പ്രദീപിന്റെ ‘ആൽകെമിസ്റ്റി’ന് പൗലോ കൊയ്‌ലോയുടെ താങ്ക്സ് !!
Mail This Article
വൈപ്പിൻ ∙ ഇന്നലെ ഉച്ചയുറക്കത്തിൽ നിന്നു കെ.എ. പ്രദീപ് കൺതുറന്നതു വിശ്വസിക്കാൻ കഴിയാത്ത ഒരു സ്വപ്നത്തിലേക്കാണ്. അക്ഷരങ്ങളിലൂടെ മനസ്സിൽ ദൈവമായി മാറിയ വിശ്വസാഹിത്യകാരൻ പൗലോ കൊയ്‌ലോയുടെ വിലമതിക്കാനാവാത്ത സമ്മാനം. സന്തോഷം പെരുമഴ പെയ്ത നട്ടുച്ചയ്ക്ക് ‘ആൽകെമിസ്റ്റ്’ എന്ന ഓട്ടോറിക്ഷ ചെറായി കണ്ണാത്തുശ്ശേരി വീടിന്റെ മുറ്റത്ത് ചാറ്റൽമഴ നനഞ്ഞുകിടന്നു.
പൗലോയോടുള്ള ആരാധന മൂത്ത് പ്രദീപ് തന്റെ ഓട്ടോയ്ക്ക് അദ്ദേഹത്തിന്റെ പ്രശസ്ത നോവലിന്റെ പേരിടുന്നത് ഒന്നര ദശാബ്ദം മുൻപാണ്. കൊച്ചിയിലെ നിരത്തിലൂടെ പായുന്ന ആ ഓട്ടോയുടെ ചിത്രത്തോടൊപ്പം മഹാസാഹിത്യകാരൻ തന്റെ നന്ദിവാക്കുകൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത് ഇന്നലെ. മിനിറ്റുകൾക്കുള്ളിൽ വൈറലായ പോസ്റ്റ് കണ്ട സുഹൃത്തുക്കൾ ഫോണുമായി ഓടിക്കിതച്ചെത്തി വിവരമറിയിച്ചപ്പോഴുള്ള വിസ്മയം ഇപ്പോഴും ഈ അൻപത്തഞ്ചുകാരനെ വിട്ടൊഴിഞ്ഞിട്ടില്ല.
പൗലോ എന്ന വിസ്മയം
പത്താം ക്ലാസ് പാസായതു മുതൽ വായന ഒപ്പമുണ്ടെങ്കിലും അക്ഷരങ്ങളിൽ നിന്ന് മനസിലേക്കൊരു മിന്നലിറങ്ങുന്നത് പ്രദീപ് ആദ്യമറിഞ്ഞത് ‘ദി ആൽക്കമെസ്റ്റി’ന്റെ മലയാള പരിഭാഷ വായിച്ചു തുടങ്ങിയപ്പോഴാണ്. അതോടെ എഴുത്തുകാരൻ ഉള്ളിലെ പ്രതിഷ്ഠയായി. പൗലോയുടെ രചനകൾ മനസ്സിനെ ശുദ്ധീകരിക്കുന്നവയാണെന്നാണ് പ്രദീപിന്റെ പക്ഷം. ‘വെറോണിക്ക ഡിസൈഡ്സ് ടു ഡൈ’, ‘ദ് പിൽഗ്രിമേജ്’,‘അഡൽട്രി’, ‘ഇലവൻ മിനിറ്റ്സ്’ എന്നിങ്ങനെ ഓരോ കൃതികളും മനസിന്റെ തെളിമ ഒന്നിനൊന്നു കൂട്ടി. അതോടെ പൗലോ അക്ഷരലോകത്ത് പ്രദീപിന്റെ വിട്ടുപിരിയാത്ത കൂട്ടായി.
വായന തന്നെ ജീവിതം
പുലർച്ചെ വീട്ടിൽ നിന്ന് ഓട്ടോയുമായിറങ്ങി പാതിരാത്രി തിരിച്ചെത്തുന്നയാൾക്കു വായിക്കാനെവിടെ സമയമെന്നു ചോദിക്കരുത്. കഴിയുമെങ്കിൽ ഒരു പുസ്തകം ഒറ്റയടിക്കു തന്നെ വായിച്ചു തീർക്കുന്നതാണ് ഇഷ്ടം. രാവിലെ അലാം വച്ച് എഴുന്നേറ്റിരുന്നും ജോലി ക്ഷീണത്തിൽ നിന്നു കണ്ണിനെ മോചിപ്പിക്കാൻ പലവട്ടം മുഖം കഴുകി രാവേറുവോളവും വായിക്കുന്നതായിരുന്നു പതിവ്. എന്നിട്ടും മതിയാകാതെ ചിലപ്പോൾ ഒരു പുസ്തകമെടുത്തു വണ്ടിയിൽ വയ്ക്കും. ഒരു ട്രാഫിക് ബ്ലോക്കിൽ ചിലപ്പോൾ അരപ്പേജ് അകത്താക്കാൻ കഴിഞ്ഞാലോ.
ആദ്യം ആൽകെമിസ്റ്റ്
പൗലോയുടെ മാസ്റ്റർ പീസ് പ്രദീപ് രണ്ടു വട്ടം വായിച്ചു. അന്നു വരെ പേരില്ലാതെ ഓടിയ തന്റെ ഓട്ടോയ്ക്കൊരു പേരു വേണമെന്ന് പ്രദീപിനു തോന്നിയപ്പോൾ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ആൽകെമിസ്റ്റ് എന്ന പരിചിതമല്ലാത്ത പേരു കണ്ട ചിലർ നെറ്റിചുളിച്ചു. പക്ഷേ, പരിചയമില്ലാത്തവർ പലരും പ്രദീപിന്റെ പേരു ചോദിച്ചു. അവരിൽ പലരും വലിയ വായനക്കാരായിരുന്നു. ചിലരെങ്കിലും ഇപ്പോഴും ആത്മസുഹൃത്തുക്കളും. അവർ കയറിക്കഴിഞ്ഞാൽ ഓട്ടോ പലപ്പോലും വിശ്വസാഹിത്യസംവാദത്തിനു വേദിയാകും. ‘ആൽകെമിസ്റ്റ്’ കൊണ്ടു വന്ന ഏറ്റവും വലിയ ഭാഗ്യം.
ദൈവം കഴിഞ്ഞാൽ
പൗലോ കഴിഞ്ഞാലുള്ള പ്രദീപിന്റെ ഇഷ്ടക്കാരും വിശ്വസാഹിത്യകാരന്മാർ തന്നെ. വിക്ടർ യൂഗോ, ടോൾസ്റ്റോയി, ഡി.എച്ച്. ലോറൻസ് എന്നിങ്ങനെ പോകും ലിസ്റ്റ്. മലയാളത്തിൽ എന്നും പ്രിയം വികെഎന്നിനോടാണ്. നോവലിനോടാണ് പൊതുവെ ഇഷ്ടം. അതു കഴിഞ്ഞാൽ യാത്രാവിവരണവും. ചെറിയൊരു ലൈബ്രറി വീട്ടിലുണ്ട്. 150 പുസ്തകങ്ങൾ.
ഇനിയുള്ള സ്വപ്നം
ഇപ്പോൾ പ്രദീപ് ഓടിക്കുന്ന ഓട്ടോ നാലാമത്തെ ‘ആൽകെമിസ്റ്റാ’ണ്. വണ്ടി മാറിയാലും പേരു മാറില്ല. എഴുത്തുകാരനോടുള്ള ഇഷ്ടവും. ഓട്ടോയുടെ പിന്നിൽ കൊയ്‌ലോയുടെ പേരുമുണ്ട്. ഇനിയുള്ള സ്വപ്നം ഒരു വട്ടമെങ്കിലും അദ്ദേഹത്തെ നേരിട്ടുകാണലാണ്. പൗലോ പ്രദീപിന് ആരാണെന്നു നന്നായറിയാവുന്ന ഭാര്യ സിന്ധുവും മകൻ പ്രണവും കാത്തിരിക്കുന്നതും അതേ നിമിഷത്തിനു വേണ്ടിയാണ്.
English Summary: Paulo Coelho thanks Pradeep for his 'Alchemist' !!