തീരദേശ പാതയിലെ യാത്രാദുരിതം: 16 പുതിയ മെമു റേക്കുകൾ കൂടി അനുവദിക്കും

Mail This Article
ആലപ്പുഴ ∙ തീരദേശ പാത വഴിയുള്ള യാത്രാദുരിതം പരിഹരിക്കാൻ മെമു ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിക്കും. 16 പുതിയ മെമു റേക്കുകൾ കൂടി അനുവദിക്കാൻ റെയിൽവേ ബോർഡിൽ ധാരണയായി. യാത്രക്കാർ തിങ്ങിനിറഞ്ഞു യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യം കെ.സി.വേണുഗോപാൽ എംപി റെയിൽവേ മന്ത്രിയും റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയിൽ ചൂണ്ടിക്കാട്ടിയിരുന്നു.ആലപ്പുഴ- എറണാകുളം, കൊല്ലം- ആലപ്പുഴ, എറണാകുളം- ആലപ്പുഴ, ആലപ്പുഴ -കൊല്ലം മെമു ട്രെയിനുകളിൽ ഇപ്പോൾ 12 റേക്കുകൾ മാത്രമാണുള്ളത്. പുതുതായി അനുവദിക്കുന്ന റേക്കുകളെത്തുമ്പോൾ കോച്ചുകളുടെ എണ്ണം 16 ആകും.
ഇത് ഒരു പരിധിവരെ യാത്രാദുരിതത്തിന് ആശ്വാസമാകും. രാവിലെ 7.25ന് ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്കു പുറപ്പെടുന്ന മെമുവിൽ യാത്രക്കാർ തിങ്ങിഞെരുങ്ങിയാണു പോകുന്നത്. വൈകിട്ടും ഇതേ അവസ്ഥ തന്നെ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നതും ഏറെ തിരക്കുള്ളതുമാണ് ആലപ്പുഴ വഴിയുള്ള മെമു സർവീസ്. കുംഭമേളയ്ക്കായി വിവിധ സംസ്ഥാനങ്ങളിൽനിന്നു റേക്കുകൾ പ്രയാഗ്‌രാജിലേക്കു കൊണ്ടുപോയിരുന്നു. കുംഭമേള കഴിഞ്ഞതോടെ ഇവയിൽ ചിലതു കേരളത്തിലെത്തിക്കാനാണു റെയിൽവേയുടെ ആലോചന.