ആനയിറങ്കൽ അപകടം: നാടിനെ അഗാധ ദുഖത്തിലാഴ്ത്തി പ്രിയസുഹൃത്തുക്കളുടെ വിയോഗം

Mail This Article
രാജകുമാരി∙ ആനയിറങ്കൽ ജലാശയത്തിൽ മുങ്ങി മരിച്ച രാജകുമാരി പഞ്ചായത്ത് ആറാം വാർഡംഗം ജെയ്സന്റെ(45)യും സുഹൃത്ത് ബിജു(52)വിന്റെയും വിയോഗം നാടിനെയാകെ സങ്കടത്തിലാക്കി. വിശാലമായ സൗഹൃദ വലയത്തിന്റെ ഉടമയായിരുന്നു പാെതുപ്രവർത്തകനായ ജെയ്സൺ. തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യമത്സരത്തിൽ തന്നെ വലിയ ഭൂരിപക്ഷത്തിനാണു കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചത്. ജെയ്സന്റെ പിതാവ് വർഗീസ് മഞ്ഞക്കുഴിയിലെ ആദ്യകാല കുടിയേറ്റ കർഷകനാണ്. മികച്ച കർഷകനും പാെതുപ്രവർത്തകനുമായ പിതാവിന്റെ പാത പിന്തുടർന്ന ജെയ്സൺ പഞ്ചായത്തിലെ മികച്ച സമ്മിശ്ര കർഷകനും ഹോട്ടൽ സംരംഭകനുമായിരുന്നു.

രാജകുമാരി പഞ്ചായത്തിലെ ഏക ഗോത്രവർഗ കോളനിയായ മഞ്ഞക്കുഴികുടി ഉൾപ്പെടുന്ന ആറാം വാർഡ് പ്രതിനിധിയായ ജെയ്സൺ കുടിയിലുള്ളവരുടെ എന്താവശ്യങ്ങൾക്കും രാപകൽ വ്യത്യാസമില്ലാതെ ഓടിയെത്തിയിരുന്നെന്നു നാട്ടുകാർ പറയുന്നു. മത്സ്യ കൃഷിയിലും മികവ് തെളിയിച്ചയാളാണ് ജെയ്സൺ. ഭാര്യ ഐബി, പ്ലസ് വൺ വിദ്യാർഥിയായ മകൻ അജൽ, ഏഴാം ക്ലാസ് വിദ്യാർഥിയായ മകൾ ഏഞ്ചൽ എന്നിവർക്കും മറ്റ് ബന്ധുക്കൾക്കും ജെയ്സന്റെ മരണം താങ്ങാവുന്നതിലും അധികമായിരുന്നു. മൂത്ത മകൾ കൃഷ്ണയുടെ വിവാഹ നിശ്ചയം അടുത്ത 2ന് നടത്താനിരിക്കെയാണ് മഞ്ഞക്കുഴി നടുക്കുടിയിൽ(മോളോക്കുടിയിൽ) ബിജു മുങ്ങി മരിച്ചത്. ഉറ്റ സുഹൃത്തുക്കളായിരുന്നു ജെയ്സണും ബിജുവും. 2 പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ബിജു.
പഞ്ചായത്ത് അംഗവും സുഹൃത്തും മുങ്ങിമരിച്ചു
രാജകുമാരി ∙ പഞ്ചായത്തംഗവും സുഹൃത്തും ആനയിറങ്കൽ ജലാശയത്തിൽ മുങ്ങിമരിച്ചു. ഇടുക്കി രാജകുമാരി പഞ്ചായത്ത് ആറാം വാർഡ് അംഗം മഞ്ഞക്കുഴി തച്ചമറ്റത്തിൽ ജയ്സൺ (45), സുഹൃത്ത് നടുക്കുടിയിൽ (മോളോക്കുടിയിൽ) ബിജു (52) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് ജയ്സനും ബിജുവും ഉൾപ്പെടുന്ന നാലംഗസംഘം ജലാശയത്തിലെത്തിയത്. ഡാമിനു സമീപം കുളിക്കാനിറങ്ങിയ സംഘത്തെ സുരക്ഷാ ജീവനക്കാർ പിന്തിരിപ്പിച്ചു മടക്കിവിട്ടു. രണ്ടുപേർ മടങ്ങിയെങ്കിലും ജയ്സനും ബിജുവും വീണ്ടും ഡാമിന്റെ എതിർഭാഗത്തെത്തി. ഇവിടെ കുളിക്കാൻ ശ്രമിക്കുമ്പോൾ വെള്ളത്തിൽ വീണ ബിജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജയ്സനും അപകടത്തിൽപെട്ടെന്നാണ് നിഗമനം.
ആനയിറങ്കലിനു സമീപം ജയ്സന്റെ വാഹനം കിടക്കുന്നതു കണ്ട നാട്ടുകാരാണു ഡാം ജീവനക്കാരെ വിവരമറിയിച്ചത്. അന്വേഷണത്തിൽ ബിജുവിന്റെ വസ്ത്രങ്ങളും ഇരുവരുടെയും ഫോണുകളും കരയിൽ കണ്ടെത്തി. ശാന്തൻപാറ പാെലീസും മൂന്നാർ അഗ്നിരക്ഷാസേനയും നാട്ടുകാരുടെ സഹായത്തോടെ പരിശോധന നടത്തി. ഇന്നലെ ഉച്ചയ്ക്കു 2നു ജയ്സന്റെ മൃതദേഹം കണ്ടെത്തി. താെടുപുഴ, കോതമംഗലം എന്നിവിടങ്ങളിൽനിന്നു സ്കൂബ സംഘമെത്തി മൂന്നരയോടെ ബിജുവിന്റെ മൃതദേഹവും കണ്ടെത്തി. മാർച്ച് 2നു മകൾ കൃഷ്ണയുടെ വിവാഹനിശ്ചയം നടത്താൻ തീരുമാനിച്ചിരിക്കെയാണ് ബിജുവിന്റെ വേർപാട്.
ജയ്സന്റെ ഭാര്യ: ഐബി. മക്കൾ: അജൽ (പ്ലസ്‌വൺ, രാജകുമാരി ഗവ. എച്ച്എസ്എസ്), എയ്ഞ്ചൽ (7–ാം ക്ലാസ്, കുരുവിളസിറ്റി സെന്റ് ജോർജ് സ്കൂൾ). ബിജുവിന്റെ ഭാര്യ: സുമത. മക്കൾ: കൃഷ്ണ, കാർത്തിക.
ആനയിറങ്കലിലെ അപകടക്കയങ്ങൾ
കാെടുംവേനലിലും ജലസമൃദ്ധമായ ആനയിറങ്കൽ ജലാശയം ആരെയും ആകർഷിക്കും. എന്നാൽ കുളിക്കാനിറങ്ങുന്നവർക്ക് അപകടക്കെണിയാെരുക്കുന്ന കയങ്ങളാണ് ആനയിറങ്കൽ ജലാശയത്തിന്റെ പ്രത്യേകത. പുറമേ നിന്ന് ശാന്തമെന്ന് തോന്നുമെങ്കിലും ജലാശയത്തിന്റെ അടിയാെഴുക്കുകൾ തിരിച്ചറിയാൻ പ്രദേശവാസികൾക്കു പോലും കഴിയില്ല. കയങ്ങളിലെ സാന്ദ്രതയും തണുപ്പും കൂടുതലുള്ള വെള്ളം കാരണം നീന്തൽ വിദഗ്ധർക്ക് പോലും ആനയിറങ്കലിൽ അകപ്പെട്ടാൽ രക്ഷപ്പെടുക പ്രയാസം. എല്ലാ വർഷവും വേനൽക്കാലത്ത് ആനയിറങ്കലിൽ മുങ്ങി മരണങ്ങൾ പതിവാണ്. 2021 ജൂലൈ 17ന് ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയ കർണാടക സ്വദേശികളായ ഡോ.ആശിഷ്(48), ഗോകുൽ(33) എന്നിവർ മുങ്ങി മരിച്ചു. 2023 നവംബർ 12നാണ് 301 കോളനി സ്വദേശികളായ ഗോപിനാഥൻ(50), സജീവൻ(45) എന്നിവർ വള്ളം മറിഞ്ഞ് ആനയിറങ്കലിൽ മുങ്ങി മരിച്ചത്. ഒരു വർഷം മുൻപാണു എൺപതേക്കർ സ്വദേശിയായ തങ്കരാജ്(71) അബദ്ധത്തിൽ ആനയിറങ്കൽ ജലാശയത്തിൽ വീണ് മുങ്ങി മരിച്ചത്.