‘വലി’യ ദൗത്യം; ദേശീയ വടംവലി ചാംപ്യൻഷിപ്പ് നേടാൻ കേരള ടീമുകൾ കഠിന പരിശീലനത്തിൽ

Mail This Article
വലിയെടാ വലി... എന്നാണു വടംവലിയെന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്നത്. പിന്നെ പെരുപ്പിച്ച മസിൽ ചുരുട്ടിക്കൂട്ടി ആഞ്ഞുള്ള വലിയും. പക്ഷേ ദേശീയ ചാംപ്യൻഷിപ്പിനുള്ള കേരള ടീമിന്റെ വടംവലി പരിശീലനത്തിൽ കാര്യങ്ങൾ വ്യത്യസ്തം. അടക്കവും ഒതുക്കവുമായി അനാവശ്യ മസിൽ പ്രകടനങ്ങളോ അലറിവിളികളോ ഇല്ലാതെ ചിട്ടയായ പരിശീലനം. ദേശീയ ചാംപ്യൻമാരാകാനുള്ള തയാറെടുപ്പിലാണ് ഐരാപുരത്തു വടംവലി പരിശീലിക്കുന്ന 30 കുട്ടികൾ.

19 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ദിവസം 6 മണിക്കൂർ ആണു ശ്രീശങ്കര വിദ്യാപീഠം കോളജ് ഗ്രൗണ്ടിൽ പരിശീലനം. 24നു മഹാരാഷ്ട്രയിലെ ബോയ്സറിലേക്കു വണ്ടി കയറുന്നതു വരെ കുട്ടികളുടെ ഉൗണും ഉറക്കവുമെല്ലാം ഇവിടെത്തന്നെ. നേതൃത്വം കേരള ടഗ് ഓഫ് വാർ അസോസിയേഷനാണ്. സോന തെരേസ സോജിയാണു പെൺകുട്ടികളുടെ ക്യാപ്റ്റൻ. ടി. സിദ്ധാർഥ് ആൺകുട്ടികളുടെ ടീമിനെ നയിക്കും. മിക്സഡ് വിഭാഗം ക്യാപ്റ്റൻ കെ.എസ്. നന്ദന. 13, 15, 17 പ്രായ പരിധിക്കാർക്കു പാലക്കാട്ടാണു പരിശീലനം. ഒരു ടീമിൽ 2 റിസർവ് അടക്കം 10 പേരുണ്ടാകും. ഇവരുടെ ‘പരുവപ്പെടുത്തൽ’ ആണ് ക്യാംപിൽ നടക്കുന്നത് .
‘ഉണക്കിയെടുക്കൽ’
പരിശീലന കാലത്തു ടീമംഗങ്ങളുടെ തൂക്കം പരിധി വിടാതിരിക്കാൻ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ആൺകുട്ടികളുടെ ടീമിന് 560 കിലോഗ്രാമും പെൺകുട്ടികൾക്കു 460 കിലോഗ്രാമും മിക്സഡിൽ 540 കിലോഗ്രാമും കവിയരുത്. ദിവസവും തൂക്കം നോക്കിയാണു പരിശീലനത്തിനിറക്കുന്നത്. ടീമിന്റെ ആകെ ഭാരം നിശ്ചിത പരിധിയിൽ നിന്നു 30 കിലോഗ്രാമിൽ ഏറെയായാൽ ഭക്ഷണ ക്രമം മാറും. തൂക്കം കൂടിയ ആൾക്കു ഭക്ഷണം പരിമിതപ്പെടുത്തും. അവർക്കു ചോറ് ഒഴിവാക്കി ചപ്പാത്തി നൽകും. സസ്യേതര ഭക്ഷണം വർജിക്കേണ്ടിയും വരും. ‘ഉണക്കിയെടുക്കൽ’ കഴിയുന്നതോടെ ആൾ ഫിറ്റാകും. മഹാരാഷ്ട്രയിലേക്കുള്ള ട്രെയിൻ യാത്രയിൽ ഓരോരുത്തരും 4 കിലോയെങ്കിലും കുറയുമെന്ന കണക്കുകൂട്ടലും ടീം മാനേജുമെന്റിനുണ്ട്.
‘തന്ത്രം’ പ്രധാനം
രാവിലെ 6നു കളരി ഉണരും. ‘team, are you ready?’ എന്നു പരിശീലകൻ പറയുമ്പോൾ ‘yes sir’ മറുപടി നിർബന്ധം. 3 മണിക്കൂറാണു രാവിലത്തെ കോച്ചിങ്. വൈകിട്ട് 3 മുതൽ 6വരെയും പരിശീലനമുണ്ട്. വീറും വാശിയും ചോർന്നു പോകാതെ ‘കലിപ്പിൽ’ നിർത്തിയുള്ള പരിശീലനത്തിൽ വിട്ടുവീഴ്ചയില്ല. എൻസിസി കെഡറ്റുകൾ ഉപയോഗിക്കുന്ന ഡിഎം ബൂട്ട് കാലിൽ അണിഞ്ഞു കൊണ്ടാണു കളരിയിലേക്ക് ഇറങ്ങുന്നത്.
ഇത്തരം ബൂട്ടിനു ഗ്രിപ് ഉള്ളതിനാൽ തെന്നി വീഴാൻ സാധ്യത കുറവ്. കൈക്കുഴയുടെയും കാൽക്കുഴയുടെയും പേശികളുടെയും ബലം കൂട്ടാൻ വ്യായാമ മുറകളുണ്ട്. ടീമുകളായി തിരിഞ്ഞു വടംവലി പരിശീലിക്കുന്നതിനു പുറമെ ടാർ വീപ്പയിൽ കല്ലുകൾ നിറച്ചു കപ്പിയിൽ ഉയർത്തിയും സംഘബലം പരീക്ഷിക്കും. ടി.എ. ഷാനവാസ്, പി.എച്ച്. മുഹമ്മദ് റഷീദ്, സോണി ജോസഫ് എന്നിവരാണു പരിശീലകർ. ടീം മാനേജർ ഷാൻ മുഹമ്മദ്, അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ് കൂടിയാണ്. 2014 മുതൽ ദേശീയ ചാംപ്യൻമാരാണു കേരളം.
നേട്ടം
പങ്കെടുക്കുന്ന കുട്ടികൾക്കു തുടർപഠനത്തിനു ബോണസ് പോയിന്റ് ലഭിക്കും. ഇതിലെ നേട്ടം എംബിബിഎസ് പ്രവേശനത്തിലേക്കു പോലും വഴി തുറന്നിട്ടിരിക്കുന്നു. വടംവലിച്ചു സർക്കാർ ജോലിയിലേക്ക് എത്തിയവരുമുണ്ട്.