ADVERTISEMENT

വള്ളികുന്നം(ആലപ്പുഴ)  ∙ 1984ൽ മാവേലിക്കരയ്ക്ക് സമീപം കുന്നത്ത്,  ചാക്കോ എന്ന ചലച്ചിത്രവിതരണ കമ്പനി ജീവനക്കാരൻ കാർ കത്തി മരിച്ച സ്ഥലത്തുനിന്ന് എസ്ഐ: പി.തങ്കച്ചന്റെ നേതൃത്വത്തിൽ ആ ഗ്ലൗസ് കണ്ടെടുത്തില്ലായിരുന്നെങ്കിൽ സുകുമാരക്കുറുപ്പ് പിടികിട്ടാപ്പുള്ളിയാകുമായിരുന്നില്ല. തന്നോട് സാദൃശ്യമുള്ള ഒരാളെ കണ്ടെത്താനും  അയാളെ കൊലപ്പെടുത്തിയ ശേഷം താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് പണം തട്ടാനുമായിരുന്നു സുകുമാരക്കുറുപ്പിന്റെ ഉദ്ദേശം. മുൻകൂട്ടി തീരുമാനിച്ച ദിവസം കുറുപ്പ് ഉൾപ്പെടെ നാലുപേർ ആലപ്പുഴയ്ക്ക് സമീപം ഹോട്ടൽ കൽപകവാടിയിൽ ഒത്തുചേർന്നാണ് ഗൂഢാലോചന നടത്തിയത്. കുറുപ്പ് തന്റെ അംബാസഡർ കാറിലും (കെഎൽവൈ 5959) മറ്റുള്ളവർ ഒന്നാം പ്രതിയുടെ കാറിലുമാണ് ( കെഎൽവൈ 7831)   എത്തിയത്. ഇവിടെ നിന്നും കുറുപ്പും മറ്റുള്ളവരും രണ്ട് കാറുകളിലായി കുറുപ്പിനോട് സാദൃശ്യമുള്ള ആരെയെങ്കിലും കണ്ടെത്താൻ യാത്ര തിരിച്ചു.

തങ്കച്ചൻ, സുകുമാരക്കുറുപ്പ്
തങ്കച്ചൻ, സുകുമാരക്കുറുപ്പ്

എന്നാൽ ഓച്ചിറ  വരെ സഞ്ചരിച്ചിട്ടും അതുപോലെ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല. തിരിച്ച് വരുന്ന വഴി കരുവാറ്റയിൽ വച്ചാണ് ഒരാൾ അവരുടെ കാറിനു  കൈകാണിച്ചത്. ഫിലിം റപ്രസന്റേറ്റീവ് ആയ ചാക്കോ വീട്ടിലേക്കു പോകാനായി വാഹനം കാത്തു നിൽക്കുമ്പോഴാണ് ഇവർ എത്തിയത്. കുറുപ്പിന്റെ ഛായയുള്ള ചാക്കോയെ കെഎൽവൈ  5959 എന്ന കാറിൽ കയറ്റുകയും ചാക്കോയെ ഈതർ കലർത്തിയ ബ്രാണ്ടി കഴിപ്പിക്കുകയും ചെയ്തു. തുടർന്ന് ഒന്നാംപ്രതി ചാക്കോയെ കഴുത്തിൽ ടവ്വൽ  മുറുക്കി കൊലപ്പെടുത്തി. പിന്നീട് കുറുപ്പിന്റെ ഭാര്യ വീട്ടിലെത്തി മൃതദേഹത്തിൽ കുറുപ്പിന്റെ ഷർട്ടും ലുങ്കിയും ധരിപ്പിച്ചു. ഇവിടെ നിന്നും മൃതദേഹം കുറുപ്പിന്റെ കാറിന്റെ ഡിക്കിയിലാക്കി. കൊല്ലകടവ് ഭാഗത്ത് എത്തിയപ്പോൾ ചാക്കോയുടെ മൃതദേഹം മറ്റേ കാറിന്റെ ( കെഎൽവൈ 7831) ഡ്രൈവിങ് സീറ്റിൽ ഇരുത്തിയശേഷം സമീപത്തെ നെൽവയലിലേക്ക് തള്ളിയിടുകയായിരുന്നു.

alappuzha-thankachan-police-officer
തങ്കച്ചൻ

അകത്തും പുറത്തും പെട്രോൾ ഒഴിച്ചിരുന്ന കാർ തീപിടിക്കുന്നത് ഉറപ്പാക്കിയ പ്രതികൾ മറ്റേ കാറിൽ (കെഎൽവൈ 5959) കയറി സ്ഥലം വിട്ടു. ഇതിനിടെ ഒന്നും രണ്ടും പ്രതികൾക്ക് പൊള്ളലേറ്റിരുന്നു. പുക നിറഞ്ഞ അന്തരീക്ഷത്തിൽനിന്ന് ഓടി രക്ഷപ്പെടുമ്പോൾ താഴെവീണിരുന്ന ഗ്ലൗസെടുക്കാൻ ഇവർ ശ്രദ്ധിച്ചിരുന്നില്ല. നേരം പുലർന്നപ്പോൾ പൊലീസ് സ്ഥലത്ത് എത്തുകയും അന്വേഷണം  തുടങ്ങുകയുമായിരുന്നു. അങ്ങനെയാണ് അന്നത്തെ സ്ഥലം എസ്ഐ ആയിരുന്ന തങ്കച്ചൻ കുറുപ്പിന്റെ കൂട്ടാളികളുടെ കൈ പൊള്ളിയത് കണ്ടത്. ഇതു വഴി നടത്തിയ അന്വേഷണത്തിലാണ് കുറുപ്പാണ് സൂത്രധാരനെന്ന് തങ്കച്ചൻ കണ്ടെത്തിയത്. അപ്പോഴേക്കും കുറുപ്പ് കടന്നുകളഞ്ഞിരുന്നു.

alp-sukumarakuruppu
സുകുമാരക്കുറുപ്പിനോടൊപ്പമുള്ള പ്രതി പൊന്നപ്പനെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്ന അന്നത്തെ എസ്ഐ പി തങ്കച്ചൻ.

സുകുമാരക്കുറുപ്പ് കേസ് ആദ്യം അന്വേഷിച്ച എസ്ഐ അന്തരിച്ചു

‌കറ്റാനം(ആലപ്പുഴ) ∙ ചാക്കോ വധക്കേസിലെ സൂത്രധാരൻ സുകുമാരക്കുറുപ്പാണെന്ന് കണ്ടെത്തിയ എസ്ഐ: ഇലിപ്പക്കുളം പുത്തൻവീട്ടിൽ തങ്കച്ചൻ (91) അന്തരിച്ചു.  സുകുമാരക്കുറുപ്പ് ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്ന് ഇൻഷുറൻസ് പണം തട്ടാനാണ് കൊല നടത്തിയത്. കൊല  നടന്ന സ്ഥലത്തുനിന്നു ലഭിച്ച ഗ്ലൗസിനെ ചുറ്റിപ്പറ്റി അന്നത്തെ മാവേലിക്കര എസ്ഐ ആയിരുന്ന തങ്കച്ചന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കേസിലെ ഒന്നും രണ്ടും പ്രതികൾ പിടിയിലായി. ഇവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുകുമാരക്കുറുപ്പാണ് സൂത്രധാരനെന്ന് കണ്ടെത്തിയെങ്കിലും അപ്പോഴേക്ക് കുറുപ്പ് മുങ്ങുകയായിരുന്നു. 

1986ൽ തങ്കച്ചൻ കായംകുളം എസ്ഐ ആയി വിരമിച്ചു. സംസ്കാരം നാളെ 11ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ഭരണിക്കാവ് മംഗലത്തേത്ത് പരേതയായ ശലോമി. മക്കൾ: പൊന്നമ്മ, പി.ടി. ഉമ്മൻ (റിട്ട. ശിരസ്തദാർ, ആലപ്പുഴ കലക്ടറേറ്റ്), ലിസി, ഗ്രേസി, രാജു, ജെസി. മരുമക്കൾ: ബാബു കെ.ജോർജ്, പ്രിൻസ്, ജോളി, ബിജി, പരേതനായ ജോർജ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com