സമരം കഴിഞ്ഞ് ചെറിയൊരു പ്രശ്നം; സംഘർഷമായി

Mail This Article
കുട്ടനാട് ∙ താലൂക്ക് അദാലത്തു നടന്ന മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം ഓഡിറ്റോറിയത്തിലേക്കു യുഡിഎഫ് നടത്തിയ ബ്ലാക്ക് മാർച്ച് സംഘർഷത്തിലെത്തിയത് സമരത്തിനു ശേഷമുണ്ടായ ചെറിയൊരു പ്രശ്നത്തിന്റെ പേരിൽ. മാർച്ച് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു സമീപം പൊലീസ് ബാരിക്കേഡ് വച്ചു തടഞ്ഞിരുന്നു. തുടർന്നു സമരക്കാർ പിരിഞ്ഞു പോയ കൂട്ടത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ബാരിക്കേഡിന്റെ വശത്തു കൂടി ഓഫിസിലേക്കു പോകാൻ ശ്രമിച്ചതു പൊലീസ് തടഞ്ഞു.
ഇതു സമരക്കാർ ചോദ്യം ചെയ്തതോടെ പൊലീസും സമരക്കാരും തമ്മിൽ വാക്കേറ്റമായി. അത് ഉന്തും തള്ളുമായി. പിന്നാലെ ലാത്തിച്ചാർജും.പൊലീസ് സൃഷ്ടിച്ച തടസ്സം മറികടന്നു മുന്നോട്ടു പോകാൻ സമരക്കാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നു പിആർഎസ് പകർപ്പുകൾ കത്തിച്ച് അവർ പ്രതിഷേധിക്കുകയും യോഗം ചേരുകയും ചെയ്തു.
അതിനു ശേഷമാണ് ജിൻസി ജോളി ബാരിക്കേഡിന്റെ വശത്തുകൂടി പോകാൻ ശ്രമിച്ചത്. തർക്കത്തിനിടയിലാണ് അമ്പലപ്പുഴ ഡിവൈഎസ്പി ബിജു വി.നായർ നിലത്തു വീണത്. ഇതോടെ പൊലീസ് ലാത്തി വീശി. സമരക്കാരിൽ പലർക്കും അടിയേറ്റു. ചിലർക്കു തലയ്ക്കാണു പരുക്ക്.കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ പ്രവർത്തകർ എസി റോഡ് ഉപരോധിച്ചു. മങ്കൊമ്പ് ബ്ലോക്ക് ജംക്‌ഷനിൽ 12 ന് തുടങ്ങിയ ഉപരോധം അരമണിക്കൂറോളം നീണ്ടു. എംപിയെ ഉൾപ്പടെ അറസ്റ്റ് ചെയ്ത ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്.
രാമങ്കരി സ്റ്റേഷനിലേക്ക് ഇവരെ മാറ്റി. അവിടെ വച്ചു ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊടിക്കുന്നിലിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. കൊടിക്കുന്നിലിന്റെ കഴുത്തിൽ ചതവുണ്ടെന്നു പരിശോധനയിൽ വ്യക്തമായി. ചികിത്സയ്ക്കു ശേഷം വൈകിട്ടോടെ അദ്ദേഹം ആശുപത്രി വിട്ടു.
പരുക്കേറ്റ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മധു സി.കൊളങ്ങര, ഗോകുൽ ഷാജി, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ജോർജ് മാത്യു പഞ്ഞിമരം, തങ്കച്ചൻ കൂലിപ്പുരയ്ക്കൽ,പി.എസ്.തോമസ്, ടോം മാത്യു, വിൽസൺ പടൂർ എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ പോലീസ് ലാത്തിച്ചാർജ് ചെയ്തതിൽ ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് പ്രതിഷേധിച്ചു. പൊലീസിന്റെ കിരാത നടപടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.