കുഴിത്തൊളുവിൽ ഒരാൾക്കുകൂടി കുഷ്ഠരോഗമെന്നു സംശയം
Mail This Article
നെടുങ്കണ്ടം∙ കരുണാപുരം പഞ്ചായത്തിലെ കുഴിത്തൊളുവിൽ ജാർഖണ്ഡ് സ്വദേശിനിക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മറ്റൊരു ജാർഖണ്ഡ് സ്വദേശിനിക്കും കുഷ്ഠരോഗമെന്ന സംശയത്തിൽ ആരോഗ്യവകുപ്പ്. കുഴിത്തൊളുവിലെ 12 -ാം വാർഡിൽ ജോലി ചെയ്തുവരുന്ന സ്ത്രീക്കാണ് ആദ്യം കുഷ്ഠരോഗം സ്ഥിരീകരിച്ചത്. 2 കുട്ടികൾ ഉൾപ്പെടെ 8 പേരാണ് ഇവർക്കൊപ്പം താമസിക്കുന്നത്. 3 മാസം മുൻപ് ചികിത്സ തേടിയെങ്കിലും രോഗം എന്താണെന്ന് വ്യക്തമായിരുന്നില്ല. തുടർന്ന് കഴിഞ്ഞദിവസം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ച ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ഇവിടെ നടത്തിയ പരിശോധനയിലാണ് കുഷ്ഠരോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ അടിയന്തര നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ നടത്തിയ സർവേയിൽ രോഗ സാധ്യതയുള്ള ഒരു സ്ത്രീയെക്കൂടി കണ്ടെത്തി. ഇവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും കണ്ടെത്തി ഇവരെ പരിശോധനകൾക്ക് വിധേയരാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. വ്യാഴാഴ്ചയോടെ ഈ നടപടികൾ പൂർത്തിയാക്കുമെന്നും രോഗം ബാധിച്ചവർക്ക് ആവശ്യമായ മരുന്നുകൾ നൽകുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.