പക്ഷിപ്പനി കോഴി: താറാവുകർഷകർക്ക് നഷ്ടപരിഹാരം കിട്ടിയില്ല
Mail This Article
ആലപ്പുഴ ∙ പക്ഷിപ്പനി കാരണം ചത്തതും കൊന്നൊടുക്കിയതുമായ വളർത്തുപക്ഷികൾക്കുള്ള നഷ്ടപരിഹാരത്തിനായി ആറു മാസത്തോളം കാത്തിരുന്ന കോഴി, താറാവുകർഷകർക്കു വീണ്ടും നിരാശ. 6ന് ആലപ്പുഴയിൽ നടത്തിയ യോഗത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി കർഷകർക്കുള്ള നഷ്ടപരിഹാര വിതരണം ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും രണ്ടു ദിവസത്തിനു ശേഷവും ആർക്കും പണം ലഭിച്ചില്ല. ഒരാഴ്ച കൂടി കഴിഞ്ഞേ പണം കർഷകർക്കു ലഭിച്ചു തുടങ്ങൂ എന്നാണു സൂചന. എല്ലാ കർഷകർക്കും നഷ്ടപരിഹാര വിതരണം പൂർത്തിയാക്കണമെങ്കിൽ പിന്നെയും ഒരാഴ്ചയോളമെടുക്കും. 2024ൽ പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 3.06 കോടി രൂപയാണു മൃഗസംരക്ഷണ വകുപ്പ് നഷ്ടപരിഹാരമായി നൽകുന്നത്. ഇതിൽ 12% അനുവദിച്ചിട്ടുമില്ല
.6 ന് നടന്ന യോഗത്തിൽ നൂറോളം കർഷകരെയാണു ക്ഷണിച്ചിരുന്നത്. ഇവർക്കു പണം ലഭിച്ചെന്ന് ഒപ്പിട്ടു വാങ്ങുകയും ചെയ്തു. എന്നാൽ പണമോ ചെക്കോ പ്രതീക്ഷിച്ചവർക്കു സർട്ടിഫിക്കറ്റ് മാത്രമാണു വേദിയിൽ വിതരണം ചെയ്തത്. ജനുവരിയിൽ താറാവു കർഷകർ സമരത്തിലേക്കു നീങ്ങുന്നതിനിടയിലാണു നഷ്ടപരിഹാരം ഉടൻ അനുവദിക്കുമെന്നു മൃഗസംരക്ഷണ വകുപ്പ് അറിയിച്ചത്. തുടർന്നു സമ്മേളനം നടത്തി നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും അറിയിക്കുകയായിരുന്നു.
നഷ്ടപരിഹാരം വിതരണം ചെയ്യുന്നെന്നു വാർത്തകൾ വന്നതോടെ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന കമ്പനികൾ പണത്തിനായി കർഷകരെ സമീപിച്ചു. കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും ഈ കമ്പനികളാണു നൽകുന്നത്. അതിനാൽ നഷ്ടപരിഹാരം ഇവർക്കു നൽകണമെന്നാണു കർഷകരോട് ആവശ്യപ്പെടുന്നത്. എന്നാൽ നഷ്ടപരിഹാരം ലഭിക്കാതെ എങ്ങനെ പണം നൽകുമെന്നതാണ് കർഷകരെ അലട്ടുന്നത്.