ആശുപത്രിയിൽ ബഹളം; പ്രതി അറസ്റ്റിൽ
Mail This Article
കൊച്ചി∙ എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർമാരെയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തയാൾ പിടിയിൽ. ആലപ്പുഴ സ്വദേശി അനിൽകുമാറിനെയാണു (33) സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ വാക്കുതർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ പരുക്കേറ്റ രണ്ടു പേരുമായാണു അനിൽ ആശുപത്രിയിലെത്തിയത്. ഇയാളും മദ്യലഹരിയിലായിരുന്നുവെന്നു സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. പരുക്കേറ്റവരിൽ ഒരാളുടെ മുറിവിൽ തുന്നൽ ഇടണം എന്നു ഡോക്ടർ പറഞ്ഞപ്പോഴാണു അനിൽ ബഹളം വയ്ക്കാൻ തുടങ്ങിയത്. തുന്നൽ ഇടേണ്ട കാര്യമില്ലെന്നും പഞ്ഞിയിൽ മരുന്നു വച്ചു വെറുതേ ഡ്രസ് ചെയ്തു വിട്ടാൽ മതിയെന്നും നിർബന്ധം പിടിച്ചു.
എന്നാൽ, ഇതിനു വഴങ്ങാതെ വന്നതോടെ ജീവനക്കാരെ അസഭ്യം പറഞ്ഞു. തുടർന്ന് എയ്ഡ്സ് പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാർ സ്ഥലത്തെത്തിയെങ്കിലും പ്രതി ഇവരെ പിടിച്ചു തള്ളുകയും അക്രമാസക്തനാകുകയും ചെയ്തു. ഇതോടെ സെൻട്രൽ സ്റ്റേഷനിൽ നിന്നു കൂടുതൽ പൊലീസ് എത്തി ഇയാളെ കീഴടക്കി. തുടർന്നു ശാന്തനാക്കാൻ വേണ്ടി മരുന്നു കുത്തിവച്ച ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധന നടത്തിയ ശേഷം പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.