ADVERTISEMENT

മൂവാറ്റുപുഴ∙ ബ്രഹ്മപുരം പുകയുമ്പോൾ വളക്കുഴിയിലെ ജനങ്ങളുടെ മനസ്സും പൊള്ളുകയാണ്. കഴിഞ്ഞ വർഷം ഇതേദിവസം 4 ഏക്കർ സ്ഥലത്ത് നിറഞ്ഞു കവിഞ്ഞു കിടക്കുന്ന മാലിന്യക്കൂമ്പാരത്തിൽ തീ പടർന്നപ്പോൾ 3 ദിവസമാണ് ഇവിടെയാകെ പുക പരന്നത്.  എപ്പോൾ വേണമെങ്കിലും തീ പടരുമെന്ന അവസ്ഥയാണ് ഇപ്പോഴും.

 നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രമാണ് വളക്കുഴിയിലുള്ളത്. ഹരിതകർമ സേന ശേഖരിക്കുന്ന മാലിന്യം മാത്രമാണ് പ്ലാസ്റ്റിക് വേർതിരിച്ച് ഇവിടെ തള്ളുന്നത്. എന്നാൽ നഗരസഭ നേരിട്ടു ശേഖരിക്കുന്ന മാലിന്യം പ്ലാസ്റ്റിക് വേർതിരിക്കാതെ ഇവിടെ കൊണ്ടുവന്നു തള്ളുകയാണ്.ഇത്തരത്തിലുള്ള മാലിന്യത്തിൽ തീ പടരുന്നത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

കോടികളാണ് എല്ലാ വർഷവും വിവിധ പദ്ധതികളുടെ പേരിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ചെലവഴിക്കുന്നതെങ്കിലും ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനം ഇവിടെയില്ല.മാലിന്യം വളമാക്കുന്നതിനുള്ള യന്ത്രങ്ങൾ വാങ്ങി നഗരസഭ കോടികൾ പാഴാക്കിയിരുന്നു. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനാകാതെ നശിച്ചതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്.

ഇതിനു ശേഷം ഇരുപതോളം പദ്ധതികൾ മാലിന്യ സംസ്കരണത്തിനായി ഇവിടെ നടപ്പാക്കിയിരുന്നു. പണം ചെലവഴിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല.ഇപ്പോൾ കുന്നംകുളം നഗരസഭ മാതൃകയിൽ വിൻഡ്രോ കംപോസ്റ്റിങ് രീതി നടപ്പാക്കുന്നതിന്റെ ഭാഗമായി 50 ലക്ഷം രൂപ ചെലവഴിച്ചുള്ള നിർമാണം ആരംഭിച്ചിട്ടുണ്ട്.

2 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും കഴിഞ്ഞ ഓഗസ്റ്റിൽ ആരംഭിച്ച ജോലികൾ ഇപ്പോൾ ഇഴഞ്ഞു നീങ്ങുകയാണ്.അശാസ്ത്രീയമായ മാലിന്യ സംസ്കരണ രീതിയും ഇടയ്ക്കിടെ ഉണ്ടാകുന്ന തീപിടിത്തവും വലിയ പ്രതിഷേധമാണ്  ഉയർത്തുന്നത്. ഇതിനു പരിഹാരമായി ജൈവമാലിന്യത്തിൽ നിന്നു വളം ഉൽപാദിപ്പിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

സംസ്കരണ കേന്ദ്രത്തിൽ തീ, അണച്ചു 

മൂവാറ്റുപുഴ∙നഗരസഭയുടെ വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഇന്നലെ വൈകിട്ട് ആറരയോടെ ചെറിയ തീപിടിത്തമുണ്ടായി.ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ അണച്ചു. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ചയും ഇവിടെ ജീവനക്കാർ ഉണ്ടായതിനാലാണു തീ പടരാതെ അണയ്ക്കാൻ കഴിഞ്ഞത്. ഇവിടെ അഗ്നിരക്ഷാ സേനയുടെ സഹകരണത്തോടെ അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ നഗരസഭ തീരുമാനിച്ചെങ്കിലും നടപടി ആരംഭിച്ചിട്ടില്ല.

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com