ADVERTISEMENT

ഒരു രാജ്യത്തെ തദ്ദേശീയമായ ജീവികളെ ലോകത്തിനു മുന്നിൽ കാട്ടാനും അതുവഴി രാജ്യത്തെ ജൈവസമ്പത്തിന്റെ സൂചനനൽകാനുമൊക്കെയാണ് ദേശീയ മൃഗം, ദേശീയ പക്ഷികൾ തുടങ്ങിയവയെ രാജ്യങ്ങൾ പ്രഖ്യാപിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ ദേശീയമൃഗം ഒകാപ്പിയെന്ന വിചിത്രമൃഗമാണ്. സീബ്രയോടും കഴുതയോടും സാമ്യം തോന്നുന്ന ജീവി. എന്നാൽ യഥാർഥത്തിൽ ഒകാപ്പിക്ക് ഈ രണ്ടുജീവികളുമായും ബന്ധമില്ല. ജിറാഫിന്റെ കുടുംബത്തിൽപെട്ടതാണ് ഈ മൃഗം. ഇവയ്ക്ക് കൊമ്പുപോലുള്ള ചെറിയ ഘടനകളുണ്ട്. ഓസികോൺസ് എന്നാണ് ഈ കൊമ്പുകൾ അറിയപ്പെടുന്നത്.

1901 വരെ ഈ മൃഗത്തെ കണ്ടെത്തിയിരുന്നില്ല. മധ്യ ആഫ്രിക്കയിലെത്തിയ യൂറോപ്യൻ പര്യവേഷകർ ഇങ്ങനെയൊരു മൃഗത്തെപ്പറ്റി കേട്ടിരുന്നു. തദ്ദേശീയരായ നാട്ടുകാരായിരുന്നു ഇതിനെപ്പറ്റിയുള്ള കഥകൾ അവരുടെയരികിൽ എത്തിച്ചത്. എന്നാൽ മധ്യ ആഫ്രിക്കൻ മേഖല യൂറോപ്യൻമാർക്ക് അപ്പോഴേക്കും പരിചിതമായിരുന്നു. എന്നിട്ടും ഇങ്ങനെയൊരു മൃഗം അവർക്കു മുൻപിൽ വെട്ടപ്പെട്ടിട്ടില്ലാത്തതിനാൽ അവർ അതിനെപ്പറ്റി വിശ്വസിക്കാൻ തയാറായില്ല.

പൊതുവേ നിബിഡമായ ഉൾവനങ്ങളിൽ താമസിക്കുന്ന ജീവികളാണ് ഒകാപ്പികൾ. ഇവ ശാന്തമായും ഒറ്റയ്ക്കും ജീവിക്കാൻ ഇഷ്ടപ്പെടുന്നു. ഒകാപ്പി മനുഷ്രുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് അപൂർവമാണ്. ഇവയവശേഷിപ്പിക്കുന്ന കാൽപാടുകളിൽ നിന്നാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.1890ൽ മധ്യ ആഫ്രിക്കൻ മേഖലയിലെത്തിയ സർ ഹെന്റി സ്റ്റാൻലിയാണ് ഈ മൃ്ഗത്തെപ്പറ്റി ആദ്യമായി വിശദീകരിച്ചത്. എന്നാൽ സ്റ്റാൻലിക്ക് കൃത്യമായ തെളിവുകളില്ലായിരുന്നു.

1901ൽ ഹാരി ജോൺസൺ എന്ന ഓഫിസർ ഒകാപ്പിയുടെ തലയോട്ടിയും ചർമവും തദ്ദേശീയരിൽ നിന്നു സംഘടിപ്പിച്ചു. പിന്നെയും ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞ് 2008ലാണ് ഒകാപ്പിയെ ജീവനോടെ കണ്ടെത്താനായത്. ആഫ്രിക്കൻ രാജ്യമായ കോംഗോയിലാണ് ഒകാപ്പി കാണപ്പെടുന്നത്. ഒന്നരമീറ്റർ പൊക്കമുള്ള ഈ ജീവികൾക്ക് 200 മുതൽ 350 കിലോ വരെ ഭാരമുണ്ട്. സസ്യാഹാരികളായ ഈ ജീവികൾ വംശനാശഭീഷണി നേരിടുന്നവയാണ്. 

വേറെയും വിചിത്രമായ മൃഗങ്ങൾ ദേശീയ മൃഗങ്ങളായുള്ള രാജ്യങ്ങളുണ്ട്. ബെൽജിയത്തിന്റെ ദേശീയമൃഗമാണ് ലിയോ ബെൽജിക്കസ്. ആളൊരു സിംഹമാണ്, പക്ഷേ ഇതൊരു സാങ്കൽപിക സിംഹമാണെന്നതാണ് കൗതുകകരമായ കാര്യം. മറ്റു ചില രാജ്യങ്ങൾക്കും സാങ്കൽപിക ദേശീയ മൃഗങ്ങളുണ്ട്. ഡ്രാഗൺ ദേശീയമൃഗമായുള്ള ചൈന ഇതിനൊരു മികച്ച ഉദാഹരണമാണ്. ചെക്ക് റിപ്പബ്ലിക്കിന്റെ ദേശീയമൃഗം ഇരട്ടവാലുള്ള ഒരു സാങ്കൽപിക സിംഹമാണ്.ജർമനിക്കും ദേശീയമൃഗം സാങ്കൽപികമാണ്, സിംഹവുമാണ്. നോർവേ തുടങ്ങിയ ചില യൂറോപ്യൻ രാജ്യങ്ങൾക്കും. ഇന്തൊനീഷ്യയുടെ ദേശീയമൃഗം ഉരഗവർഗത്തിൽപെട്ട കൊമോഡോ ഡ്രാഗണാണ്.യൂറോപ്യൻ രാജ്യമായ മാൾട്ടയുടെ ദേശീയമൃഗം  നായയാണ്.

English Summary:

Okapi: Congo's Mysterious National Animal Lost in the Forests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com