ADVERTISEMENT

ലോകചരിത്രം മംഗോളുകളില്ലാതെ പൂർത്തിയാവില്ല. മംഗോളിയയിലെ പുൽമേടുകളിൽ നിന്ന് ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച ഒരു ശക്തിയായി മംഗോളുകൾ ചെങ്കിസ് ഖാന്റെ നേതൃത്വത്തിനു കീഴിൽ ഉയർന്നു. 1206ൽ ചെങ്കിസ് ഖാൻ സ്ഥാപിച്ച മംഗോൾ സാമ്രാജ്യം ഒന്നര നൂറ്റാണ്ടോളം നിലനിന്നു. എന്നാൽ വിചിത്രമായ ചില കാര്യങ്ങൾ ഇവർ പിന്തുടർന്നിരുന്നു. മംഗോളുകൾ കുളിച്ചിരുന്നില്ല. ഡ്രാഗണുകളാണ് വെള്ളം കൈകാര്യം ചെയ്തിരുന്നതെന്ന് അവർ വിശ്വസിച്ചു. തങ്ങൾ സ്നാനം ചെയ്ത് ജലം മലിനമാക്കിയാൽ ഡ്രാഗണുകൾ കോപിക്കുമെന്ന് അവർ കരുതി. അതിനാൽ തന്നെ ഭൂരിഭാഗം മംഗോളുകളും കുളി ഒരു ദിനചര്യയാക്കിയിരുന്നില്ല. മംഗോളുകൾ വസ്ത്രങ്ങളും കഴുകിയിരുന്നില്ലെന്ന് ചില ചരിത്രകാരൻമാർ പറയുന്നു. കേടുവരുന്നതു വരെ വസ്ത്രം ഉപയോഗിക്കുക എന്നതായിരുന്നു അവരുടെ രീതി.

ഭക്ഷണം കഴിച്ച ശേഷം കൈകഴുകാനും മംഗോളുകൾക്ക് താൽപര്യമില്ലായിരുന്നത്രേ. എണ്ണയും കൊഴുപ്പുമൊക്കെ പുരണ്ട കൈ വസ്ത്രത്തിൽ തുടയ്ക്കുകയായിരുന്നു അവർ ചെയ്തിരുന്നത്. ഇങ്ങനെ അട്ടിപോലെ ശേഖരിക്കപ്പെടുന്ന കൊഴുപ്പ് വസ്ത്രത്തിനുമേൽ മറ്റൊരു പാളി സൃഷ്ടിച്ച് തണുപ്പിൽ നിന്ന് അധിക സുരക്ഷ നൽകിയിരുന്നു. മംഗോളുകളുടെ ചരിത്രമെല്ലാം പ്രബലമാകുന്നത് ചെങ്കിസ് ഖാനിലൂടെയാണ്. തെമുജിൻ എന്ന പേരിൽ 1162ൽ ഇന്നത്തെ മംഗോളിയയുടെയും സൈബീരിയയുടെയും അതിർത്തി പ്രദേശത്തായിരുന്നു ചെങ്കിസ് ഖാന്റെ ജനനം. പുൽമേടുകൾ നിറഞ്ഞ ഇവിടെ ജീവിച്ച നാടോടി ഗോത്രങ്ങൾ പരസ്പരം പോരാടിക്കൊണ്ടിരുന്നു. കഠിനമായ ജീവിതരീതിയായിരുന്നു അവിടെ.

കൊച്ചു തെമുജിന് 10 വയസ്സ് തികയുംമുൻപ് അവന്റെ അച്ഛനെ ആരോ ശത്രുക്കൾ വിഷം കൊടുത്തു കൊന്നു. തങ്ങൾക്ക് ബാധ്യതയായി മാറിയ ചെങ്കിസിനെയും ആറു സഹോദരൻമാരെയും അമ്മയെയും ഗോത്രം ഉപേക്ഷിച്ചു. 1178ൽ തെമുജിൻ ബോർട്ടെ എന്ന യുവതിയെ വിവാഹം കഴിച്ചു.ആ ബന്ധത്തി‍ൽ കുറെ കുട്ടികളുമുണ്ടായി. ഇടയ്ക്കൊരുനാൾ ബോർട്ടെയെ ശത്രുഗോത്രത്തിലെ പടയാളികൾ തട്ടിക്കൊണ്ടുപോയി. ഹതാശനായ ബോർട്ടെയെ വീണ്ടെടുക്കാനായി തെമുജിൻ ശ്രമങ്ങൾ തുടരുകയും മാസങ്ങൾക്കു ശേഷം ഒരു പോരാട്ടത്തിലൂടെ അതു സാധിക്കുകയും ചെയ്തു. തെമുജിനെ പോരാളിയുടെ ഉദയമായിരുന്നു അത്. തുടർന്ന് തെമുജിന് ധാരാളം അനുയായികളുണ്ടായി. മംഗോളിയയിൽ പരസ്പരം പോരടിച്ചു നിന്ന ഗോത്രങ്ങൾ അയാൾക്കു പിന്നിൽ അണിനിരന്നു. തുടർന്ന് ലോകത്തിന്റെ ഭരണാധികാരി എന്നർഥം വരുന്ന ‘ചെങ്കിസ് ഖാൻ’ എന്ന പേര് തെമുജിൻ സ്വീകരിച്ചു.

ganghis-khan-statue-3 - 1
Image Credit: Canva

പുറത്തേക്കുള്ളവർക്ക് ക്രൂരനായ ആക്രമണകാരിയായിരുന്നെങ്കിലും മംഗോളുകളുടെ ജീവിതത്തിൽ വലിയ സാംസ്കാരിക മാറ്റങ്ങൾ ഉണ്ടാക്കാൻ ചെങ്കിസിനു സാധിച്ചു. അവിടത്തെ സമൂഹവ്യവസ്ഥയുടെ ഭാഗമായിരുന്ന സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ, ഗോത്രങ്ങൾ തമ്മിലുള്ള കൊള്ളയടി, അടിമത്വം തുടങ്ങിയവയൊക്കെ ഖാൻ നിരോധിച്ചു. ചെങ്കിസിനു കീഴിൽ ഒരു ജനത അണിനിരക്കുകയായിരുന്നു.

പിന്നീട് നടന്നത് ചരിത്രത്തിൽ ഇടം നേടിയ പടയോട്ടങ്ങൾ. ചൈനയിലെ വടക്കുപടിഞ്ഞാറൻ മേഖലയെ ആദ്യം ആക്രമിച്ച ചെങ്കിസ് ഖാന്റെ സൈന്യം പിന്നീട് തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, അർമീനിയ, ജോർജിയ, അസർബൈജാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ തങ്ങളുടെ പടയോട്ടം നടത്തി. ചെങ്കിസ് ഖാൻ മരിക്കുമ്പോൾ അയാളുടെ സാമ്രാജ്യത്തിന് ആഫ്രിക്ക ഭൂഖണ്ഡത്തിന്റെ വിസ്തീർണമുണ്ടായിരുന്നെന്ന് ചരിത്രകാരൻമാർ പറയുന്നു.

മംഗോളിയയുടെ ദേശീയ ഹീറോയായി മാറിയ ചെങ്കിസ് ഖാൻ പക്ഷേ അന്യദേശങ്ങൾക്കു വില്ലനായിരുന്നു. വിവിധ രാജ്യങ്ങളിൽ നടത്തിയ പടയോട്ടങ്ങളിലും തുടർന്നുണ്ടായ നരനായാട്ടിലും 4 കോടിയോളം ജനങ്ങളെയാണ് ഖാനും അയാളുടെ സൈന്യവും കൊന്നൊടുക്കിയത്.ഇറാനുമായുണ്ടായ യുദ്ധത്തിൽ ആ രാജ്യത്തിന്റെ മുക്കാൽ പങ്ക് ജനസംഖ്യയെയും മംഗോളുകൾ കൊലപ്പെടുത്തി. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും കുറ്റകൃത്യങ്ങളും ഈ പടയോട്ടങ്ങളിൽ വ്യാപകമായിരുന്നു.

English Summary:

 Inside the Mongols' Surprising Hygiene Habits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com