യാത്രക്കാരെ വലച്ച് വീണ്ടും എഴുപുന്ന – എരമല്ലൂർ റോഡിലെ റെയിൽവേ ഗേറ്റ് അടയ്ക്കും

Mail This Article
തുറവൂർ ∙ അറ്റകുറ്റപ്പണിയുടെ പേരിൽ എഴുപുന്ന – എരമല്ലൂർ റോഡിലെ റെയിൽവേ ഗേറ്റ് അടിക്കടി അടച്ചിടുന്നത് യാത്രക്കാരെ വലയ്ക്കുന്നു. ദിവസങ്ങൾക്കു മുൻപാണ് റെയിൽവേ ഗേറ്റ് 5 ദിവസം തുടർച്ചയായി അടച്ചിട്ടത്. ഗേറ്റ് അടച്ചിടുമ്പോൾ റെയിൽ പാളത്തിനു പടിഞ്ഞാറുള്ളവർക്ക് എഴുപുന്ന – ശ്രീനാരായണപുരം റോഡിലൂടെയാണ് ദേശീയപാതയിലേക്കും തിരിച്ചും എത്താൻ സാധിക്കുന്നത്.
തിരക്കേറുമ്പോൾ ഇവിടെ ഗതാഗതക്കുരുക്കു പതിവാണ്. തീരെ വീതികുറഞ്ഞ റോഡായതിനാൽ വലിയ വാഹനങ്ങൾ വരുമ്പോൾ പലപ്പോഴും ഗതാഗതം പൂർണമായും സ്തംഭിക്കും. പാളം മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് റെയിൽവേ ഗേറ്റ് 5 ദിവസം തുടർച്ചയായി അടച്ചിട്ടത്. ഇന്ന് ഗേറ്റിലെ പാതയിലെ കുഴികൾ അടച്ച് ടാറിങ്ങിനായാണ് അടച്ചിടുന്നത്. നാളെ തുറന്നു കൊടുക്കുമെന്നാണ് അധികൃതർ പറയുന്നത്.
ദിവസങ്ങളോളം ഗേറ്റ് അടച്ചിട്ടപ്പോൾ ചെയ്യാമായിരുന്ന ജോലിക്കു വേണ്ടിയാണ് വീണ്ടും ഗതാഗതം തടസ്സപ്പെടുത്തുന്നതെന്ന് ആക്ഷേപമുണ്ട്. കാലപ്പഴക്കമുള്ള ഗേറ്റ് മാസത്തിൽ ഒന്നിലധികം തവണ തകരാറിലാകാറുണ്ട്. മറ്റ് സ്ഥലങ്ങളിൽ ഓട്ടമാറ്റിക് സംവിധാനം ഏർപ്പെടുത്തിയപ്പോൾ ഇവിടെ പഴയ ഗേറ്റ് തന്നെ അറ്റകുറ്റപ്പണി നടത്തി പ്രവർത്തിപ്പിക്കുകയാണ്.
ഗേറ്റ് പണിമുടക്കുന്നതു മൂലം എഴുപുന്നയിലെ സമുദ്രോൽപന്ന സംസ്കരണ ശാലകളിലേക്കുള്ള കണ്ടെയ്നർ ലോറികൾ തുറവൂർ വഴിയാണു പോകുന്നത്. ചേർത്തല – എറണാകുളം റൂട്ടിലെ സ്വകാര്യ ബസുകളും ദേശീയപാതയിലൂടെ സർവീസ് നടത്തേണ്ടി വരുന്നു. ഇത് എഴുപുന്ന, വല്ലേത്തോട്, കരുമാഞ്ചേരി ഭാഗങ്ങളിലെ യാത്രക്കാരെയും വലയ്ക്കുകയാണ്.