മന്ത്രി മുഹമ്മദ് റിയാസ് കാണാതിരിക്കാൻ തട്ടിക്കൂട്ടി അടച്ച കുഴിയിൽ പിറ്റേന്ന് ബസ് വീണു
Mail This Article
ചെങ്ങന്നൂർ ∙ മന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തട്ടിക്കൂട്ടി അടച്ച കുഴിയിൽ, മന്ത്രി മടങ്ങിപ്പോയതിന്റെ പിറ്റേന്ന് കെഎസ്ആർടിസി ബസ് വീണ് യാത്ര മുടങ്ങി. ചെങ്ങന്നൂർ ഡിപ്പോയിൽ നിന്നു ശബരിമല തീർഥാടകരുമായി പമ്പയിലേക്കു പോയ ബസാണ് ഇന്നലെ രാവിലെ ഏഴോടെ സെന്റ് ആൻസ് റോഡിലെ കുഴിയിൽ വീണത്. ബസിന്റെ പിൻചക്രം കുഴിയിൽ കുടുങ്ങി. ഏറെ പണിപ്പെട്ടാണ് ബസ് കരയ്ക്കു കയറ്റിയത്. തീർഥാടകരെ പിന്നാലെ വന്ന മറ്റു ബസുകളിൽ കയറ്റിവിട്ടു.
സെന്റ് ആൻസ് റോഡിൽ സമഗ്ര കുടിവെള്ള പദ്ധതി നിർമാണ ജോലികൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായെടുത്തതായിരുന്നു കുഴി. മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനത്തിന് വ്യാഴാഴ്ച മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചെങ്ങന്നൂരിലെത്തുന്നതിനു മുന്നോടിയായി തിരക്കിട്ട് കുഴി അടയ്ക്കുകയായിരുന്നു. എംകെ റോഡിൽ നിർമാണം നടക്കുന്നതിനാൽ സെന്റ് ആൻസ് റോഡിലൂടെ വാഹനങ്ങൾ വഴി തിരിച്ചു വിടുകയും ചെയ്തു. ബസ് ഇതുവഴി പോയപ്പോഴായിരുന്നു അപകടം.