മലപ്പുലയ ആട്ടം ദേശീയ ശ്രദ്ധയിൽ; ട്രൈബൽ ഡാൻസ് ഫെസ്റ്റിൽ മലപ്പുലയ ആട്ടത്തിന് അംഗീകാരം

Mail This Article
മറയൂർ∙ മറയൂർ കാടുകളിലെ മലപ്പുലയ വിഭാഗത്തിന്റെ പരമ്പരാഗത നൃത്തരൂപമായ മലപ്പുലയ ആട്ടം ദേശീയ ശ്രദ്ധയിൽ. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നടന്ന ട്രൈബൽ ഡാൻസ് ഫെസ്റ്റിൽ മറയൂരിലെ കുമ്മിട്ടാംകുഴിയിൽ നിന്നുള്ള സംഘം അവതരിപ്പിച്ച മലപ്പുലയ ആട്ടം മികച്ച ടീം പെർഫോമൻസിനുള്ള പുരസ്കാരം നേടി. കിർത്താഡ്സിന്റെ നേതൃത്വത്തിലാണ് ഇവർ പരിപാടിയിൽ പങ്കെടുത്തത്. 19 സംസ്ഥാനങ്ങളിൽ നിന്നുള്ള ആദിവാസി നൃത്തരൂപങ്ങൾ ഫെസ്റ്റിൽ അരങ്ങേറി.
സ്ത്രീകളും പുരുഷന്മാരും ഒത്തുചേർന്നു ചുവടുവയ്ക്കുന്ന മലപ്പുലയ ആട്ടത്തിനു വായ്പാട്ടിന്റെ പിന്തുണയില്ല. ആദിവാസി വാദ്യോപകരണങ്ങളായ ചിക്ക് വാദ്യം, കിടിമിട്ടി, കുഴൽ, കട്ടവാദ്യം ഉറുമി തുടങ്ങിയവയാണ് താളത്തിനായി ഉപയോഗിക്കുന്നത്. ദ്രാവിഡ സംഗീതത്തിന്റെ വശ്യതയിലും ചടുലതയിലും വേഗം കൈവരിക്കുന്ന ആട്ടം ഒരു നൃത്തവിസ്മയമാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വേദിയിലെത്തി അഭിനന്ദിച്ചതായി സംഘാംഗങ്ങൾ പറഞ്ഞു.