അതീവരഹസ്യമായ ഗുഹാചിത്രങ്ങൾ! വർഷത്തിൽ നാലാഴ്ച മാത്രം പ്രവേശിക്കാവുന്ന ലാബ്രിന്തിൻ ഗുഹ

Mail This Article
തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ സ്ഥിതി ചെയ്യുന്ന ഗുഹയാണു ലാബ്രിന്തിൻ. 30000 വർഷം മുൻപ് ആദിമ മനുഷ്യർ ഈ ഗുഹയിൽ എത്തിയിരുന്നു. ഇവർ ഗുഹയിൽ കോറിയിട്ട ഗുഹാചിത്രങ്ങളാണ് ഈ ഗുഹയുടെ പ്രത്യേകത. കുതിരകൾ, മാമ്മത്ത്, റൈസോസറസ് തുടങ്ങിയ ജീവികളുടെ ചിത്രങ്ങൾ അവർ ഈ ഗുഹയിൽ വരച്ചു ചേർത്തു. അനേകകാലം ഗുഹയ്ക്കുള്ളിൽ ഈ ചിത്രങ്ങൾ ആരുമറിയാതെ നിലകൊണ്ടു. 2000ൽ അമച്വർ ഗുഹാപര്യവേഷകനായ ഗ്രോട്ടെ കുസാക്കാണ് ഈ ചിത്രങ്ങൾ കണ്ടെത്തിയത്. പൊതുജനങ്ങൾക്ക് ഈ ഗുഹയിലേക്കു പ്രവേശിക്കാനാകില്ല. ഫ്രഞ്ച് സർക്കാരിന്റെ അനുമതിയോടെ ഗവേഷകർക്കു മാത്രം വർഷത്തിൽ 4 ആഴ്ച ഈ ഗുഹയിൽ കയറാം.
ചിത്രങ്ങൾക്കു നാശമുണ്ടാകാതെയിരിക്കാനാണ് ഈ നടപടി. ഒന്നരകിലോമീറ്ററിലേറെ നീളമുള്ള ഈ ഗുഹയിൽ ആയിരത്തിലധികം ഗുഹാചിത്രങ്ങളുണ്ട്. ജന്തുക്കൾക്കൊപ്പം ആദിമമനുഷ്യരുടെ രേഖാചിത്രങ്ങളും ഇതിൽ വരച്ചിട്ടുണ്ട്. യൂറോപ്പിലെ പ്രാചീന ഗ്രാവെറ്റിയൻ സംസ്കാരം പിന്തുടർന്നവരാണ് ഈ ഗുഹയിൽ വന്നിരുന്നത്. മൃതശരീരങ്ങൾ സംസ്കരിക്കാനുള്ള ഇടമായും തങ്ങളുടെ കലാനിർമിതികൾ പ്രദർശിപ്പിക്കാനുള്ള കേന്ദ്രമായും അവർ ഈ ഗുഹ ഉപയോഗിച്ചിരുന്നു. ഗുഹാചിത്രങ്ങൾ പലപ്പോഴും നമുക്കറിയാത്ത ആദിമലോകത്തേക്കുള്ള ചൂണ്ടുപലകകളാകാറുണ്ട്. ഇന്തൊനീഷ്യയിലെ സുലവെസിയിൽ ലിയാങ് കരാങ്പുവാങ്ങിൽ കണ്ടെത്തിയ 51200 വർഷം പഴക്കമുള്ള ഗുഹചിത്രം ലോകത്ത് ഏറ്റവും പഴക്കമുള്ള ചിത്രകഥയാണെന്ന് കഴിഞ്ഞവർഷം ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു.
ഒരു കാട്ടുപന്നിയുമായി ഇടപെടുന്ന മനുഷ്യരൂപത്തിന്റെ ചിത്രീകരണമാണ് ഈ ഗുഹാചിത്രത്തിൽ. കലയിലൂടെ കഥ പറയുന്ന രീതിയുടെ ആദിമ ഉദാഹരണമാണ് ഈ ഗുഹാചിത്രങ്ങൾ. ഭാഗികമായി മനുഷ്യനും ഭാഗികമായി മൃഗവുമായ തെറിയൻത്രോപ് രൂപങ്ങളുടെ ദൃശ്യങ്ങളും ഈ ഗുഹാചിത്രങ്ങളിലുണ്ട്. നിയാണ്ടർത്താൽ മനുഷ്യർ 75000 വർഷം മുൻപ് തന്നെ ഗുഹകളിൽ അടയാളങ്ങളിടാൻ തുടങ്ങിയിരുന്നു. എന്നാൽ ഈ അടയാളങ്ങൾക്ക് പ്രത്യേക അർഥങ്ങളൊന്നും ഇല്ലായിരുന്നു. ലോകത്തിൽ ഏറ്റവും പഴക്കമുള്ള കഥാരീതിയിലുള്ള ചിത്രങ്ങൾ ഇതിനു മുൻപ് ഫ്രാൻസിലെ ലസ്‌കോവിൽ കണ്ടെത്തിയ 21000 വർഷം പഴക്കമുള്ള ഗുഹാചിത്രമായിരുന്നു. ഏകദേശം നാലര മീറ്ററോളം വീതിയുള്ളതാണ് സുലവെസിയിൽ കണ്ടെത്തിയ ഗുഹാചിത്രങ്ങളിലൊന്ന്.