വെള്ളം കണ്ടു ഭ്രമിക്കരുത്; വേദനയുടെ ആഴങ്ങളിൽ ഈ ജീവിതങ്ങൾ

Mail This Article
രാജകുമാരി∙ ജില്ലയിൽ ഒരു വർഷം ശരാശരി നാൽപതിലധികം പേരാണ് വെള്ളത്തിൽ മുങ്ങി മരിക്കുന്നത്. ബക്കറ്റിലെ വെള്ളത്തിൽ വീണ് കുട്ടികൾ മരിച്ച സംഭവങ്ങൾ കൂടാതെ പടുതാക്കുളങ്ങൾ, പുഴകൾ, ഡാമുകൾ എന്നിവയിലും മുങ്ങിമരണങ്ങളുണ്ടാകാറുണ്ട്. ജില്ലയിൽ ഇൗ വർഷം ഇതുവരെ 3 പേർ മുങ്ങി മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാജകുമാരി പഞ്ചായത്തംഗം ജെയ്സൺ വർഗീസ്(45) സുഹൃത്ത് മോളോക്കുടിയിൽ ബിജു(51) എന്നിവർ ആനയിറങ്കൽ ജലാശയത്തിൽ മുങ്ങി മരിച്ചതാണ് അപകടങ്ങളിൽ അവസാനത്തേത്.
ഒരാഴ്ച മുൻപ് കുഞ്ചിത്തണ്ണിയിൽ മുതിരപ്പുഴയാറിൽ കുളിക്കാനിറങ്ങിയ കാെരങ്ങാട്ടി സ്വദേശി രാജേന്ദ്രൻ(42) മുങ്ങി മരിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 21നാണ് മുട്ടത്ത് 2 എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങി മരിച്ചത്. അബദ്ധത്തിൽ വെള്ളത്തിൽ വീഴുന്നതോടാെപ്പം അശ്രദ്ധയും പല മരണങ്ങൾക്കും കാരണമാണ്. വിനോദ സഞ്ചാരികൾ മുങ്ങി മരിച്ച ഒട്ടേറെ അപകടങ്ങളാണ് ജില്ലയിലുണ്ടായിട്ടുള്ളത്. ഡ്രൈവർമാരും റിസോർട്ട് അധികൃതരുമാെക്കെ മുന്നറിയിപ്പോ, മുൻകരുതലോ ഇല്ലാതെ സഞ്ചാരികളെ പുഴയിലും ജലാശയങ്ങളിലും കുളിക്കാൻ വിടുന്നതാണ് പല അപകടങ്ങൾക്കും കാരണം.
സ്ഥലപരിചയം പ്രധാനം
അവധിക്കാലത്ത് ബന്ധുവീടുകളിലെത്തുന്നവർ മുങ്ങിമരിച്ച ഒട്ടേറെ സംഭവങ്ങളുണ്ട്. സ്ഥലപരിചയമില്ലാത്തവർ അമിത ആത്മവിശ്വാസത്തോടെ ജലാശയങ്ങളിലിറങ്ങുന്നതും അപകടം വിളിച്ചുവരുത്തും. നന്നായി നീന്തലറിയാവുന്നവരും ചിലപ്പോൾ മുങ്ങി മരിക്കാറുണ്ട്. അടിയാെഴുക്കേറിയ കയങ്ങൾ, ചുഴി, പാറക്കെട്ടുകളിലെ വഴുക്കൽ എന്നിവ അപകടമുണ്ടാക്കും. നീന്തൽ അറിയില്ലെങ്കിലും കൂടെയുള്ളവർക്ക് അറിയാമല്ലോ എന്ന ആത്മവിശ്വാസത്തിൽ വെള്ളത്തിലിറങ്ങരുത്. നീന്തലറിയാവുന്നവരെ കൂടി അത് അപകടത്തിലാക്കും.
തണുപ്പും സാന്ദ്രതയും കൂടുതലുള്ള ജലാശയങ്ങളിൽ അകപ്പെട്ടാൽ നീന്തൽ വിദഗ്ധർക്ക് പോലും രക്ഷപ്പെടാൻ പ്രയാസമാണ്. പല പുഴകളും പുറമേ നിന്നു കാണുമ്പോൾ ആഴം കുറഞ്ഞു ശാന്തമായി ഒഴുകുന്നവയായിരിക്കും. പക്ഷേ, മണലൂറ്റൽ മൂലം രൂപപ്പെട്ട കുഴികൾ അപകട ഭീഷണിയാണ്. ലഹരി ഉപയോഗിച്ചതിന് ശേഷം വെള്ളത്തിൽ ഇറങ്ങുമ്പോൾ മരണവും കൂടെ മുങ്ങാങ്കുഴിയിടുന്നുണ്ടെന്ന് ഓർക്കുക. സുഹൃത്തുക്കളുടെ മുൻപിൽ ധീരത കാട്ടാനുള്ള ശ്രമം അപകടത്തിലാക്കും.
സ്കൂബാ ടീമില്ല
ജില്ലയിൽ അഗ്നിരക്ഷാ സേനയ്ക്ക് താെടുപുഴയിൽ മാത്രമാണ് സർവസജ്ജമായ സ്കൂബാ ടീമുള്ളത്. സ്കൂബാ വാൻ, ഡിങ്കി ബോട്ട്, പരിശീലനം ലഭിച്ച സ്കൂബാ ടീം, സ്കൂബ സെറ്റുകൾ എന്നിവയടക്കമുള്ള സൗകര്യം താെടുപുഴയിൽ മാത്രമാണുള്ളത്. ഇടുക്കി, പീരുമേട്, കട്ടപ്പന സ്റ്റേഷനുകളിൽ ഡിങ്കി ബോട്ടുകളുണ്ടെങ്കിലും പരിശീലനം ലഭിച്ച ഡൈവർമാർ കുറവാണ്. അതിനാൽ ഹൈറേഞ്ചിൽ എവിടെയെങ്കിലും അത്യാഹിതം സംഭവിച്ചാൽ താെടുപുഴയിൽ നിന്നോ കോതമംഗലത്തു നിന്നോ സ്കൂബാ ടീമെത്തിയിട്ടു വേണം രക്ഷാപ്രവർത്തനം നടത്താൻ. കഴിഞ്ഞ ദിവസം ആനയിറങ്കലിൽ 2 പേർ അപകടത്തിൽ പെട്ടപ്പോൾ ഇൗ രണ്ട് സ്റ്റേഷനുകളിൽ നിന്നാണ് സ്കൂബാ ടീമുകൾ എത്തിയത്.
ജെയ്സന്റെ സംസ്കാരം ഇന്ന്
കഴിഞ്ഞ ദിവസം ആനയിറങ്കൽ ജലാശയത്തിൽ മുങ്ങി മരിച്ച രാജകുമാരി പഞ്ചായത്തംഗം ജെയ്സൺ വർഗീസിന്റെ സംസ്കാരം ഇന്ന് 12ന് രാജകുമാരി ഗലീലാക്കുന്ന് സെന്റ് ജോൺസ് പള്ളിയിൽ നടക്കും. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ജെയ്സന്റെ മൃതദേഹം ഇന്നലെ വൈകുന്നേരം രാജകുമാരി പഞ്ചായത്ത് ഓഫിസിൽ പാെതുദർശനത്തിനു വച്ചു. വൻജനാവലിയാണ് ആദരാഞ്ജലിയർപ്പിക്കാനെത്തിയത്. ജെയ്സനൊപ്പം ആനയിറങ്കൽ ജലാശയത്തിൽ മുങ്ങി മരിച്ച ബിജുവിന്റെ സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടന്നു.