്തിലുമൊക്കെയുമുള്ള പാടവവും അപാരമായ ചിന്താശക്തിയും കൊണ്ട് ലോകത്തെ അദ്ഭുതപ്പെടുത്തിയ മഹാപ്രതിഭ. ഡാവിഞ്ചി ചെയ്ത പ്രശസ്തമായ ചിത്രങ്ങളിലൊന്നാണ് മൊണാലിസ. ലോകത്ത് തന്നെ ഏറ്റവും പെട്ടെന്ന് തിരിച്ചറിയപ്പെടാവുന്ന പെയ്ന്റിങ്. മൊണാലിസയുമായി ബന്ധപ്പെട്ട നിഗൂഢതകളും ഗൂഢവാദസിദ്ധാന്തങ്ങളുമൊക്കെ വളരെ പ്രശസ്തമാണ്. ഇക്കൂട്ടത്തിലെ പ്രമുഖമായൊരു സിദ്ധാന്തമാണ് മൊണാലിസ ഡാവിഞ്ചി തന്നെയാണെന്നുള്ളത്. ഇറ്റാലിയൻ വനിതയായ ലിസ ഗെറാർഡിനിയാണു മൊണാലിസയ്ക്ക് അടിസ്ഥാനമായ മോഡൽ എന്നാണു പൊതുവിൽ വിശ്വസിക്കപ്പെടുന്നത്. എന്നാൽ ചിലർ മൊണാലിസ ഡാവിഞ്ചി തന്നെ സ്ത്രീരൂപത്തിൽ വരച്ചതാണെന്നു സംശയിക്കുന്നു. കംപ്യൂട്ടർ സിമുലേഷനുകളും മറ്റു നൂതന മാർഗങ്ങളും ഉപയോഗിച്ച് ഇതു കണ്ടെത്താൻ വളരെയേറെ ശ്രമം നടന്നിരുന്നു. മൊണാലിസയും ഡാവി‍ഞ്ചി സ്വയം വരച്ച തന്റെ ചിത്രവും താരതമ്യപ്പെടുത്തിയും പഠനങ്ങൾ നടന്നു. എന്നാൽ ഈ വാദത്തിൽ സമഗ്രമായ സ്ഥിരീകരണം ഇതുവരെ നടന്നില്ല.

മൊണാലിസയുടെ പ്രശസ്തമായ വിഷാദം കലർന്ന പുഞ്ചിരി തന്റെ അമ്മയുടെ പുഞ്ചിരി അടിസ്ഥാനപ്പെടുത്തിയാണു ഡാവിഞ്ചി വരച്ചതെന്നു മറ്റൊരു ഗൂഢവാദവുമുണ്ട്. മൊണാലിസയുമായി ബന്ധപ്പെട്ട് വലിയൊരു മോഷണത്തിന്റെ കഥയുമുണ്ട്. 114 വർഷങ്ങൾക്കു മുൻപ് പാരിസിലെ സെയിൻ നദിക്കരയിലുള്ള ലൂവ്ര് മ്യൂസിയത്തിലാണു മൊണാലിസ സൂക്ഷിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മ്യൂസിയമായ ലൂവ്രിൽ ചരിത്രാതീത കാലം മുതലുള്ള നാൽപതിനായിരത്തോളം കലാവസ്തുക്കളും നിരവധി പെയിന്‌റിങ്ങുകളുമുണ്ടായിരുന്നു. അതിലൊന്നു മാത്രമായിരുന്നു മൊണാലിസ. ഡാവിഞ്ചി വരച്ചതെന്നതിനപ്പുറം വലിയ ശ്രദ്ധയൊന്നും അവകാശപ്പെടാനില്ലാത്ത പെയിന്‌റിങ്.അക്കാലത്താണ് ഇറ്റലിക്കാരനായ വിൻസെൻസോ പെറൂഗിയയെ ലൂവ്രിൽ ജീവനക്കാരനായി നിയമിക്കുന്നത്. മ്യൂസിയത്തിലെ പെയിന്‌റിങ്ങുകൾക്ക് ഗ്ലാസിൽ നിർമിച്ച സംരക്ഷണപാളിയൊരുക്കലായിരുന്നു പെറൂഗിയയുടെ ജോലി. വന്ന നാൾ മുതൽ തന്നെ പെറൂഗിയ മൊണാലിസയെ നോട്ടമിട്ടു.

LISTEN ON

ഒരു ദിവസം ജോലി കഴിഞ്ഞു പോകാതെ പെറൂഗിയ ലൂവ്ര് മ്യൂസിയത്തിനുള്ളിൽ ഒളിച്ചിരുന്നു. രാത്രിയായപ്പോൾ പുറത്തിറങ്ങി പെയിന്‌റിങ് കവർന്നെടുത്തു. വിദഗ്ധമായി അതു വസ്ത്രത്തിൽ ഒളിപ്പിച്ച ശേഷം പെറൂഗിയ മ്യൂസിയത്തിൽ നിന്നു കടന്നുകളഞ്ഞു. അക്കാലത്ത് ഇന്നത്തെപ്പോലെ അലാറമുകളോ സിസിടിവികളോ ഉണ്ടായിരുന്നില്ല. കാവൽക്കാരുടെ എണ്ണവും നന്നേ കുറവായിരുന്നു. അതിനാൽ കള്ളൻ പിടിക്കപ്പെട്ടില്ല. പിന്നെയും ഒരു ദിവസം പിന്നിട്ട ശേഷമാണ് ലൂവ്ര് അധികൃതർ മൊണാലിസ നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്.താമസിയാതെ വാർത്ത പുറംലോകമറിഞ്ഞു. രാജ്യഭേദമില്ലാതെ രാജ്യാന്തര പത്രങ്ങളും യൂറോപ്യൻ മാധ്യമങ്ങളും വാർത്ത ഒന്നാം പേജിൽ വലിയ ഗൗരവത്തോടെ അവതരിപ്പിച്ചു. നൂറോളം പത്രങ്ങളുടെ ഒന്നാംപേജിൽ മൊണാലിസ പെയിന്‌റിങ് അച്ചടിച്ചുവന്നു. പെയിന്‌റിങ് ഒരു കാലത്ത് നിന്നിരുന്ന, ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം കാണാനായി ജനസമുദ്രം ലൂവ്രിലേക്ക് ഒഴുകി.

ഫ്രഞ്ച് സർക്കാർ വെറുതെയിരുന്നില്ല. പൊലീസും ഡിറ്റക്ടീവുകളുമടങ്ങിയ വൻ അന്വേഷണസംഘത്തെ മൊണാലിസ കണ്ടെത്താനായി അവർ രൂപീകരിച്ചു. രണ്ടു വർഷമായിട്ടും ഒന്നും നടന്നില്ല, പാരിസിലെ പൊലീസ് അധികാരി നാണക്കേടിനാൽ സ്വന്തം സ്ഥാനം രാജിവച്ചു. രണ്ടുവർഷത്തോളം പെറൂഗിയ പെയിന്‌റിങ് പുറത്തെടുത്തില്ല. പാരിസിലെ തന്‌റെ അപ്പാർട്‌മെന്‌റിനു താഴെ ഒളിപ്പിച്ച ട്രങ്ക് പെട്ടിയിൽ അയാൾ മൊണാലിസയുടെ പെയിന്‌റിങ് ഒളിപ്പിച്ചുവച്ചു. രണ്ടു വർഷങ്ങൾ പിന്നിട്ടതോടെ പെയിന്‌റിങ് വിൽക്കാൻ പെറൂഗിയ ധൈര്യം സംഭരിച്ചു.  ഇറ്റലിയിലെ ഫ്‌ളോറൻസ് നഗരത്തിലുള്ള ഉഫീസി ഗാലറിയുടെ ഡയറക്ടറെ വിൽപനയ്ക്കായി അയാൾ സമീപിച്ചു. സംശയം തോന്നിയ ഡയറക്ടർ പെയിന്‌റിങ് പരിശോധിക്കുകയും പുറകിലുള്ള സീലുകളിൽ നിന്ന് ഇതു ലൂവ്ര് മ്യൂസിയത്തിൽ നിന്നു മോഷണം പോയ പെയിന്‌റിങ്ങാണെന്ന് ഉറപ്പിക്കുകയും ചെയ്തു. തീർച്ചയായും പെയിന്‌റിങ് താൻ വാങ്ങുമെന്ന് ഉറപ്പുകൊടുത്ത് തന്ത്രത്തിൽ പെറൂഗിയയെ മടക്കിവിട്ട ഡയറക്ടർ വിവരം അധികാരികളെ അറിയിച്ചു. താമസിയാതെ പെറൂഗിയയും മൊണാലിസ പെയിന്‌റിങങും പൊലീസ് കസ്റ്റഡിയിലായി. 1913ലായിരുന്നു അത്. ലോകചരിത്രത്തിലെ ഏറ്റവും വലിയ പുരാവസ്തുക്കൊള്ളയ്ക്ക് അതോടെ തിരശ്ശീല വീണു. മൊണാലിസ ലോകപ്രശസ്തമായതിനു പിന്നിൽ ഈ സംഭവത്തിനു നല്ലൊരു പങ്കുണ്ട്.

English Summary:

Mona Lisa Mystery: Did Da Vinci Paint Himself as a Woman? Shocking Theory Explored

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com