കന്നി 20 പെരുന്നാളിന് ഇന്നു സമാപനം; ഗജവീരൻമാർ കബർ വണങ്ങും

Mail This Article
കോതമംഗലം∙ മാർ തോമാ ചെറിയപള്ളിയിൽ കന്നി 20 പെരുന്നാൾ പ്രദക്ഷിണത്തിനു മതമൈത്രിയുടെ പ്രതീകമായി പതിവു തെറ്റിക്കാതെ തൂക്കുവിളക്കേന്തി പുതീക്കൽ പി.എസ്. സുരേഷ്. പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവായെ കോഴിപ്പിള്ളി ചക്കാലക്കുടിയിൽ നിന്നു പള്ളിയിലേക്കു ചക്കാല നായർ വഴി കാട്ടിയതിന്റെ സ്മരണയ്ക്കായാണു പിൻമുറക്കാരൻ സുരേഷ് പ്രദക്ഷിണത്തിൽ വൈദികരുടെ മുൻപിൽ വിളക്കേന്തുന്നത്. മുൻഗാമികൾ തുടർന്നുവന്ന ആചാരം 20 വർഷമായി നടത്തുന്നതു സുരേഷാണ്. ഏലിയാസ് മാർ യൂലിയോസ് ആശീർവദിച്ചു.

വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹവികാരിമാരായ ഫാ. ജോസ് തച്ചേത്തുകുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിക്കൽ എന്നിവർ നേതൃത്വം നൽകി. പ്രധാന പെരുന്നാൾ ദിനമായ ഇന്നലെ ഡോ. ഏബ്രഹാം മാർ സേവേറിയോസ്, ഏലിയാസ് മാർ അത്തനാസിയോസ്, മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് എന്നിവർ കുർബാന അർപ്പിച്ചു. സമാപനദിനമായ ഇന്നു ഗജവീരൻമാർ പരിശുദ്ധ ബാവായുടെ കബർ വണങ്ങാനെത്തും. 8നു ഡോ. മാത്യൂസ് മാർ ഇവാനിയോസിന്റെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 9നു പാച്ചോർ നേർച്ച, 10.30നു ലേലം, 4നു കൊടിയിറക്ക്, 6.15നു സന്ധ്യാനമസ്കാരം.