കിഴക്കിന്റെ ആദ്യ അഞ്ചൽ ഓഫിസ് നവീകരിക്കുന്നു

Mail This Article
മൂവാറ്റുപുഴ∙ കിഴക്കൻ മേഖലയുടെ ആദ്യ അഞ്ചൽ ഓഫിസ് മുഖം മിനുക്കുന്നു. നൂറ്റാണ്ടു പഴക്കമുള്ള അഞ്ചൽ പെട്ടി ഉൾപ്പെടെ ഇപ്പോഴും പഴയ പ്രൗഢിയോടെ കാത്തു സൂക്ഷിക്കുന്ന ഹെഡ് പോസ്റ്റ് ഓഫിസിന്റെ നവീകരണ പ്രവർത്തനങ്ങൾക്കു 41 ലക്ഷം രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. സിവിൽ നിർമാണ പ്രവൃത്തികൾക്ക് 33 ലക്ഷം രൂപയും ഇലക്ട്രിക്കൽ വിഭാഗത്തിൽ 8 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി.
അറ്റകുറ്റപ്പണികൾ ഇല്ലാതെ ചോർന്നാെലിച്ചു തകരാറിലായ കെട്ടിടത്തിന്റെ ദുരവസ്ഥ വിശദീകരിച്ച് ഡീൻ കുര്യാക്കോസ് തപാൽ മന്ത്രാലയത്തിന് കത്ത് നൽകിയതിനെ തുടർന്നാണു തുക അനുവദിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ചോർച്ചകൾ തടയാനുള്ള നിർമാണ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. സിവിൽ വിഭാഗത്തിൽ ഉൾപ്പെടുത്തി നിലവിലുള്ള കെട്ടിടത്തിന്റെ ഓടുകൾ മാറ്റി മേൽക്കൂര നവീകരിക്കും.
പിന്നീട് ഇടിഞ്ഞു വീണ ഭാഗങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്തും. അടർന്നു വീഴാറായ കോൺക്രീറ്റ് ഭാഗങ്ങൾ നീക്കം ചെയ്തു പുതുക്കി പണിയും. ദ്രവിച്ച ജനലുകൾ മാറ്റി പുതിയവ സ്ഥാപിക്കും. ശുചിമുറികളും ഇതോടൊപ്പം നവീകരിക്കും. മൂന്നാം ഘട്ടമായി പെയ്ന്റിങ് ജോലികൾക്കും തുക വകയിരുത്തിയിട്ടുണ്ട്. കെട്ടിടത്തിൽ ലൈറ്റുകളും ഫാനുകളും മാറ്റി പുതിയവ സ്ഥാപിക്കും.