അതിഥി തൊഴിലാളികൾക്കിടയിൽ വീണ്ടും കുഷ്ഠരോഗം സ്ഥിരീകരിച്ചു
Mail This Article
നെടുങ്കണ്ടം ∙ കേരള– തമിഴ്നാട് അതിർത്തി മേഖലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ വീണ്ടും കുഷ്ഠരോഗം റിപ്പോർട്ട് ചെയ്തു. മുണ്ടിയെരുമ പട്ടം കോളനി കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിയ അതിഥി തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ബിഹാർ സ്വദേശിയാണ് ഇയാൾ. അതിഥി തൊഴിലാളികൾക്കിടയിൽ കുഷ്ഠരോഗം, മന്ത്, ഡെങ്കിപ്പനി എന്നിവ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രദേശത്ത് പരിശോധന തുടങ്ങി. മേഖലയിൽ ക്യാംപ് ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവരശേഖരണവും ആരംഭിച്ചു. കഴിഞ്ഞദിവസം കരുണാപുരം കുടുംബാരോഗ്യ കേന്ദ്രത്തിലും കുഷ്ഠരോഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നു മുതൽ മേഖലയിൽ അടിയന്തര മെഡിക്കൽ ക്യാംപുകൾ നടത്തുവാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
കഴിഞ്ഞദിവസമാണ് രോഗലക്ഷണങ്ങളോടു കൂടി അതിഥി തൊഴിലാളി മുണ്ടിയെരുമയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. സംശയം തോന്നിയ മെഡിക്കൽ ഓഫിസർ വിശദ പരിശോധനയ്ക്കായി അയയ്ക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തോട് അടുത്തിടപഴകിയിരുന്ന ആളുകളെ നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം കുഴിത്തൊളുവിലും അതിഥി തൊഴിലാളിക്ക് രോഗം പിടിപെട്ടിരുന്നു. ഇവർ ഇപ്പോൾ ചികിത്സയിലാണ്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
മറ്റൊരു അതിഥി തൊഴിലാളിക്ക് രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ കൂടുതൽ പരിശോധനയ്ക്കും ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചിരുന്നു. അടിയന്തരമായി പ്രത്യേക മെഡിക്കൽ ക്യാംപുകൾ മേഖലയിൽ നടത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10ന് കമ്പംമെട്ടിൽ ആദ്യ മെഡിക്കൽ ക്യാംപ് നടക്കും. അതിഥി തൊഴിലാളികളുടെ കണക്കെടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചിരുന്നെങ്കിലും ഇനിയും കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന അറിയിപ്പ്.