ഏഴടി ഉയരത്തിൽ ഗുരുദേവവിഗ്രഹം
Mail This Article
വിഗ്രഹ നിർമാണത്തിന് ഉപയോഗിച്ചത് 2 ദിവസം നീണ്ട പഞ്ചലോഹവിഗ്രഹ സമാഹരണ യജ്ഞത്തിലൂടെ ലഭിച്ച 1968 കിലോ ഓട്, 195 കിലോ ചെമ്പ്, 464 ഗ്രാം സ്വർണം, 7 കിലോ വെള്ളി എന്നിവ.
നെടുങ്കണ്ടം ∙ ശ്രീനാരായണ ഗുരുദേവന്റെ ഏറ്റവും വലിയ പഞ്ചലോഹ വിഗ്രഹം നെടുങ്കണ്ടം കല്ലാറ്റിലെ എസ്എൻഡിപി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ ആസ്ഥാനമന്ദിരത്തിനു സമീപം സ്ഥാപിച്ചു. കുമളി–മൂന്നാർ സംസ്ഥാനപാതയോടു ചേർന്നാണു പഞ്ചലോഹ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ഏഴടി ഉയരത്തിൽ സ്ഥാപിച്ച ഗുരുദേവവിഗ്രഹം ലോകത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും വലുതാണെന്ന് എസ്എൻഡിപി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ ഭാരവാഹികൾ പറഞ്ഞു. 1600 കിലോഗ്രാമാണു പഞ്ചലോഹ വിഗ്രഹത്തിന്റെ തൂക്കം. ഏഴു മാസമെടുത്തു ശിൽപി രാജു തൃക്കാക്കരയുടെ നേതൃത്വത്തിലാണു പഞ്ചലോഹ വിഗ്രഹം നിർമിച്ചത്.
2 ദിവസം നീണ്ട പഞ്ചലോഹവിഗ്രഹ സമാഹരണ യജ്ഞത്തിലൂടെ ലഭിച്ച 1968 കിലോ ഓട്, 195 കിലോ ചെമ്പ്, 464 ഗ്രാം സ്വർണം, 7 കിലോ വെള്ളി എന്നിവ നിർമാണത്തിന് ഉപയോഗിച്ചു. പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയും കലശപൂജയും ഇന്നലെ രാവിലെ ഏഴിനു ഗണപതി ഹോമത്തോടെ ആരംഭിച്ചു. ചടങ്ങുകൾക്കു യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, സെക്രട്ടറി സുധാകരൻ ആടിപ്ലക്കൽ, വൈസ് പ്രസിഡന്റ് കല്ലാർ രമേശ്, ബോർഡ് അംഗം കെ.എൻ.തങ്കപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി. ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രകാശത്തിന്റെ സാന്നിധ്യത്തിൽ നെടുങ്കണ്ടം ഉമാമഹേശ്വര ഗുരുദേവ ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തി കാർമികത്വം വഹിച്ചു.