ചിക്കൻപോക്സ്: വിജയാഹ്ലാദം ഫോൺ വിളികളിലൊതുക്കി ഡീനിന്റെ ഉറ്റവർ
Mail This Article
മൂവാറ്റുപുഴ∙ വൻ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിനിടയിലും അൽപം നിരാശയിലാണ് ഡീൻ കുര്യാക്കോസിന്റെ ഉറ്റവർ. ഡീനിന്റെ വിജയം പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഒപ്പം ആഘോഷിക്കാൻ കഴിയാത്തതിനാലാണ് ഇവർക്ക് വിഷമം. ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലാണ് ഡീനിന്റെ മാതാപിതാക്കളും ഭാര്യയും സഹോദരനും ഉൾപ്പെടെയുള്ളവർ.
പൈങ്ങോട്ടൂരിലെ തറവാട് വീട്ടിൽ ഇപ്പോൾ സഹോദരൻ ഷീൻ കുര്യാക്കോസ് മാത്രമേ ഉള്ളൂ. ചിക്കൻപോക്സ് ബാധിച്ചതിനാൽ അത് മറ്റാർക്കും പകരേണ്ട എന്നു കരുതി കരുതി വീട്ടിലേക്ക് ആരെയും പ്രവേശിപ്പിച്ചില്ല. ഡീൻ കുര്യാക്കോസിന്റെ അമ്മ റോസമ്മയെ രോഗം ബാധിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അച്ഛൻ കുര്യാക്കോസ് അമ്മയോടൊപ്പം ആശുപത്രിയിലാണ്. ചിക്കൻപോക്സ് രോഗ ബാധിതയായ ഭാര്യ ഡോ. നീത പോൾ മകൻ ഡാനിലോ ഡീനിനൊപ്പം തൊടുപുഴയിലെ വീട്ടിലാണ്.
തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഡീൻ കുര്യാക്കോസിനാണ് ആദ്യം ചിക്കൻപോക്സ് ബാധിച്ചത്. ഫലം പ്രഖ്യാപന ദിവസത്തിനു മുൻപ് രോഗ മോചിതനായതിനാൽ ഡീൻ ഇടുക്കിയിൽ പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിച്ചു. രാവിലെ മുതൽ ടെലിവിഷനു മുൻപിലായിരുന്നു ഭാര്യയും സഹോദരനും മാതാപിതാക്കളും എല്ലാം. തപാൽ വോട്ടെണ്ണിയപ്പോൾ മുതൽ മുന്നിട്ടു നിന്ന ഡീൻ കുര്യാക്കോസ് ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ വൻ ഭൂരിപക്ഷം നേടിയതോടെ വിജയം ഉറപ്പായിരുന്നു എന്നു സഹോദരൻ ഷീൻ കുര്യാക്കോസ് പറഞ്ഞു. ഡീനിന്റെ ഭാര്യ ഡോ. നീത ഫോണിലൂടെ ആഹ്ലാദം പങ്കിട്ടു.