ദുരാത്മാക്കൾ കുഞ്ഞുങ്ങളെ സ്വപ്നത്തിൽ ശല്യം ചെയ്യാറുണ്ടോ?; മനഃശാസ്ത്ര വിശദീകരണമിങ്ങനെ...
Mail This Article
കുഞ്ഞുങ്ങൾ ഉറക്കത്തിൽ ചിരിക്കുന്നത് സ്വപ്നത്തിൽ ദൈവത്തെ കണ്ടിട്ടാണെന്നും ഞെട്ടിയുണരുന്നത് ദുഷ്ടാത്മാക്കൾ അവരെ ഭയപ്പെടുത്തിയിട്ടാണെന്നുമൊക്കെ പറയാറുണ്ട് പഴയ തലമുറക്കാർ. സത്യത്തിൽ നവജാത ശിശുക്കൾ സ്വപ്നം കാണാറുണ്ടോ? കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളെ മനഃശാസ്ത്രം നിർവചിക്കുന്നതെങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സൈലേഷ്യ.
∙ നവജാതശിശുക്കൾ ഉറക്കത്തിൽ ചിരിക്കുകയും കരയുകയും ചെയ്യുന്നത് സ്വപ്നം കണ്ടിട്ടാണെന്ന് പറയാറുണ്ടല്ലോ?. മുതിർന്നവർ സ്വപ്നം കാണുന്നത് അവരുടെ മനസ്സിനെ ആഴത്തിൽ സ്വാധീനിച്ച നല്ല കാര്യങ്ങളെയും മോശം കാര്യങ്ങളെയും കുറിച്ചല്ലേ? അങ്ങനെയാണെങ്കിൽ നവജാതശിശുക്കൾ കാണുന്ന സ്വപ്നം എന്തായിരിക്കും?
ജനിച്ച് ആദ്യത്തെ രണ്ടു വർഷം കൊണ്ടാണ് കുഞ്ഞുങ്ങളുടെ ഭാഷാശേഷി വികസിപ്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ആശയവിനിമയ ശേഷി വികസിക്കപ്പെടുംമുമ്പ് നവജാതശിശുക്കൾ എന്തു തരത്തിലുള്ള സ്വപ്നങ്ങളാണ് കാണുക എന്നതിനെപ്പറ്റി പഠനങ്ങൾ കൃത്യമായ ഒരു നിഗമനത്തിലെത്തിയിട്ടില്ല. അഞ്ചുവയസ്സിനു ശേഷമേ എന്തു സ്വപ്നമാണ് കണ്ടത് എന്നൊക്കെ കുഞ്ഞുങ്ങൾക്ക് വ്യക്തമായി പറയാൻ സാധിക്കുകയുള്ളൂ. അതുവരെയുള്ള കാലഘട്ടത്തെ ആബ്സന്റ് ഇയേഴ്സ് എന്നാണ് പറയുക. സാധാരണയായി, കൂടുതലായി സ്വപ്നം കാണുന്നത് ആർഇഎം സ്ലീപ്പിലാണ്. ഈ സമയത്താണ് കുഞ്ഞുങ്ങളിൽ ബ്രെയിൻ ഡവലപ്മെന്റ്സ് കൂടുതലായി നടക്കുന്നത്. ഭാഷ പോലെയുള്ള പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുള്ള പ്രക്രിയകൾ അപ്പോഴവരുടെ തലച്ചോറിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഉറക്കത്തിനിടെ ഗ്യാസ് റിലീസ് ചെയ്യുമ്പോഴുണ്ടാകുന്ന മുഖചലനങ്ങൾ ചിരിയായി തെറ്റിദ്ധരിക്കപ്പെടുന്നതാകാം. ചിരിക്കാൻ പഠിക്കുന്നതൊക്കെ കുഞ്ഞുങ്ങളുടെ വളർച്ചയിലെ നാഴികക്കല്ലാണ്. കുഞ്ഞുങ്ങൾ ഒരുകാര്യം ചെയ്യാൻ പഠിച്ചാൽ പിന്നെ തുടർച്ചയായി അതുതന്നെ ചെയ്തുകൊണ്ടിരിക്കാറില്ലേ. പകൽ ഉണർന്നിരിക്കുമ്പോൾ ചിരിക്കുന്നതുപോലെ തന്നെയാണ് അവർ ഉറക്കത്തിലും ചിരിക്കുന്നത്. അല്ലാതെ സ്വപ്നം കണ്ടിട്ടാകണമെന്നില്ല. നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത സംഗതികളെയെല്ലാം തന്നെ പൊതുവിൽ മനുഷ്യർ ഭയപ്പെടാറുണ്ട്. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ‘സ്വം’ രൂപപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ വൈകാരികമായ ഉത്തേജനങ്ങൾക്ക് അധിഷ്ഠിതമായിരിക്കും അവരുടെ പെരുമാറ്റം. കുഞ്ഞുങ്ങൾക്ക് വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള പല മാർഗങ്ങളിൽ ഒന്നു മാത്രമാണ് സ്വപ്നം. ചില പ്രത്യേക സ്വഭാവശീലങ്ങൾ, ഇടപഴകുന്ന ശൈലിയിലുള്ള വ്യത്യാസങ്ങൾ ഇവയിലൂടെയൊക്കെ കുഞ്ഞുങ്ങൾ ഉള്ളിലിരുപ്പ് വെളിവാക്കാറുണ്ട്.
‘സ്വം’– സ്വപ്നവുമായി ബന്ധമില്ല
സ്വം എന്നാൽ ഞാൻ എന്ന ബോധം. അതിന് സ്വപ്നവുമായി ബന്ധമില്ല. അഹം എന്ന ബോധം വികസിപ്പിക്കപ്പെടുന്ന സമയത്താണ് തൻകാര്യം (ഞാൻ, എന്റെ, എനിക്ക് എന്നിങ്ങനെയുള്ളവ) എന്ന ചിന്തയിലേക്ക് കുഞ്ഞുങ്ങൾ എത്തുന്നത്. അതിലെത്തിയാൽ കുഞ്ഞുങ്ങളുടെ തോട്ട് പ്രോസസ് വെറെയാണ്. വളർച്ചയുടെ ആദ്യഘട്ടത്തിൽ അവനവന്റെ പേരു ചേർത്താണ് കുഞ്ഞുങ്ങൾ ആവശ്യങ്ങൾ പറയുക. ഞാൻ എന്ന ബോധം വന്നു തുടങ്ങിയാൽ എനിക്കതു വേണം ഇതുവേണം എന്നൊക്കെ കുഞ്ഞുങ്ങൾ പറഞ്ഞു തുടങ്ങും. ആ ഘട്ടം വരെ കുഞ്ഞുങ്ങൾ വളരെ നിഷ്കളങ്കരും നിസ്വാർഥരും ആയിരിക്കും. സ്വം രൂപപ്പെടുന്ന പ്രക്രിയെക്കുറിച്ച് സിഗ്മണ്ട് ഫ്രോയ്ഡിന്റെ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ, അദ്ദേഹം ഉപയോഗിക്കുന്ന മൂന്നു സംജ്ഞകളുണ്ട്. ഇഡ്, ഈഗോ, സൂപ്പർ ഈഗോ. ഇഡ് എന്നു പറയുന്നത് ഒരു ചോദനയാണ്. എന്തെങ്കിലും ആഗ്രഹം തോന്നിയാൽ അത് ഉടൻ കിട്ടണം എന്ന തോന്നൽ. മൃഗങ്ങളുടേതിനു സമാനമായ ഒരു ചോദനയാണത്. എന്നാൽ ഈഗോ കുറച്ചുകൂടി യാഥാർഥ്യത്തെ അംഗീകരിക്കുന്നതാണ്. ആഗ്രഹത്തിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കാൻ കഴിയും. സൂപ്പർ ഈഗോ എന്നു പറയുന്നത് സന്മാർഗ ബോധം കൂടി ചേർന്നതാണ്. ആഗ്രഹമുണ്ടെങ്കിലും മറ്റൊരാളെ ബുദ്ധിമുട്ടിക്കാതെ, എനിക്കു ബുദ്ധിമുട്ടില്ലാതെ, ശരിതെറ്റുകൾ അവലോകനം ചെയ്ത് തീരുമാനമെടുക്കാനാകുന്ന അവസ്ഥ.
∙ ഗർഭകാലത്ത് അമ്മയ്ക്കുണ്ടായ ദുരനുഭവങ്ങളൊക്കെ ഭാവിയിൽ കുഞ്ഞുങ്ങൾ പേടിസ്വപ്നങ്ങൾ കാണാൻ കാരണമാകുമോ?
ഗർഭകാലത്ത് അമ്മയ്ക്കുണ്ടായ ദുരനുഭവങ്ങൾ ഭാവിയിൽ കുഞ്ഞുങ്ങൾ ദുഃസ്വപ്നമായി കാണാനിടയില്ല. കാരണം ഗർഭകാലത്ത് പൊക്കിൾക്കൊടിയാണ് അമ്മയെയും കുഞ്ഞിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. പൊക്കിൾക്കൊടിയിൽ നാഡികളില്ലാത്തതുകൊണ്ട് അതുവഴിയുള്ള സന്ദേശങ്ങളൊന്നും തലച്ചോറിലേക്കെത്തില്ല. അത് കേവലമൊരു രക്തക്കുഴലായതുകൊണ്ടാണ് കുഞ്ഞിന്റെ ജനനശേഷം അത് മുറിച്ചു നീക്കം ചെയ്യാൻ സാധിക്കുന്നത്. നാഡികൾക്ക് സംവേദനക്ഷമതയുള്ളതുകൊണ്ടാണ് തലച്ചോറിൽ നിന്നുള്ള നിർദേശങ്ങൾ മറ്റ് അവയവങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്നത്. ഗർഭകാലത്ത് അമ്മ കേൾക്കുന്ന പാട്ട് കുഞ്ഞിനും കേൾക്കാം എന്നൊക്കെ പറയാറില്ലേ. പാട്ടു കേൾക്കുമ്പോൾ അമ്മയുടെ ശരീരത്തിലെ ഹാപ്പിനസ് ഹോർമോൺ റിലീസ് ചെയ്യുകയും അത് കുഞ്ഞിന് അനുഭവവേദ്യമാകുകയും ചെയ്യും. അതുപോലെതന്നെയാണ് ഗർഭകാലത്ത് അമ്മ മാനസികമായി വിഷമിക്കുമ്പോൾ സ്ട്രസ് ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നതും അതും കുഞ്ഞിന് അറിയാൻ കഴിയുന്നതും.
∙ ചില ആളുകളെ കാണുമ്പോൾ കുട്ടികൾ വല്ലാതെ കരയാറുണ്ട്. അവർ നിർബന്ധപൂർവം എടുക്കാനോ മറ്റോ ശ്രമിച്ചാൽ കുതറിമാറുകയും ഉച്ചത്തിൽ കരയുകയും മറ്റും ചെയ്യും. അതെന്തുകൊണ്ടാണ്?
ചിലയാളുകളുടെ ശബ്ദം, മണം ഇവയൊക്കെ കുഞ്ഞുങ്ങളെ ചിലപ്പോൾ അസ്വസ്ഥരാക്കിയേക്കാം. അതുകൊണ്ട് അപരിചിതർ അടുത്തുപെരുമാറുമ്പോൾ കുഞ്ഞ് കരഞ്ഞേക്കാം. കംഫർട്ടബിൾ ആയിട്ടിരിക്കുന്ന സമയത്ത് പെട്ടെന്ന് ഒരാൾ വന്ന് വാരിയെടുക്കുമ്പോൾ കുഞ്ഞ് അലമുറയിട്ടു കരയുന്നത് ആ വ്യക്തിയോടുള്ള ഭയം കാരണമായിരിക്കില്ല. കുഞ്ഞുങ്ങൾക്ക് ആഴം വളരെ പേടിയാണ്. സ്വസ്ഥമായിട്ടിരിക്കുന്ന അവസ്ഥയിൽ ഒരാൾ എടുക്കുമ്പോൾ ആഴത്തിലേക്കു തങ്ങൾ വീണുപോകുമോയെന്നു ഭയപ്പെടുന്നതുകൊണ്ടു കൂടിയാകാം കുട്ടികൾ കരയുന്നത്. അതുകൊണ്ട് കുറച്ചു സമയം അടുത്തിടപഴകി പരിചയപ്പെട്ടശേഷം കുഞ്ഞുങ്ങൾ മാനസികമായി അടുത്തു കഴിയുമ്പോൾ മാത്രം എടുക്കാൻ ശ്രമിക്കുന്നതാകും നല്ലത്.
∙ ചുറ്റുമുള്ളവരുടെ വിചിത്രമായ പെരുമാറ്റം, ഉറക്കെയുള്ള സംസാരം, മിക്സി, കുക്കർ പോലെയുള്ളവയുടെ അപരിചിതമായ ശബ്ദങ്ങൾ ഒക്കെ കേൾക്കുമ്പോൾ ചില സമയത്ത് കുട്ടികൾ ഞെട്ടിപ്പോകാറുണ്ട്. ഇത്തരം ശബ്ദങ്ങളുടെ ഓർമകൾ ഉറക്കത്തിൽ ഞെട്ടിയുണരാൻ കാരണമാകുമോ?
കാരണമാകാം. ഭൗതിക ശാസ്ത്രവുമായി ബന്ധപ്പെടുത്തി ഇതിനുള്ള വിശദീകരണം നൽകാം. നമ്മുടെ വീടുകളിൽ പലതരത്തിലുള്ള ശബ്ദവീചികൾ യാത്രചെയ്യുന്നുണ്ട്. അതിന്റെ ഫ്രീക്വൻസിയിൽ നമ്മൾ വരുന്ന സാഹചര്യത്തിൽ ആ ശബ്ദങ്ങൾ നമ്മുടെ കാതിൽ പതിക്കും. ചില സമയത്ത് അടുത്ത് ആരും ഇല്ലെങ്കിലും ആരോ നമ്മുടെ പേര് വിളിക്കുന്നതുപോലെ തോന്നാറില്ലേ?. ഇത്തരം ശബ്ദവീചികളുടെ പരിധിയിൽ നമ്മൾ വരുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ട് അത്തരം ശബ്ദങ്ങൾ കേട്ട് കുട്ടികൾ ഞെട്ടിയുണരുകയോ കരയുകയോ ചെയ്താൽ അന്ധവിശ്വാസങ്ങളുടെ കൂട്ടുപിടിച്ച് മുളകുഴിഞ്ഞിടുന്നതുപോലയുള്ള കാര്യങ്ങൾ ചെയ്യാതിരിക്കാം. ആ ഗന്ധം കുഞ്ഞുങ്ങളിൽ തുമ്മൽ പോലെയുള്ള അസ്വസ്ഥതയുണ്ടാക്കുമെന്നല്ലാതെ മറ്റൊരു പ്രയോജനവും ചെയ്യില്ല. തികച്ചും അപ്രതീക്ഷിത സമയത്ത് കേൾക്കുന്ന ശബ്ദങ്ങളും കാഴ്ചകളും മുതിർന്നവരെപ്പോലും ഭയപ്പെടുത്താറുണ്ട്. കുഞ്ഞുങ്ങളിലും അതാണ് സംഭവിക്കുന്നത്.
∙ കുട്ടികളെ അനുസരിപ്പിക്കാൻ പലരും സാങ്കൽപിക കഥാപാത്രങ്ങളുടെ പേരും മറ്റും പറഞ്ഞ് ഭയപ്പെടുത്താറുണ്ട്. അതിനെപ്പറ്റി?
ഭയം എന്ന വികാരം കുഞ്ഞുങ്ങളിൽ സൃഷ്ടിക്കാതിരിക്കാൻ മാതാപിതാക്കൾ ബോധപൂർവം ശ്രമിക്കണം. ഉള്ളു നിറയെ ഭയവുമായിട്ടല്ല ഒരു കുഞ്ഞും ഭൂമിയിൽ ജനിക്കുന്നത്. ഭയം ഒരു ലേൺഡ് ഇമോഷനാണ്. അതുണ്ടാക്കുന്ന തരത്തിലോ അതിന്റെ ആക്കം കൂട്ടുന്ന തരത്തിലോ ഉള്ള പ്രവൃത്തികൾ മാതാപിതാക്കളുടെ ഭാഗത്തു നിന്നുണ്ടാകാതിരിക്കാൻ കഴിവതും ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കാനും അനുസരിപ്പിക്കാനും സാങ്കൽപിക കഥാപാത്രങ്ങളുടെ പേരുപറഞ്ഞ് കുഞ്ഞുങ്ങളെ ഭയപ്പെടുത്തുന്നത് പല മാതാപിതാക്കളുടെയും പതിവാണ്. അങ്ങനെയായാൽ കുഞ്ഞുങ്ങളുടെ പ്രവൃത്തികളിൽ പലതും ഭയമെന്ന വികാരത്തിന്റെ നിയന്ത്രണത്തിലാകും. കുഞ്ഞുങ്ങളെ ഭയപ്പെടുത്താതെ മാനസിക സന്തോഷത്തോടെ വളർത്താനുള്ള സാഹചര്യമാണ് രക്ഷിതാക്കൾ ഒരുക്കിക്കൊടുക്കേണ്ടത്. സന്തോഷം, സുരക്ഷിതത്വം എന്നീക്കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പേരന്റിങ് രീതിയാണ് വേണ്ടത്.
Content Summary : Clinical Psychologist Dr. Zaileshia Talks About Bad Dreams And Nightmares In Children