ADVERTISEMENT

27 വർഷം നീണ്ടു നിന്ന ദാമ്പത്യത്തിനു ശേഷം ബിൽഗേറ്റ്സും മെലിൻഡ ഫ്രഞ്ചും വേർപിരിയാൻ തീരുമാനിച്ചതോടെ ശ്രദ്ധ നേടിയത്, ബിൽഗേറ്റ്സിന്റെ 130 ബില്യൺ യുഎസ് ഡോളർ കവിയുന്ന സ്വത്തുക്കളെക്കുറിച്ചുള്ള വാർത്തകളാണ്. പലരീതികളിലായി ഒട്ടേറെ സ്വത്തുവകകൾ ബിൽ ഗേറ്റ്സിനുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വത്തുശേഖരങ്ങളിലൊന്ന് വൈവിധ്യമേറിയ കലാവസ്തുക്കളുടെ ഒരു കലക്‌ഷനാണ്. ഒട്ടേറെ പെയിന്റിങ്ങുകൾക്കും പൗരാണിക വസ്തുക്കൾക്കും പുറമെ വൈവിധ്യപൂർണമായ ഒരു പുസ്തകശേഖരം ബിൽഗേറ്റ്സ് തന്റെ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. വലിയ ഒരു വായനക്കാരനായ ഗേറ്റ്സിന്റെ ലൈബ്രറിയിലെ ഏറ്റവും മൂല്യമുള്ള ഗ്രന്ഥമാണ് കോഡക്സ് ലീസസ്റ്റർ. മൂന്നുകോടി യുഎസ് ഡോളറിലധികം വില നൽകിയാണ് ഈ പുസ്തകം അദ്ദേഹം സ്വന്തമാക്കിയത്.

എന്താണ് ഇതിനിത്രയും മേന്മ? ഉത്തരം ഒന്നേയുള്ളൂ. ഇതെഴുതിയ ഗ്രന്ഥകർത്താവ് ചില്ലറക്കാരനല്ല, വിശ്വപ്രസിദ്ധ ബഹുമുഖപ്രതിഭയും മൊണാലിസ, ലാസ്റ്റ് സപ്പർ തുടങ്ങിയ ലോകപ്രശസ്ത പെയിന്റിങ്ങുകളുടെ സ്രാഷ്ടാവുമായ ലിയണാഡോ ഡാവിഞ്ചിയാണ് കോഡക്സ് ലീസസ്റ്റർ എഴുതിയത്. ഒരുതരത്തിൽ പറഞ്ഞാൽ ഡാവിഞ്ചിയുടെ ചിന്തകളുടെയും ഉന്നതമായ ആ മനസ്സിന്റെയും  അക്ഷരരൂപമാണ് ഈ പുസ്തകം.

1506– 1510 കാലഘട്ടത്തിലാണ് ഇറ്റാലിയൻ ഭാഷയിലുള്ള ഈ ഗ്രന്ഥം ഡാവിഞ്ചി രചിച്ചത്. ഇറ്റലിയിലെ ഫ്ലോറൻസിലും മിലാനിലുമായി തന്റെ ജീവിതം അദ്ദേഹം ചെലവിട്ട നാളുകളിൽ. 4 ഭാഗങ്ങളായി 18 പേജു വീതം മൊത്തം 72 താളുകളുള്ള ഈ പുസ്തകത്തിൽ ഡാവിഞ്ചി തന്റെ ആശയങ്ങൾ കോറിയിട്ടു. അതിനൊപ്പം അതിന്റെ ചിത്രങ്ങളും സ്കെച്ചുകളും. ഡാവിഞ്ചി എഴുതിയ 30 കയ്യെഴുത്ത് പ്രതികൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതത്രേ കോഡക്സ് ലീസസ്റ്റർ.

മിറർ റൈറ്റിങ് എന്ന തനതു ഡാവിഞ്ചിയൻ ശൈലിയിലാണു പുസ്തകത്തിന്റെ രചന. സാധാരണയിൽ നിന്നു മാറി വലതു നിന്ന് ഇടത്തോട്ട് വായിക്കേണ്ട ആഖ്യാനശൈലിയാണ് ഇത്. മധ്യകാലഘട്ട ഇറ്റാലിയൻ ഭാഷയാണു പുസ്തകത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ഒരേസമയം കലാകാരനും ശാസ്ത്രജ്ഞനും എൻജിനീയറും ചിന്തകനുമായിരുന്നു ഡാവിഞ്ചി. മൊണാലിസയിലൂടെയും ലാസ്റ്റ് സപ്പറിലൂടെയും അദ്ദേഹത്തിന്റെ കലാവൈഭവം ലോകത്തിനെ കീഴ്പ്പെടുത്തിയെങ്കിൽ കോഡക്സ് ലീസെസ്റ്ററിൽ ശാസ്ത്രപരവും സാങ്കേതികപരവുമായ ആശയങ്ങളാണ് അദ്ദേഹം പങ്കിടുന്നത്. ശാസ്ത്രവും കലയും സമന്വയിക്കുന്ന നിമിഷങ്ങളും ഈ നോട്ടുപുസ്തകത്തെ ശ്രദ്ധേയമാക്കുന്നു.

ജലം, അതിന്റെ ചലനങ്ങൾ, അതിന്റെ ഭാവങ്ങൾ, അതിനെ വരുതിയിലാക്കാൻ നടപ്പിൽ വരുത്താവുന്ന സാങ്കേതിക സംവിധാനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ചർച്ചകളാണ് പുസ്തകത്തിന്റെ നല്ലൊരു പങ്കും.പർവതങ്ങൾക്കു മുകളിൽ കടൽജീവികളുടെ ഫോസിലുകൾ എങ്ങനെയെത്തി തുടങ്ങിയ അക്കാലത്തെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് തന്റേതായ വ്യാഖ്യാനം നൽകാൻ ഡാവിഞ്ചി കോഡക്സ് ലീസസ്റ്ററിലൂടെ ശ്രമിച്ചിട്ടുണ്ട്.

ചന്ദ്രന്റെ പ്രകാശത്തിന്റെ ശാസ്ത്രീയകാരണങ്ങൾ കണ്ടെത്താനും എന്തുകൊണ്ട് ചന്ദ്രപ്രകാശം സൂര്യപ്രകാശത്തേക്കാൾ തിളക്കം കുറഞ്ഞതാണെന്ന് അറിയാനും ഡാവിഞ്ചി ശ്രമിക്കുന്നത് നമുക്ക് പുസ്തകത്തിൽ കാണാം. സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിനോട് ഒപ്പം തന്നെ ഭൂമിയിൽ നിന്നു പ്രതിഫലനം ചെയ്യപ്പെടുന്ന പ്രകാശവും ചന്ദ്രനിൽ പതിച്ച് ഒരു പ്രകാശമണ്ഡലം ഉണ്ടാക്കുന്നുണ്ടെന്നും ഡാവിഞ്ചി പറഞ്ഞു വയ്ക്കുന്നു. ഒരു നൂറ്റാണ്ടിനിപ്പുറം ഈ നിഗമനം ശരിയാണെന്നു വിഖ്യാത ജ്യോതിശ്ശാസ്ത്രജ്ഞനായ യോഹാൻ കെപ്ലർ കണ്ടെത്തി.

500 വർഷങ്ങൾക്കപ്പുറം പഴക്കമുള്ള ഈ നോട്ടുപുസ്തകം പലരുടെ കൈമറിഞ്ഞാണ് ഒടുക്കം ബിൽ ഗേറ്റ്സിന്റെ സ്വന്തമായത്. ഡാവിഞ്ചിയുടെ കാലശേഷം അദ്ദേഹത്തിന്റെ ശിഷ്യനായ ജിയോവാനി ഡെല്ല പോർട്ടയായിരുന്നു കോഡക്സ് ലീസസ്റ്റർ സൂക്ഷിച്ചിരുന്നത്. പിന്നീടിത് യൂസേപ്പ് ഘെസി എന്ന ഇറ്റാലിയൻ ചിത്രകാരന്റെ കൈയിലായി.1719ൽ ബ്രിട്ടലിലെ ലീസസ്റ്റർ മേഖലയുടെ പ്രഭുവായ തോമസ് കോക്ക് പുസ്തകം വിലകൊടുത്തു വാങ്ങി. അങ്ങനെയാണിതിന് കോഡക്സ് ലീസസ്റ്റർ എന്ന പേരു ലഭിക്കുന്നത്. 1759 വരെ പ്രഭു പുസ്തകം തന്റെ കൈയിൽ സൂക്ഷിച്ചു.

1980ൽ അർമാൻഡ് ഹാമർ എന്ന ധനിക വ്യവസായി പുസ്തകം അന്നത്തെ 50 ലക്ഷം യുഎസ് ഡോളറിനു വാങ്ങി. വിജ്ഞാനതൽപരനായിരുന്ന ഹാമർ, പുസ്തകം പഠിക്കാനും അത് ഇംഗ്ലിഷിലേക്കു തർജമ ചെയ്യാനും കാർലോ പെഡ്രെറ്റി എന്ന പണ്ഡിതനെ നിയമിച്ചു. ഏഴുവർഷമെടുത്താണ് പെഡ്രെറ്റി ഇതിന്റെ തർജമ നിർവഹിച്ചത്. 1994 ലാണ് പുസ്തകം ലേലത്തിലൂടെ ബിൽ ഗേറ്റ്സ് സ്വന്തമാക്കിയത്. അതിനെക്കുറിച്ചും ഒരു തമാശസംഭവമുണ്ട്. പുസ്തകം വാങ്ങുന്നതിനു മുൻപ് ഗേറ്റ്സ് തന്റെ നവവധുവായ മെലിൻഡയെ വിളിച്ച് താൻ ഒരു നോട്ടുപുസ്കം വാങ്ങാൻ പോകുകയാണെന്നും അതിന് 3 കോടി യുഎസ് ഡോളർ വിലയുണ്ടെന്നും പറഞ്ഞു. മെലിൻഡയ്ക്ക് ഒന്നും മനസ്സിലായില്ല. ഒടുവിൽ വീട്ടിലെത്തിയപ്പോഴാണ് വെറുമൊരു നോട്ടുപുസ്തകമല്ല ബിൽ ഗേറ്റ്സ് വാങ്ങിയതെന്ന് അവർ അറിഞ്ഞത്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പുസ്തകമായ കോഡക്സ് ലീസസ്റ്റർ സ്വന്തമാക്കിയ ശേഷം അതിന്റെ താളുകൾ ഡിജിറ്റൽ രൂപത്തിൽ ഗേറ്റ്സ് പകർത്തി. ഇതിന്റെ പകർപ്പുകൾ വിൻഡോസിന്റെ ആദ്യകാല വേർഷനുകളിൽ സ്ക്രീൻ സേവറുകളായും അദ്ദേഹം നൽകിയിരുന്നു. ഇന്നും വിവിധ മ്യൂസിയങ്ങളിൽ പ്രദർശനത്തിനായി അദ്ദേഹം പുസ്തകം വിട്ടുനൽകാറുണ്ട്. അവിടങ്ങളിലെത്തുന്ന ജനങ്ങൾ കോഡക്സ് ലീസസ്റ്റർ ശ്രദ്ധയോടെ പഠിക്കുകയും ഡാവിഞ്ചി എന്ന മഹാപ്രതിഭയെ അദ്ഭുതത്തോടെ ഓർമിക്കുകയും ചെയ്യുന്നു.

English Summary : Leonardo Da Vinci book Codex Leicester and Bill Gates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com