കർഷകൻ പാടത്ത് മരിച്ചനിലയിൽ; ദേഹമാസകലം വെയിലേറ്റതിന്റെ പൊള്ളൽ

Mail This Article
മാവേലിക്കര∙ കർഷകനെ ദേഹമാസകലം വെയിലേറ്റു പൊള്ളിയ നിലയിൽ പാടശേഖരത്തിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തി. ഹൃദയാഘാതത്തെത്തുടർന്നാണു മരണമെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. മരിച്ചു കിടക്കുമ്പോഴാണോ പൊള്ളലേറ്റതെന്നു പോസ്റ്റ്മോർട്ടത്തിന്റെ അന്തിമ റിപ്പോർട്ട് കിട്ടിയാലേ സ്ഥിരീകരിക്കാൻ പറ്റൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.കുറത്തികാട് വരേണിക്കൽ വല്ലാറ്റ് വീട്ടിൽ പ്രഭാകരനാണ് (73) മരിച്ചത്. കുറത്തികാട് പാടശേഖരത്തിലെ ചിറയ്ക്കു സമീപം ഇദ്ദേഹത്തിനു നെൽക്കൃഷിയുണ്ട്.
ബുധനാഴ്ച രാവിലെ ഏഴരയോടെ സ്കൂട്ടറിൽ ഇദ്ദേഹം അങ്ങോട്ട് പോയിരുന്നു. രാത്രിയായിട്ടും കാണാതായതോടെ പ്രദേശത്തും ബന്ധുക്കളുടെ വീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകി പാടശേഖരത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രഭാകരനെ മരിച്ച നിലയിൽ കണ്ടത്. സ്കൂട്ടർ മറിഞ്ഞ് ദേഹത്ത് വീണ നിലയിലായിരുന്നു. ശരീരം മുഴുവനും പൊള്ളിക്കരിഞ്ഞ പാടുകളുണ്ട്. പകൽ മുഴുവൻ വെയിലേറ്റു കിടന്നിരിക്കാമെന്നാണു കരുതുന്നത്. ഭാര്യ: രാജമ്മ. മക്കൾ: പ്രവീഷ്, വിനേഷ്. മരുമകൾ: അശ്വതി. സഞ്ചയനം തിങ്കൾ 9ന്.