കല്ലാറിൽ 20 കുട്ടികൾക്ക് തക്കാളിപ്പനി
Mail This Article
നെടുങ്കണ്ടം ∙ നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിൽ തക്കാളിപ്പനി വ്യാപകം. കല്ലാർ ഗവ.എൽപി സ്കൂളിലെ 20 കുട്ടികൾക്കു തക്കാളിപ്പനി സ്ഥിരീകരിച്ചു. സ്കൂളിലെ 3 ഡിവിഷനുകളുടെ പ്രവർത്തനം 3 ദിവസത്തേക്കു നിർത്തിവയ്ക്കാൻ ആരോഗ്യ വകുപ്പ് പ്രധാനാധ്യാപികയ്ക്കു നിർദേശം നൽകി.
സ്കൂളിലെ എൽകെജി, യുകെജി വിഭാഗത്തിലെ ചില ക്ലാസുകളിലെ കുട്ടികൾക്കു പനിയും ശരീരത്തിൽ ചൊറിച്ചിലും അനുഭവപ്പെടുന്നതായി പ്രധാനാധ്യാപിക കല്ലാർ പട്ടംകോളനി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകരുടെ സംഘം സ്കൂളിലെത്തി കുട്ടികളെ പരിശോധിച്ചു.
എൽകെജി വിഭാഗത്തിലെ 14 കുട്ടികൾക്കും, യുകെജി വിഭാഗത്തിലെ 6 കുട്ടികൾക്കും തക്കാളിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. കുട്ടികളെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു മരുന്നു നൽകി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നു മെഡിക്കൽ ഓഫിസർ വി.കെ.പ്രശാന്ത് അറിയിച്ചു.
തക്കളിപ്പനി ജാഗ്രത വേണം
തൊടുപുഴ ∙ ചൂടു കൂടിയതോടെ കുട്ടികളിൽ കയ്യിലും വായിലും ചെറിയ കുരുക്കൾ പോലെ തടിച്ചു പൊങ്ങുന്ന ‘തക്കാളിപ്പനി’ വ്യാപകമായി തുടങ്ങിയിട്ടുണ്ട്. ‘ഹാൻഡ്, ഫൂട്ട്, മൗത്ത് ഡിസീസ്’ എന്ന ഈ പനിയുടെ കാരണം കോക്സാക്കി വൈറസുകളാണ്.
വളരെ വേഗത്തിൽ പടരും. കണ്ടാൽ പേടി തോന്നാമെങ്കിലും താരതമ്യേന ഗൗരവം കുറഞ്ഞ രോഗമാണിത്. ഡേ കെയർ സെന്ററുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ഒരു കുട്ടിക്കു പനി പിടിപെട്ടാൽ വേഗം മറ്റു കുട്ടികളിലേക്കും പടരാമെന്നതിനാൽ ജാഗ്രത പുലർത്തണം.
പടരുന്നത് എങ്ങനെ?
രോഗബാധിതരായ കുട്ടികളുമായി നേരിട്ട് ഇടപഴകുമ്പോഴാണു തക്കാളിപ്പനി പകരുന്നത്. ചെറിയ കുട്ടികൾ കൈകൾ വായിലും മറ്റും ഇടുമല്ലോ. അപ്പോൾ അവരുടെ ഉമിനീരിലൂടെ രോഗാണുക്കൾ പുറത്തെത്തുകയും മറ്റുള്ളവരിലേക്കു പകരാൻ ഇടയാക്കുകയും ചെയ്യുന്നു. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ രോഗാണുക്കൾ പുറത്തെത്തി വായുവിലൂടെയും തൊട്ടടുത്തുള്ള ആളുകളിലേക്ക് എത്താം.
രോഗാണുക്കൾ ശരീരത്തിലെത്തിയാൽ 3–6 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. ചെറിയ പനി, തൊണ്ടവേദന എന്നിവയായിരിക്കും ലക്ഷണം. 2 ദിവസങ്ങൾക്കു ശേഷം വായിൽ വേദനയോടു കൂടിയ ചെറിയ കുരുക്കൾ രൂപപ്പെടും. അതിനു ശേഷം കയ്യിലോ കാലിലോ കുരുക്കൾ കാണാം. വായിൽ കുരുക്കൾ കൂടുതലാണെങ്കിൽ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടാകും.
സാധാരണ 10 ദിവസത്തിനുള്ളിൽ മാറും. പനി, വേദന തുടങ്ങിയ ലക്ഷണങ്ങൾക്കുള്ള ചികിത്സ മാത്രമാണു വേണ്ടി വരിക. വായിലെ കുരുക്കൾ കാരണം ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ കുട്ടികളിൽ നിർജലീകരണത്തിനു സാധ്യതയുണ്ട്. അതുകൊണ്ടു വെള്ളം ധാരാളമടങ്ങിയ ഭക്ഷണം നൽകണം. സാധാരണഗതിയിൽ രോഗം ഗുരുതരമാകാറില്ല.
പ്രതിരോധം എങ്ങനെ?
കുട്ടികളെ വ്യക്തിശുചിത്വം പരിശീലിപ്പിക്കണം.
ശുചിമുറി ഉപയോഗിച്ച ശേഷം കൈ കഴുകാൻ പഠിപ്പിക്കണം.
പൊതുസ്ഥലങ്ങളിലെ ഇടപഴകലിനു ശേഷം കൈകാലുകൾ വൃത്തിയാക്കണം.
മറ്റുള്ളവരുടെ കളിപ്പാട്ടങ്ങൾ വൃത്തിയാക്കി ഉപയോഗിക്കണം.
പനി ബാധിച്ചവർ രോഗം മാറുന്നതു വരെ മറ്റു കുട്ടികളുമായി ഇടപഴകരുത്.
(വിവരങ്ങൾ: ജില്ലാ ആരോഗ്യവകുപ്പ്)