5 വർഷമായി ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി അറസ്റ്റിൽ

Mail This Article
ചെങ്ങന്നൂർ ∙ 2017ൽ വെണ്മണി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതി കാസർകോട് ഹൊസ്ദുർഗ് തൃക്കരിപ്പൂർ പാറപ്പാട് തെക്ക് സഫീന മൻസിലിൽ മുഹമ്മദ് ഷാഫി (39) അറസ്റ്റിൽ.കേസിൽ നേരത്തെ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഹരിപ്പാട് പോക്സോ സ്പെഷൽ കോടതിയിൽ കേസ് വിസ്താരം തുടങ്ങിയിട്ടും കോടതിയിൽ ഹാജരാകാതിരുന്നതിനാൽ പ്രതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
കാസർകോട് ചന്ദേരയിലും മലപ്പുറം കോട്ടയ്ക്കലിലുമായി മാറി മാറി പ്രതി ഒളിവിൽ കഴിഞ്ഞിരുന്നു . ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ.ആർ. ജോസ്, വെണ്മണി എസ്എച്ച്ഒ. എ. നസീർ എന്നിവരുടെ നിർദേശപ്രകാരം സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് ലാൽ ഒരാഴ്ചയായി മലപ്പുറം, കാസർകോട് ജില്ലകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.സിപിഒമാരായ ഗിരീഷ് ലാൽ, ജയരാജ്, രാധാകൃഷ്ണൻ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.